കൃഷിയുടെ ഒന്നാം പാഠം തുടങ്ങേണ്ടത് സ്വന്തം വീട്ടുവളപ്പില്‍ നിന്നു തന്നെയാണ്. പത്തുസെന്റ് സ്ഥലമെങ്കിലും ഉണ്ടെങ്കില്‍ മികച്ചൊരു കര്‍ഷകനായി മാറാമെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇതുവരെ അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും ആലോചിച്ചു തുടങ്ങാം. കൃഷി എന്നു പറഞ്ഞാല്‍ വന്‍തോതിലുള്ള കൃഷിയല്ല. ചെറിയ മുതല്‍മുടക്കില്‍ വലിയ ലാഭം പ്രതീക്ഷിക്കാനല്ല. മറിച്ച് അടുക്കളയില്‍ വിഷരഹിതമായ ഭക്ഷണം എത്തിക്കാനുള്ള സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനും കഴിയുമെന്നതാണ് ഈ കൃഷിയുടെ മെച്ചം. പത്തുസെന്റ് വീട്ടുവളപ്പില്‍ 7-8 സെന്റില്‍ കൃഷി ചെയ്യാന്‍ സാധിക്കും. ഇവിടെ പഴം-പച്ചക്കറികള്‍ യഥേഷ്ടം കൃഷിചെയ്യാവുന്നതാണ്.
കൃഷിക്കുവേണ്ടി വീട്ടുവളപ്പുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്നുകാര്യങ്ങള്‍ വെള്ളം, വെളിച്ചം, വളം എന്നിവയാണ്. ഇതില്‍ ജലലഭ്യതയും വളം ലഭ്യതയും നമുക്ക് ഉറപ്പുവരുത്താമെങ്കിലും സൂര്യപ്രകാശം പല വീട്ടുവളപ്പിലും ഇത് വൃക്ഷലതാദികളാല്‍ സമ്പന്നമായതിനാലും വ്യക്തമായ ആസൂത്രണം ചെയ്യാതെ വയ്ക്കുന്നതിന്റെയും അപര്യാപ്തതയാണ്. ഏറ്റവും ചുരുങ്ങിയത് അര നേരമെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് പഴം പച്ചക്കറികള്‍ക്ക് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ പോലുള്ളവയും ചേമ്പ്, കാച്ചില്‍ പോലുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങളിലും തണലിലും നിലനില്‍ക്കും. മേല്‍പ്പറഞ്ഞ മൂന്ന് ഘടകങ്ങള്‍ ഉറപ്പുവരുത്തിയാല്‍ പിന്നെ ഏതൊക്കെ വിളകള്‍ വേണം എന്നതാണ്. നിത്യേന വേണ്ട രണ്ടു പ്രധാന ഭക്ഷ്യഉത്പന്നങ്ങളാണ് പച്ചമുളകും കരിവേപ്പിലയും. ഇതുരണ്ടും അടുക്കളയില്‍ നിന്നും പോകുന്ന വെള്ളം കിട്ടുന്ന ഭാഗത്ത് നടാവുന്നതാണ്. മഴക്കാലത്ത് നടണമെങ്കില്‍ പച്ചമുളക്, വഴുതിനയിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്.
കൂടാതെ ഒരു ഇരുമ്പന്‍ പുളി മരം, ഒരു പ്ലാവ്, മാവ് എന്നിവയും പറമ്പില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് വിഭാവനം ചെയ്യാം. പപ്പായ മരങ്ങള്‍ പല ഘട്ടങ്ങളിലുള്ളവ വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ 5-10 എണ്ണം ഉണ്ടാകുന്നത് നല്ലതാണ്. കൂടുതല്‍ ഫലഭൂയിഷ്ടമായ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതോടെ പയര്‍, വെണ്ട എന്നിവയും കൃഷി ചെയ്യാം. തുടര്‍ന്ന് പന്തല്‍ സൗകര്യം തയ്യാറാക്കിയാല്‍ പാവല്‍, പടവലം എന്നിവയും ചൂരയ്ക്ക, പീച്ചിങ്ങ പോലുള്ളവയും കൃഷിചെയ്യാം. വീടിനോട് ചേര്‍ന്ന് തണല്‍ ആവശ്യമുള്ള സ്ഥലത്ത് ഒരു കോവലിന്റെ പന്തല്‍ തയ്യാറാക്കാം. ഇത് ദീര്‍ഘകാല വിളയായതിനാല്‍ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ അടുക്കള വിഭവസമൃദ്ധമാക്കുവാന്‍ സാധിക്കും. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ശീതകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, ബീട്രൂട്ട്, ക്യാരറ്റ്, മല്ലിയില പുതിന ഇല എന്നിവ ഗ്രോബാഗുകളില്‍ കൃഷിചെയ്യാം. അതിര്‍ത്തികളില്‍ ഇലക്കറി വര്‍ഗ്ഗങ്ങളായ വിവിധ ഇനം ചീരകള്‍ കഷി ചെയ്യാവുന്നതാണ്. ചുവന്നചീരമാത്രം മഴക്കാലത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം.
പച്ചക്കറികളോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും ആസൂത്രണം ചെയ്യാം. ഇതില്‍ പ്രധാനി വാഴപ്പഴമാണ്. ഓണം കണക്കാക്കി ഒക്ടോബര്‍ മാസത്തില്‍ വാഴകന്നു നടാം. നേന്ത്രനാണ് നടേണ്ടത്. രണ്ടു വാഴക്കന്നുകള്‍ നേന്ത്രന്‍ നട്ടുകഴിഞ്ഞാല്‍ പിറ്റേമാസം രണ്ടുകന്ന് ഞാലിപ്പൂവന്‍ നടാം. തുടര്‍ന്നുള്ള മാസങ്ങളില്‍ രണ്ട് കന്നുവീതം റോബസ്റ്റ, പാളയംകോടന്‍ പൂവന്‍, ചാരപൂവന്‍, കദളി, ചെങ്കദളി, കാവേരി സാന്‍സിബാര്‍, പോപ്പല്‍ തുടങ്ങി സ്വാദിലും രൂപത്തിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ നടാം. അങ്ങനെ നടുമ്പോള്‍ ആദ്യം നട്ട കന്ന് 10 മാസം കുല സമ്മാനിക്കുമ്പോള്‍ തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വീട്ടുവളപ്പില്‍ നിന്നും വൈവിധ്യമാര്‍ന്ന വാഴക്കുലകള്‍ ലഭ്യമാകും. 2 കന്നുകള്‍ ഒരു മാസം നടുന്നത് അഞ്ചാം തിയ്യതിയും ഇരുപത്തിയഞ്ചാം തിയ്യതിയും ആയാല്‍ ഒരേ മാസത്തിന്റെ വ്യത്യസ്ത സമയത്ത് വാഴപ്പഴങ്ങള്‍ നമുക്ക് വീട്ടിലെ തീന്മേശയിലെത്തിക്കാം. വാഴപ്പഴങ്ങള്‍ പഴമായി ഉപയോഗിക്കുമ്പോള്‍ വാഴപ്പിണ്ടി, വാഴച്ചുണ്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ വേറെയും നമുക്ക് ഉറപ്പിക്കാം. ഇങ്ങനെ നടുമ്പോള്‍ 12 മാസത്തിലായി വിവിധ ഇനങ്ങളുടെ രണ്ടു വാഴത്തൈ എന്ന കണക്കില്‍ 24 വാഴയാണ് വീട്ടുവളപ്പില്‍ ഉണ്ടാവുന്നത്. ഇത്രയും വാഴയ്ക്ക് നിലനില്‍ക്കാന്‍ 2.5 സ്ഥലം ധാരാളം മതി.
മേല്‍പ്പറഞ്ഞ കൃഷികള്‍ക്ക് വളമായി ബയോഗ്യാസ് പ്ലാന്റുള്ളവര്‍ ബയോഗ്യാസ് സ്ലറി വെള്ളം ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. കൂടാതെ കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി ചേര്‍ത്ത് പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് കടയില്‍ ഒഴിച്ചുകൊടുക്കാം. കാര്യമായ രാസവളപ്രയോഗമോ ഇത്തരം കൃഷിക്ക് ആവശ്യമില്ല. ചെറിയ തോതിലുള്ള കീടരോഗ ആക്രമണങ്ങള്‍ പ്രകൃതി തന്നെ മിത്രകീടങ്ങളെ ഉപയോഗിച്ച് നിയന്ത്രിക്കും. വാണിജ്യകൃഷി അല്ലാത്തതിനാല്‍ ലാഭം എന്നതിനേക്കാളും ഗുണമേന്മയുള്ള ഭക്ഷ്യ ഉല്പന്നം എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ.
ആസൂത്രണം ചെയ്യുന്നതിന്റെ മറ്റൊരു ഗുണം ഒരേ ഇനം പച്ചക്കറി മാത്രം തൊടിയില്‍ ലഭ്യമായാലുള്ള ആവര്‍ത്തന വിരസത ഒഴിവാക്കുക കൂടിയാണ്. ഇങ്ങനെ ആസൂത്രണം ചെയ്താല്‍ എല്ലാ മാസവും വാഴപ്പഴം, പപ്പായ, ഇരുമ്പന്‍ പുളി, ഏപ്രില്‍-മെയ് മാസത്തില്‍ ചക്ക, മാങ്ങ, മഴക്കാലങ്ങളില്‍ വിവിധ പച്ചക്കറികള്‍ തണുപ്പുകാലത്ത് ശീതകാല പച്ചക്കറികള്‍ എന്നിങ്ങനെ തരുന്ന ഒരു അക്ഷയഖനിയായി നമ്മുടെ വീട്ടുവളപ്പിനെ മാറ്റാന്‍ നമുക്ക് കഴിയുന്നു. ഇതുകൂടാതെ സ്‌കൂള്‍ കുട്ടികളേയും ഇതിന്റെ ഭാഗമാക്കിയാല്‍ കുട്ടികള്‍ക്ക് വ്യക്തിത്വ വികാസത്തിനും ഇത് ഗുണം ചെയ്യും.
Thursday, 12th December 2024
Leave a Reply