
മൊട്ടമ്പുളി എന്ന പേരില്‍ നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ കാണുന്ന ഈ പഴം ഗോള്‍ഡന്‍ ബെറി, ഞൊട്ടാഞൊടിയന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഈ ചെടി എല്ലാവര്‍ക്കും പരിചിതമുള്ളതാണ്. ഇതിന്റെ ഗുണമറിയുന്നവര്‍ക്ക് ഇതുകൊണ്ടുള്ള പ്രാധാന്യം വളരെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സ്‌ക്വാഷ്, ജാം, വൈന്‍ എന്നിവ ഇതില്‍ നിന്ന് നമുക്കുണ്ടാക്കാന്‍ സാധിക്കും. ജീവകം എ, ജീവകം സി, ആന്റി ഓക്‌സിഡന്റുകള്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ധാതുക്കള്‍, അയണ്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. സന്ധിവാതം സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹരോഗങ്ങള്‍, പൊണ്ണത്തടി കുറയ്ക്കല്‍, കൊളസ്‌ട്രോള്‍, ഹൃദയാരോഗ്യം എന്നീ അസുഖങ്ങള്‍ക്ക് മൊട്ടമ്പുളി പ്രധാന ഔഷധമാണ്. വിത്തില്‍ നിന്നാണ് ഇതിന്റെ തൈകള്‍ ഉണ്ടാക്കുന്നത്. സാധാരണ രോഗകീടങ്ങളില്ലാത്ത കൃഷിയാണിത്. ഒരു കായില്‍ തന്നെ നൂറ്റമ്പതോളം വിത്തുകളുണ്ട്. പഴുത്ത പഴം വെള്ളത്തിലിട്ട് വിത്തുകള്‍ വേര്‍തിരിച്ചെടുക്കുകയും പിന്നീട് തുണിയില്‍ അരിച്ചെടുത്ത് ഉണങ്ങാന്‍ വയ്ക്കുന്നു. മണ്ണ് നല്ലവണ്ണം കിളച്ച് പൊടിയാക്കിയശേഷം ചാണകപ്പൊടി ചേര്‍ത്ത് വിത്തിടാന്‍ പാകത്തിന് മണ്ണ് തയ്യാറാക്കുന്നു. ചാലുകളെടുത്ത് വിത്തിടാം. ഇരുപത് ദിവസത്തിനുള്ളില്‍ പറിച്ച് നടുവാനായി സാധിക്കും. പുതയിടുന്നത് നല്ലതാണ്. ഇലതീനി പുഴുവിന്റെ ശല്യം സാധാരണയായിട്ട് ഉണ്ടാവാറുണ്ട്. 45 ദിവസം കഴിയുമ്പോള്‍ ചെടി പൂര്‍ണ്ണമായ വളര്‍ച്ചയിലെത്തുന്നു. മൂപ്പെത്താത്ത പഴത്തിന് ചവര്‍പ്പ് കൂടിയ കയ്പുരസവും മൂപ്പെത്തിയതിന് പുളിരസമടങ്ങിയ മധുരവുമാണുള്ളത്. ഞൊട്ടാഞൊടിയന്‍ പഴം പച്ചനിറത്തിലുള്ള ഒരു കൂടിനുള്ളിലുള്ളതുപോലെയാണ് കാണുന്നത്.
Leave a Reply