
വിപണിയില്‍ നിന്ന് ലഭിക്കുന്ന മല്ലിയിലയില്‍ മാരകമായ തോതിലാണ് കീടനാശിനികള്‍ തളിച്ചിട്ടുള്ളത്. വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടിലും മല്ലിയില വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ദഹനത്തിനും അസിഡിറ്റി കുറയ്ക്കുവാനും മല്ലിയില സഹായിക്കും. കടയില്‍ നിന്ന് വാങ്ങുന്ന മല്ലി വിത്തായിട്ട് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ മല്ലിയിലയുടെ വിത്ത് തന്നെ വിപണിയില്‍ ലഭിക്കുന്നതാണ്. ഒരു തോടില്‍ രണ്ട് വിത്തുകളുള്ളതുകൊണ്ട് അത് പൊട്ടിച്ച ശേഷമാണ് വിത്തായിട്ട് ഉപയോഗിക്കേണ്ടത്. ഇത് മുളയ്ക്കാന്‍ ഈര്‍പ്പം ആവശ്യമാണ്. സാധാരണയായി കട്ടന്‍ചായയില്‍ ഇട്ടുവെച്ചാല്‍ മല്ലി പെട്ടെന്ന് മുളപൊട്ടും. ചെറുതായി വെയില്‍ ലഭിക്കുന്ന സ്ഥലത്തുവേണം മല്ലിയില വളര്‍ത്താന്‍. അതുകൊണ്ടുതന്നെ രാവിലെയും വൈകുന്നേരവും വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മല്ലിവിത്തുകള്‍ നടാം. മണ്ണ് നന്നായി കിളച്ച് അതിലെ കല്ലും മറ്റ് പാഴ്‌വസ്തുക്കളും നീക്കിയശേഷം പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ചേര്‍ക്കണം. അസിഡിറ്റി കൂടിയ മണ്ണാണെങ്കില്‍ കുറച്ച് കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. ചട്ടിയിലോ ഗ്രോബാഗിലോ ആണ് നടുന്നതെങ്കില്‍ ആണിവേരുള്ള ചെടിയായ മല്ലിക്ക് പത്തിഞ്ചെങ്കിലും ആഴമുള്ള ചട്ടിയോ ഗ്രോബാഗോ ആണ് നടുവാനായിട്ട് ഉപയോഗിക്കേണ്ടത്. ഗ്രോബാഗില്‍ (ചട്ടി) മേല്‍മണ്ണ്, മണല്‍, ചകിരിച്ചോര്‍, മണ്ണിരക്കമ്പോസ്റ്റ്, ചാണകപ്പൊടി, പച്ചിലകള്‍ എന്നിവ കൂട്ടിയ മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. മണ്ണിലാണെങ്കില്‍ കാലിഞ്ച് ആഴത്തില്‍ നാലിഞ്ച് മുതല്‍ ആറിഞ്ച് വരെ അകലത്തില്‍ വരിയായി നടാവുന്നതാണ്. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്നരീതിയില്‍ വിതറാം. അതിന് മുകളിലായി കാലിഞ്ച് കനത്തില്‍ ചകിരിച്ചോറോ നനഞ്ഞ മണ്ണോകൊണ്ട് മൂടണം. തുടര്‍ന്ന് വെള്ളം സ്‌പ്രേ ചെയ്യണം. വെള്ളം കുത്തി ഒഴിക്കരുത്. മൂന്നോനാലോ മാസം മാത്രമാണ് ഇവയുടെ ആയുസ്സ്. രണ്ടിഞ്ച് ഉയരം വരുമ്പോള്‍ വളപ്രയോഗം തുടങ്ങാം. വെള്ളത്തിലലിയുന്ന നൈട്രജന്‍ വളങ്ങളാണ് നല്ലത്. നേര്‍ത്ത ചാണകവെള്ളം മാത്രം ഒഴിച്ചാലും മതി. നനയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ ചെറുതായി നനച്ചാല്‍ വൈകുന്നേരത്തേക്ക് തടം ഉണങ്ങിയിരിക്കണം. വെള്ളം ഒരു കാരണവശാലും കെട്ടിക്കിടക്കരുത്.
Leave a Reply