Friday, 22nd September 2023

രവീന്ദ്രന്‍ തൊടീക്കളം.

കള്ളിച്ചെടിയുടെ കുടുംബാംഗമായ ഈ മധുരക്കനി കേരളത്തില്‍ എത്തിയത് അടുത്തകാലത്താണ്. തായ് ലാന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നു. ഹെലോസെറിയസ് അണ്‍ ഡേറ്റസ് എന്ന സസ്യനാമത്തോടു കൂടിയ ഈ സസ്യം ചുവന്ന പിത്തായാ, കോസ്റ്റോറിക്ക പിത്തായ, മഞ്ഞപിത്തായ എന്നിങ്ങനെ മൂന്ന് തരത്തില്‍ കാണപ്പെടുന്നു.
10 – 15 സെ.മീ. നീളമുള്ള വള്ളിത്തണ്ടാണ് നടീല്‍ വസ്തു ജൈവ വളങ്ങളും മണലും കൂട്ടിചേര്‍ത്ത മിശ്രിതം തടത്തിലിട്ട്, മൂന്ന് – നാല് തണ്ടുകള്‍ നടണം. പഴത്തിനകത്തുള്ള വിത്തുകള്‍ പാകി മുളപ്പിച്ച് കൃഷി ചെയ്യുന്ന രീതിയും ചിലയിടങ്ങളില്‍ നിലവിലുണ്ട്. താങ്ങു കാലായി രണ്ട് മീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് കാലുകള്‍ തയ്യാറാക്കി സ്ഥാപിച്ച് അരമീറ്റര്‍ താഴ്ചയില്‍ തടത്തിന് സമീപം സ്ഥാപിച്ച് നട്ട തണ്ട് ഇതിനോട് ചേര്‍ത്ത് കെട്ടണം. തണ്ടില്‍ വേര് പിടിക്കുന്നതോടെ തണ്ടില്‍ തായ് വേരുകള്‍ ഉണ്ടാവുകയും താങ്ങു കാലില്‍ പറ്റി പിടിച്ചു കയറുകയും ചെയ്യും. ചെടി ഒന്നിന് നാല് കി.ഗ്രാം ജൈവവളവും നൂറ് ഗ്രാം രാസവളമിശ്രിതവും വര്‍ഷംതോറും ചേര്‍ത്ത് കൊടുക്കണം. ഒന്നര മീറ്റര്‍ വളരുമ്പോള്‍ വള്ളിത്തലപ്പുകള്‍ താഴേക്ക് തൂക്കിയിട്ടു കൊടുക്കാം. ഇങ്ങിനെ ചെയ്യുന്നതിന് കോണ്‍ക്രീറ്റ് കാലുകള്‍ക്ക് മുകളില്‍ വട്ടത്തിലുള്ള ഒരു ടയര്‍ കെട്ടിവെച്ച് ഇതിലൂടെ തണ്ട് പടര്‍ത്തി താഴേക്ക് തൂക്കിയിടാം. നാലാം വര്‍ഷം 100-130 തലപ്പുകള്‍ വരെ കാണാം. നന്നായി പരിപാലിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് പൂവിട്ട് കായ പിടിക്കാന്‍ തുടങ്ങും. സുഗന്ധവാഹിയായ പൂക്കള്‍ക്ക് 35 സെ.മീ. നീളം കാണും. ഒരു രാത്രിയാണിതിന്റെ ആയുസ്സ്. വാവലുകളും – നിശാ ശലഭങ്ങളുമാണ് പരാഗണം നടത്തുന്നത്. കായ രൂപാന്തരപ്പെട്ട് വിളവെടുപ്പിനുള്ള കാലദൈര്‍ഘ്യം 35 -40 ദിവസമാണ്. ഒരു വര്‍ഷം അഞ്ചാറ് തവണ വിളവെടുക്കാമെന്നതാണ് പ്രത്യേകത. പത്ത് സെന്റ് സ്ഥലത്ത് നിന്ന് 500 കി.ഗ്രാം വരെ വിളവ് ലഭിക്കും കി.ഗ്രാമിന് 400 – 500 രൂപ വിലയുമുണ്ട്.
ജീവകം സി.യുടെ കലവറയായ ഈ പഴത്തില്‍ മറ്റു ജീവകങ്ങള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, നാര്, കരോട്ടിന്‍, നിയാസിന്‍, റിബോഫ്‌ളേവിന്‍. തുടങ്ങി അനേകം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോളിനെ കുറക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ഈ പഴത്തിന് കഴിയും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *