
തടത്തിലെ നന
ചുവട്ടില്‍ നിന്നും 2 മീറ്റര്‍ അകലത്തില്‍ തുറന്നുവച്ചിട്ടുള്ള തടത്തിലേക്ക് ചാലുകള്‍ വഴിവെള്ളമെത്തിക്കുന്ന രീതിയാണിത്. നാട്ടില്‍ ഏറ്റവും പ്രചാരമുള്ള രീതി ഇതായിരുന്നു. എന്നാല്‍ നനയ്ക്ക് ഏറ്റവുമധികം വെള്ളം ആവശ്യമായിവരുന്ന രീതിയും ഇതുതന്നെ. മണ്ണിലെ ചെളിയംശത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി 60% വരെ മാത്രമേ ജലം തെങ്ങുകള്‍ക്ക് ലഭിക്കൂ. മണല്‍ പ്രദേശങ്ങളില്‍ ഈ രീതി പ്രായോഗികമേയല്ല. കൂടെ തൊഴിലാളികള്‍ നിന്നുവേണം ഓരോ തെങ്ങിനും വെള്ളം തിരിച്ചുവിടാന്‍. സമനിരപ്പല്ലാത്തതും തട്ടുതിരിക്കാത്തതുമായ കൃഷിയിടങ്ങളില്‍ ഈ രീതി പ്രായോഗികമല്ല എന്നീ പോരായ്മകളുണ്ട്. എന്നാല്‍ ബഹുവിള കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ ഈ രീതി മറ്റു വിളകള്‍ക്ക് ഏറെ പ്രയോജനപ്പെടും. തെങ്ങൊന്നിന് ഈ രീതിയില്‍ ആഴ്ചയില്‍ 1000 ലിറ്റര്‍ വെള്ളം ആവശ്യമായി വരും മണ്ണിന്റെ ഘടനവച്ച്.
തളിനന (സ്പ്രിങ്ക്‌ളര്‍ ഇറിഗേഷന്‍)
മണ്ണിനടിയില്‍ സ്ഥാപിച്ചിട്ടുള്ള പി.വി.സി.പൈപ്പിലൂടെ ശക്തിയില്‍ കടത്തിവിടുന്ന വെള്ളം, സ്പ്രിങ്ക്‌ളര്‍ ഘടിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ കടന്ന് മുകൡലത്തി ഏതാണ് 6 മീറ്റര്‍ വിസ്തൃതിയില്‍ ചിതറിവീഴുന്നു. ഇതുമൂലം തെങ്ങിന്‍ചുവടും മറ്റിടവിളകളും ഒരുപോലെ നനയ്ക്കാം. എന്നാല്‍ 20-30% ജലം ബാഷ്പീകരണത്തിലൂടെ നഷ്ടമാകുമെന്ന പോരായ്മയുണ്ട്. ഇടവിളകളില്‍ മണ്ണിലൂടെ പകരുന്ന വിവിധ രോഗങ്ങള്‍ പടരാനുമിടയാകും. അതിനാല്‍ കൂടുതല്‍ കര്‍ഷകരും ഈ രീതിയോട് വിമുഖത കാണിക്കുന്നു. കുമിള്‍ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ കൃത്യമായി സ്വീകരിക്കുന്ന തോട്ടങ്ങളില്‍ ഈ രീതി ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. വെള്ളം ചിതറി വീഴുന്നതുമൂലമുണ്ടാകുന്ന തണുത്ത അന്തരീക്ഷം ഇടവിളകളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ ആദായത്തിനും സഹായിക്കും. ഒരുതവണ സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നീട് വളരെ കുറവ് മനുഷ്യാധ്വാനം മതിയെന്നതും മേന്മയാണ്. എന്നാലിത് സ്ഥാപിക്കാന്‍ ഏക്കറിന് 30000/-നുമേല്‍ രൂപ ചിലവാകുമെന്നത് കര്‍ഷകരെ പിന്തിരിപ്പിക്കുന്നു. സി.പി.എസ്സുകളും ക്ലസ്റ്ററുകളുമെല്ലാം നേതൃത്വം നല്‍കി ഒന്നിച്ച് കൂടുതലിടത്ത് സ്ഥാപിക്കുകയാണെങ്കില്‍ ചിലവ് ഗണ്യമായി കുറയ്ക്കാനാകും.
തുള്ളിനന (ഡ്രിപ്പ് ഇറിഗേഷന്‍)
തെങ്ങിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ജലം സമയക്ലിപ്തതയോടെ വേരുപടലത്തില്‍ കൃത്യമായി എത്തിച്ചുകൊടുക്കുന്ന രീതിയാണിത്. ജലനഷ്ടം ഏറ്റവും കുറഞ്ഞ രീതി. 95% ജലവും ചെടിക്ക് ഉപയോഗിക്കാന്‍ കഴിയും. ഓരോ തെങ്ങിനും 2-4 ഡ്രിപ്പറുകള്‍ വേണ്ടിവരും. തെങ്ങിന്റെ അകലമനുസരിച്ച് ഇവ ക്രമീകരിക്കാനാകും. നല്ല പണച്ചെലവുള്ള രീതിയാണെങ്കിലും ആവശ്യമുള്ള സമയത്തുമാത്രം പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഊര്‍ജ്ജനഷ്ടം, മനുഷ്യാധ്വാനം ഇവ കുറയ്ക്കാന്‍ കഴിയും. ആവശ്യം കഴിഞ്ഞ് അഴിച്ചുമാറ്റി സൂക്ഷിക്കാന്‍ കഴിയുമെന്നത് മറ്റൊരു മേന്മയാണ്. ഇടവിളകളുടെ ചുവട്ടിലും ഈ രീതിയില്‍ ജലസേചനം നടത്തുന്നത് വിളവ് വര്‍ദ്ധിപ്പിക്കും. ഏക്കറിന് ഏതാണ്ട് 50000/-നു മുകളില്‍ ചിലവാകുമെങ്കിലും ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ഇടവിളകളിലെ ഉയര്‍ന്ന ആദായംകൊണ്ട് മുടക്കുമുതല്‍ തിരിച്ചുകിട്ടും. ദിവസം 32-40 ലിറ്റര്‍ വീതം വെള്ളം രണ്ടുനേരമായി തെങ്ങിനു നല്‍കുന്നതിലൂടെ മികച്ച ഉല്പാദനവും സാദ്ധ്യമാക്കാം. തുള്ളിനന സംവിധാനമുള്ള തോട്ടങ്ങളില്‍ തേങ്ങയുടേയും നീരയുടേയും ഉല്പാദനം സാധാരണ തോട്ടങ്ങളുടേതിനേക്കാള്‍ ഇരട്ടിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചിലവല്പം കൂടുതലാണെങ്കിലും ഗുണമേന്മയുള്ളതിനാല്‍ ഈ രീതിയാണ് തെങ്ങുകൃഷിക്ക് ഏറ്റവും ലാഭകരമായ നനരീതി.
Leave a Reply