അമിത വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബേബി കോണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. താരതമ്യേന കുറഞ്ഞ അളവിലാണ് അന്നജവും കലോറിയും ഇതില്‍ അടങ്ങിയിരിക്കുന്നത്. കൊഴുപ്പ് തീരെ ഇല്ലാത്ത 100 ഗ്രാം ബേബി കോണില്‍ 26 ഗ്രാം കലോറി മാത്രമേയുള്ളൂ. നാരുകള്‍ ധാരാളമുള്ളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സാധിക്കും. നാരുകള്‍ ദഹനത്തെ പരിപോഷിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം ഇവയെ പ്രതിരോധിക്കുന്നതിന് ഇത് കഴിക്കുന്നതിലൂടെ സാധിക്കും. പരാഗണം അനുവദിക്കാതെ ചോളം ഇളംപ്രായത്തില്‍ വിളവെടുക്കുന്നതാണ് ബേബികോണ്‍. കഴിക്കുമ്പോള്‍ ദൃഢമായി എളുപ്പത്തില്‍ നുറുങ്ങുന്നതുമായ ഇനങ്ങളാണ് ബേബികോണ്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. 10 സെ.മീ. നീളവും, 2.7 സെ.മീ. വ്യാസവുമുള്ള കതിര്‍ കമ്പുള്ളവയാണ് അഭികാമ്യം. ബേബികോണ്‍ ഏത് കാലാവസ്ഥയിലും കൃഷിചെയ്യാമെങ്കിലും ആഗസ്റ്റ്, നവംബര്‍ കൃഷി ചെയ്യുമ്പോഴാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഒരു വര്‍ഷം നാല് പ്രാവശ്യം വരെ കൃഷിയിറക്കാന്‍ സാധിക്കും. വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. ഒരടി പൊക്കത്തിലുള്ള വാരങ്ങളെടുത്ത് അതില്‍ രണ്ട് വിത്തുകള്‍ വീതം നടാം. ഇതിനിടയിലൂടെ കാബേജ്, കോളിഫ്‌ളവര്‍, ചീര, പാലച്ചീര, പയര്‍ എന്നിവ കൃഷിചെയ്യാം.
Leave a Reply