
ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതിനായി നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ടവുമായ സ്ഥലം കിളച്ചൊരുക്കി തയ്യാറാക്കേണ്ടതാണ്. കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട എന്നീ പ്രദേശങ്ങളില്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്തുവരുന്നു. കുഫ്രിജ്യോതി, കുഫ്രി ചന്ദ്രമുഖി, കുഫ്രി ഗിരിധാരി, കുഫ്രി ഹിമാലിനി എന്നിവയാണ് അനുയോജ്യമായ ഇനങ്ങള്‍. രണ്ടടി ഉയരത്തില്‍ തടങ്ങള്‍ തയ്യാറാക്കിയശേഷം സെന്റൊന്നിന് നൂറ് കിലോഗ്രാം ചാണകം 200 ഗ്രാം യൂറിയ ഒരുകിലോഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ് 700 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. ഒരു സെന്റിന് ഏകദേശം 8 കിലോഗ്രാം വിത്ത് വേണ്ടിവരും. കുമിള്‍നാശിനിയില്‍ മുക്കിയ വിത്തുകള്‍ നടുന്നത് മണ്ണിലൂടെയും കിഴങ്ങിലൂടെയും പടരുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. ഒരു മാസം കഴിയുമ്പോള്‍ സെന്റൊന്നിന് 700 ഗ്രാം യൂറിയ നല്‍കി മണ്ണ് കയറ്റിക്കൊടുക്കണം. കളനീക്കല്‍, ജലസേചനം എന്നിവയാണ് മറ്റ് കൃഷിമുറകള്‍. ചെടികള്‍ മഞ്ഞളിച്ച് ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ നന നിര്‍ത്തണം. നാല് മാസമാകുമ്പോള്‍ വിളവെടുക്കാം. വിളവെടുത്ത് കിഴങ്ങ് കുറച്ച് ദിവസം തണലില്‍ വച്ച് ഉണക്കിയശേഷം ആവശ്യാനുസരണം ഉപയോഗിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. ശരാശരി 100 കിലോഗ്രാം വരെ ഒരു സെന്റില്‍ നിന്ന് വിളവ് ലഭിക്കും.
Leave a Reply