Sunday, 10th December 2023


അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് ഹരിതഗൃഹം എന്ന പോളിഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ന് കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിനി പോളിഹൗസുകള്‍ (ഹൈടെക് മഴമറ) കൃഷി ഓഫീസില്‍ നിന്നും സബ്സിഡിയും പോളി ഹൗസുകള്‍ നിര്‍മ്മിക്കുന്നതിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സബ്സിഡിയും നല്‍കുന്നുണ്ട്. കൂടാതെ ആണ്ടുതോറും കൃഷിയിറക്കുന്നതിന് സബ്സിഡിയും നല്‍കുന്നുണ്ട്. വീടുകളിലെ മട്ടുപ്പാവുകളിലും സൗകര്യപ്രദമായി സ്ഥാപിച്ച് വീട്ടമ്മമാര്‍ക്കുപോലും കൃഷി ചെയ്യാമെന്നതാണ് മിനി പോളിഹൗസുകള്‍ എന്ന ഹൈടെക് മഴമറയുടെ പ്രത്യേകത.
ജി.ഐ.പൈപ്പിന്‍റെ ചട്ടക്കൂടുകള്‍ കൊണ്ടാണ് പോളിഹൗസ് നിര്‍മ്മിക്കുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യുവി സ്റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റ് ഉപയോഗിച്ചാണ് പോളി ഹൗസുകള്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിയെ വിളകള്‍ക്കനുസൃതമായി നിയന്ത്രിച്ചെടുക്കാന്‍ പോളി ഹൗസ് കൃഷിയിലൂടെ സാധിക്കും. ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കി ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ വിളവ്, കീടരോഗങ്ങളില്‍ നിന്നും സംരക്ഷണം, മികച്ചതും ഗുണമേന്മയുള്ളതുമായ ഉല്പന്നങ്ങള്‍ എന്നിവ ഉറപ്പുവരുത്തുവാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കുന്നു. പോളി ഹൗസിന്‍റെ നാലുവശവും കീടങ്ങള്‍ കടക്കാത്ത 40 മെഷ് വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു. അകത്തെ ഊഷ്മാവ് കുറക്കുന്നതിന് വേണ്ടി ഫോഗറുകളും, ചെടികള്‍ക്ക് ആവശ്യമായ തോതില്‍ മാത്രം വെള്ളവും വളങ്ങളും നല്‍കുന്നതിന് പൂര്‍ണമായും ഡ്രിപ് ഇറിഗേഷന്‍ (തുള്ളിനന ലായനി രൂപത്തില്‍) വഴിയാണ്. 10-11 മണിക്ക് ശേഷം വായുവിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് പുറത്തുള്ള അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ വളരെ കുറവായിരിക്കും. സാധാരണ വെന്‍റിലേഷന്‍ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് എല്ലായിപ്പോഴും പുറത്തുള്ള അന്തരീക്ഷത്തിലേതിന് തുല്യമായിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറവുമൂലം ഉല്പാദനക്ഷമതയില്‍ ഉണ്ടാകുന്ന കുറവ് സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹങ്ങളില്‍ ഉണ്ടാകുകയില്ല. സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഘടിപ്പിച്ചിട്ടുള്ളത് യുവി സ്റ്റെബിലൈസ്ഡ് ഷീറ്റുകൊണ്ടുള്ള റോഇംഗ് കര്‍ട്ടന്‍ സ്ഥാപിക്കുന്നതും വൈകുന്നേരം മുതല്‍ രാവിലെ 11 മണിവരെ ഇതു താഴ്ത്തി ഇടുന്നതും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് പോളിഹൗസില്‍ കൂടും. ഇതുമൂലം പോളിഹൗസിലെ വിളകളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *