കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ‘എല്ലാരും കൃഷിയിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി, ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍, കേരള കാര്‍ഷിക സര്‍വകലാശാല, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഈ മാസം 13,14 (ഏപ്രില്‍ 13,14) തീയതികളില്‍ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൌണ്ടില്‍ വച്ച് ‘കാര്‍ഷിക സംരംഭകത്വ മേള’ നടത്തുന്നു. എല്ലാവരേയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ സംരംഭകത്വം പ്രേത്സാഹിപ്പിക്കുന്നതിനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഈ മേളയില്‍, കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല, ഡയറി സയന്‍സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടേയും കുടുംബശ്രി, സഹകരണ സംഘങ്ങള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നീ പ്രസ്ഥാനങ്ങളുടേയും കാര്‍ഷിക മേഖലയില്‍ വിജയം കൈവരിച്ച സംരംഭകരുടേയും പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഒപ്പം തന്നെ കാര്‍ഷിക മേഖലയില്‍ ആരംഭിക്കാവുന്ന വിവിധ സംരംഭങ്ങള്‍, ലഭ്യമായ വായ്പ ധനസഹായങ്ങള്‍, ആവശ്യമായ ലൈസന്‍സുകള്‍ എന്നിവയെ കുറിച്ച് അറിവ് പകരുന്ന സെമിനാറുകളും സംഘടിപ്പിക്കുന്നു. മേളയോടനുബന്ധിച്ച് പാചക മത്സരം, വിവിധ കാര്‍ഷിക മത്സരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ചിത്ര രചനാ മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.






Leave a Reply