Saturday, 2nd December 2023
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരള കാർഷിക സർവകലാശാല , പച്ചക്കറിയിൽ അപൂർവ്വമായ സങ്കര വിത്തുകൾ പുറത്തിറക്കി കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ നേടുകയാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള  വെള്ളാനിക്കരയിലെ
പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ, നൂതന രീതികൾ ഉപയോഗിച്ച് കൊണ്ട് കുറഞ്ഞ ചിലവിൽ ഉഷ്ണ മേഖല പച്ചക്കറി വർഗ വിളകളിൽ  സങ്കരയിന വിത്തുകൾ ഉണ്ടാക്കിയിട്ടുണ്ട്. കക്കരി അഥവാ സാലഡ് കുക്കുമ്പറിൽ, മഴമറയ്ക്കും പുറത്തും കൃഷി ചെയ്യാൻ യോജിച്ച ഹീര, ശുഭ്ര എന്നീ സങ്കര ഇനങ്ങൾ പെൺ ചെടികളെ ഉപയോഗിച്ച് കൊണ്ട്  ഇവിടെ നിന്നും ഉരുത്തിരിയിച്ചിട്ടുണ്ട് . ഇപ്രകാരം പെൺ ചെടികളെ ഉപയോഗിക്കുമ്പോൾ തുറസ്സായ സ്ഥലത്തു   പരിസ്ഥിതി സൗഹൃദമായ രീതിയിൽ   തേനിച്ചകളെ ഉപയോഗിച്ചുള്ള
പരാഗണം വഴി വിത്തുണ്ടാക്കാൻ സാധിക്കും. ഗൈനീഷ്യസ്സ് ടെക്നോളജി എന്ന പേരിൽ അറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ വളരെ കുറച്ച് സ്ഥാപനങ്ങൾ മാത്രമേ പ്രാവർത്തികം ആക്കിയിട്ടുള്ളു. ഇപ്രകാരം ഉണ്ടാക്കുന്ന സങ്കര വിത്തിൽ ധാരാളം പെൺ പൂക്കൾ ഉണ്ടാകുന്നത് കൊണ്ട് കനത്ത വിളവ് ലഭിക്കും.ഇത് കൂടാതെ പോളിഹൗസിനു യോജിച്ച  പാർത്തിനോ നോകാർപിക് എന്ന വിഭാഗത്തിൽ പെടുന്ന പ്രത്യേക കക്കരി
ഇനവും  വെള്ളാനിക്കരയിൽ നിന്നും പുറത്തിറക്കിയിട്ടുണ്ട്.കെ.പി. സി.എച്ച് -1 എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള ഈ ഇനം ദേശീയ അടിസ്ഥാനത്തിൽ സെൻട്രൽ സീഡ്സ്  സബ്  കമ്മിറ്റി നോട്ടിഫൈ ചെയ്ത പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള  ഈ വിഭാഗത്തിൽ പെട്ട ആദ്യത്തെ  സങ്കര ഇനമാണ്.പോളിഹൗസിൽ പ്രത്യേക
സങ്കര ഇനങ്ങൾ തന്നെ ആവിശ്യമാണ്.സ്വയം കായുണ്ടാകുന്ന ഇനങ്ങളാണ് പരാഗണം സാധ്യമല്ലാത്ത പോളിഹൗസിനു യോജിച്ചത്. അത് കൊണ്ട് തന്നെ ഇത്തരം ഇനങ്ങൾക്ക് മാർക്കറ്റിൽ സ്വകാര്യ കമ്പനികൾ അമിതമായ വില ആണ് ഈടാക്കി കൊണ്ടിരിക്കുന്നത്.ഉദാഹരണത്തിന് പോളിഹൗസിനു യോജിച്ച സങ്കര ഇനം കക്കരിക്ക് ഒരു വിത്തിന് അഞ്ചു രൂപ മുതൽ ആണ് സ്വകാര്യ കമ്പനികൾ ഈടാക്കി കൊണ്ടിരിക്കുന്നത്.ഈ മേഖലയിൽ ആണ് കെ.പി.സി.എച്ച്- 1 വളരെ വില കുറഞ്ഞ്, ഒരു രൂപ നിരക്കിൽ
കേരള കാർഷിക സർവകലാശാലയിൽ നിന്നും കർഷകർക്ക് ലഭ്യമാക്കി
കൊണ്ടിരിക്കുന്നത്.ഇത് കേരളത്തിൽ മാത്രമല്ല തെലുങ്കാന,കർണാടക,ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരും ഇന്ന് പോളിഹൗസിൽ  വ്യാപകമായി കൃഷി ചെയ്ത്  കൊണ്ടിരിക്കുകയാണ്.പച്ചക്കറി ശാസ്ത്ര വിഭാഗത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട നേട്ടമാണ് കുരു ഇല്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളുടെ  വികസനം.2015ൽ കുരു ഇല്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ ഹൈബ്രിഡ്  സ്വർണയും,2017ൽ ചുവന്ന കാമ്പുള്ള ഷോണിമയും വെള്ളാനിക്കരയിൽ ഉള്ള പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ നിന്നും പുറത്തിറക്കുകയുണ്ടായി. മഞ്ഞക്കാമ്പുള്ള കുരു ഇല്ലാത്ത  തണ്ണിമത്തൻ ഇന്ന് ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഗവേഷണ സ്ഥാപനം വികസിപ്പിക്കുന്നത്. സിട്ട്രുലിൻ എന്ന പ്രത്യേക പോഷണ വസ്തു കൂടുതൽ ഉള്ള ഈ ഇനം ഇന്ന് ഇന്ത്യയിൽ ലഭ്യമാക്കുന്നത് കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ നിന്ന് മാത്രമാണ്. ഈ രണ്ട് ഇനങ്ങളും കുരു ഇല്ലാത്ത തണ്ണിമത്തൻ സങ്കര ഇനങ്ങളാണ്. ഇന്ന് ഇവയുടെ സാങ്കേതിക വിദ്യ കമ്പനികൾ പ്രത്യേക ഫീസ് അടച്ചു കൊണ്ട് കാർഷിക സർവകലാശാലയിൽ നിന്നും വാങ്ങുകയാണ് . ഇന്ത്യയിൽ കുരു ഇല്ലാത്ത തണ്ണിമത്തൻ ഇനങ്ങളുടെ കൃഷി രീതി പ്രചരിപ്പിക്കാൻ ആയിട്ട് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ദ്രുതഗതിയിൽ ഉള്ള പ്രവർത്തനം ആണ് നടന്നുകൊണ്ടിരിക്കുന്നത്.പീച്ചിങ്ങ അഥവാ ഞരമ്പൻ എന്നു പേരുള്ള പച്ചക്കറി ഇനം, വെള്ളരി വർഗ വിളകളിൽ  നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഇനമാണ്.ഈ ഇനത്തിൽ കെ.ആർ.എച്ച് -1 എന്ന ഹൈബ്രിഡ് 2019ൽ വെള്ളാനിക്കരയിൽ നിന്ന് പുറത്തിറക്കുകയുണ്ടായി.ഇത്  സി.ജി.എം.എസ് സിസ്റ്റം എന്ന  സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സ്ഥലത്ത് മറ്റു പീച്ചിങ്ങയിലെ ഇനങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തി ഇതിന്റെ മാത്രം ആൺ ചെടികളും പെൺ ചെടികളും ഇട കലർന്ന് നട്ടാൽ ഇതിന്റെ സങ്കര വിത്ത് തേനിച്ചയുടെ പരാഗണത്തിലൂടെ നമുക്ക് ഉണ്ടാക്കാൻ കഴിയും.ഇപ്രകാരം പീച്ചിങ്ങയിൽ ഇന്ത്യയിൽ ആദ്യമായി ഉണ്ടാക്കിയ സങ്കര വിത്തിനമാണ് കെ.ആർ. എച്ച്-1.നല്ല വിള പൊലിമയുള്ള കെ.ആർ.എച്ച്- 1ന്റെ  കായ്കൾ മൃദുവും അത്യന്തം
രുചിയേറിയതും ആണ്. വഴുതനയിൽ, നീലിമ എന്ന സങ്കര ഇനം  വെള്ളാനിക്കരയിൽ നിന്നും  പുറത്തിറക്കുകയുണ്ടായി. നീലിമ ബാക്ടീരിയൽ വാട്ട  രോഗത്തെ പ്രതിരോധിക്കുന്ന സങ്കര ഇനമാണ്.ആകർഷകമായിട്ടുള്ള വയലറ്റ് നിറത്തോടു കൂടിയ ഉരുണ്ട കായ്കൾ ആണ് നീലിമയുടെ പ്രത്യേകത. ഇത് കൂടാതെ പാവലിൽ ഗൈനീസിയസ് (പെൺചെടികൾ ) സാങ്കേതിക വിദ്യ വഴി ഉരുത്തിരിയിച്ച ഹൈബ്രിഡ് കർഷകരുടെ ഇടയിൽ പരീക്ഷണത്തിലാണ് . അനതിവിദൂരമായ ഭാവിയിൽ തന്നെ പാവലിലും മികച്ച ഹൈബ്രിഡ് കർഷകർക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് പച്ചക്കറിശാസ്ത്ര വിഭാഗം മേധാവി ഡോ .ടി .പ്രദീപ് കുമാർ പറഞ്ഞു .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *