
കേരളത്തിലെ കന്നുകാലികളില്‍ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളില്‍ ഏറ്റവും സാമ്പത്തികനഷ്ടം വരുന്ന ഒന്നാണ് കുളമ്പുരോഗം. നമ്മുടെ നാട്ടിലെ എരുമ, പന്നി, പശു, ആട്, ചെമ്മരിയാട്, ആന എന്നീ മൃഗങ്ങളിലാണ് ഈ അസുഖം കാണപ്പെടുന്നത്. വായ്ക്കകത്ത് നാവ്, മോണ എന്നീ ഭാഗങ്ങളില്‍ കുമിളകള്‍ ഉണ്ടാവുക, ശക്തിയായ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ്ക്കുള്ളില്‍ കുമിളകളുണ്ടാകുന്നതുകൊണ്ട് തീറ്റയെടുക്കുവാനുള്ള ബുദ്ധിമുട്ടനുഭവപ്പെടുന്നു. തുടര്‍ന്ന് വായില്‍നിന്ന് ഉമിനീര്‍ നൂല്‌പോലെ പുറത്തേക്ക് ഒഴുകിവരുന്നു. വ്രണങ്ങള്‍, കാലുകളിലും കുളമ്പിനിടയിലും ഉണ്ടാകുന്നതുകൊണ്ട് നടക്കുന്നതിനുള്ള ബുദ്ധിമുട്ടും വേദനയും അനുഭവപ്പെടുന്നു. കൂടാതെ വ്രണങ്ങളുണ്ടായ ഭാഗത്ത് ഈച്ചകളുടെ ശല്യം കൂടുതലാകും. കന്നുകാലികളുടെ മുലക്കാമ്പിലും വ്രണങ്ങള്‍ കാണപ്പെടാറുണ്ട്. ഇതിന് പ്രധാനപ്പെട്ട പ്രതിവിധി കൃത്യമായ സമയങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുകയെന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഓരോ ആറ് മാസം കൂടുമ്പോഴും കൃത്യമായി കുത്തിവെപ്പ് എടുക്കേണ്ടതാണ്. ഒരു പ്രാവശ്യം എടുത്തശേഷം പിന്നീട് എടുത്തില്ലെങ്കില്‍ യാതൊരു ഫലവും ലഭിക്കില്ല. കന്നുകുട്ടികളില്‍ നാലാം മാസം ആദ്യ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കും. പിന്നീട് ഒരു മാസത്തിന് ശേഷം അടുത്ത ഡോസ് നല്‍കണം. കൂടാതെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രോഗം ബാധിച്ചതിനെ മറ്റുള്ളതില്‍ നിന്നും മാറ്റിനിര്‍ത്തി ചികിത്സകള്‍ ചെയ്യേണ്ടതാണ്. രോഗബാധയുള്ളതിനെ ശുശ്രൂഷിക്കുന്നവരുടെ കൈകളും വസ്ത്രങ്ങളും അണുവിമുക്തമാക്കുന്നതോടൊപ്പംതന്നെ ആരോഗ്യമുള്ളവയുമായി സമ്പര്‍ക്കം ഒഴിവാക്കേണ്ടതുമാണ്.
Leave a Reply