
അലങ്കാര പക്ഷികളുടെ പ്രധാനമായും വിവിധ ഇനങ്ങളില്‍ പെട്ട തത്തകളുടെ ആവശ്യക്കാര്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നുണ്ട് കേരളത്തില്‍. അരുമ പക്ഷികളോടു ലോകമെമ്പാടുമുള്ള ആളുകളുടെ കമ്പം അതിന്റേതായ രീതിയില്‍ ഭാരതം മുഴുവനും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രകടമായിരിക്കുന്നത്. മാറുന്ന മനുഷ്യജീവിതവും തിരക്കുകളും ബന്ധുജനങ്ങളെ വിട്ട് ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും ഒരിറ്റ് ആശ്വാസം കണ്ടെത്തുന്നത് ഇവയില്‍ തന്നെയെന്ന് നിസംശയം പറയാന്‍ സാധിക്കും.
പണ്ട് കാലങ്ങളില്‍ വിവിധയിനം നായ്ക്കളോടും, അലങ്കാര പൂച്ചകളോടും ആളുകള്‍ക്കുള്ള കമ്പം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. എല്ലാത്തരം ആളുകളും അവയെ ഇഷ്ടപ്പെടുന്നുവെങ്കിലും അവയുടെ പൊതുസ്വീകാര്യതയ്ക്ക് ഉണ്ടായ കുറവ് അവയുടെ ജനപ്രീതിയെ ഒരുതരത്തില്‍ നിയന്ത്രിതമാക്കി. ഇന്നത്തെ ആളുകളുടെ സ്ഥലപരിമിതിയും നഗരങ്ങളിലെ ജീവിതവും തന്നെ പ്രധാന കാരണം. സ്വയം കൂട്ടിലടയ്ക്കപ്പെട്ട് പരിമിത സ്ഥലങ്ങളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് വലിപ്പമുള്ള ജീവികളെ എങ്ങനെ കൂടെ നിര്‍ത്തുവാന്‍ സാധിക്കും. അത്തരം സന്ദര്‍ഭത്തിലാണ് അലങ്കാര പക്ഷികള്‍ വിപണിയിലേക്ക് മുഖം കാണിക്കപ്പെട്ടത്. നമ്മുടെ വന്യജീവി സംരക്ഷണ നിയമത്തിന്റെ കീഴില്‍ വരാത്ത ഇത്തരം അലങ്കാര തത്തകള്‍ എളുപ്പം ആളുകളുടെ സ്വീകരണ മുറികളില്‍ സ്ഥാനം പിടിച്ചും പരിമിതമായ സൗകര്യങ്ങളില്‍ പോലും അവ വളരെ എളുപ്പം നല്ല രീതിയില്‍ പരിപാലിക്കപ്പെടുകയും ചെയ്തു.
അലങ്കാര തത്തകളുടെ സ്വീകാര്യത വര്‍ദ്ധിച്ചതോടെ ചില ആളുകള്‍ അവയുടെ പ്രജനന രീതികളും ശാസ്ത്രീയമായ പരിപാലന രീതികളും പഠിക്കാന്‍ തുടങ്ങി. പൊതുവിപണിയില്‍ വലിയ കാര്യമായ വിലയിടിവും ഇത്തരം ഇനങ്ങള്‍ക്ക് ഇല്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. നിയമപരമായി ഒരു സ്വകാര്യ വ്യക്തിക്ക് ഇവയെ അവയുടെ സ്വദേശത്ത് നിന്ന് കൊണ്ടുവരുവാന്‍ ഉള്ള അപ്രായോഗികത ആണ് മുഖ്യമായും ഇവയുടെ വിപണി വില നിയന്ത്രിക്കുന്നത്. ഇന്ന് ഒരു രീതിയില്‍ നോക്കിയാല്‍ ഭാരതത്തില്‍ ഒരു നിശ്ചിത ശതമാനം ആളുകളുടെ ഒരു സ്ഥിരവരുമാന മാര്‍ഗ്ഗമായി ഈ മേഖല വളര്‍ന്നിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയോ ബന്ധപ്പെട്ട വകുപ്പുകളുടേയോ യാതൊരുവിധ സഹായസഹകരണങ്ങളും ഇല്ലാതെ തന്നെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഈ മേഖലയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കാനായി പലതരം സംഘടനകളും ആരംഭിക്കപ്പെട്ടു. അതിന് ഒരു ഉദാഹരണമാണ് ഏവിയന്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ സംഘടനയും ഇതിന് ഭാരതത്തിലുടനീളം ശാഖകളും സുലഭം. കേരളത്തില്‍ ഈ സംഘടനയുടെ ഒരു ശാഖ ഉള്ളത് അവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരള എന്ന പേരില്‍ അറിയപ്പെടുന്നു. ലോകമെമ്പാടും ഉള്ള വളരെ പ്രശസ്തരും പ്രഗത്ഭരും ആയ ആളുകള്‍ ഇന്ത്യയില്‍ ഉടനീളം ഇവയുടെ ശാസ്ത്രീയ രീതികളെ പറ്റിയും പ്രജനന തന്ത്രങ്ങളെ പറ്റിയും വളരെ ആധികാരികമായി ക്ലാസ്സുകള്‍ നല്‍കിവരുന്നു. വളരെ ചെറിയ ഫീസുകള്‍ മാത്രം വാങ്ങി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ അലങ്കാര പക്ഷി വളര്‍ത്തല്‍ മേഖലയെ ഒരു പൊതുകൃഷി എന്ന വിധത്തില്‍ കൊണ്ടുവരും എന്‌നത് സംശയാതീതമാണ്. ഒട്ടും വൈകാതെ തന്നെ സര്‍ക്കാരുകള്‍ സ്വമേധയാ ഈ നവകൃഷിരീതിയെ അംഗീകരിക്കുന്ന കാലവും വിദൂരമല്ല.
Leave a Reply