Thursday, 12th December 2024



കുരുമുളക് കൃഷിക്ക് രണ്ടാം വളപ്രയോഗം നടത്താന്‍ സമയമായി. 150 ഗ്രാം രാജ്ഫോസ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 50 ഗ്രാം യൂറിയ എന്നിവ തടത്തില്‍ വിതറി മണ്ണിട്ട് മൂടണം. കൊടിയുടെ പ്രധാന തണ്ടില്‍ നിന്ന് 30 സെ.മീ. അകലത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ട് മൂടണം. വള്ളികള്‍ നശിച്ചിട്ടുണ്ടെങ്കില്‍ പുതിയ വള്ളികള്‍ നടാവുന്ന സമയമാണിത്. ഇളം കുരുമുളക് മണികളില്‍ പൊള്ളുവണ്ടുകളുടെ ഉപദ്രവം നിയന്ത്രിക്കാനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ തുടങ്ങിയ ജൈവ കീടനാശിനികള്‍ ഉപയോഗിക്കാം.
ഏലത്തിന്‍റെ വിളവെടുപ്പ് സമയമാണിത്. നല്ല പച്ചനിറം ലഭിക്കുന്നതിനായി കായ്കള്‍ പഴുക്കുന്നതിന് മുമ്പ് പറിച്ച് സംസ്ക്കരണം നടത്തണം. വിത്ത് പാകി പുതിയ തൈകള്‍ ഉണ്ടാക്കുന്നതിന് പറ്റിയ സമയമാണിത്. നല്ല മേല്‍ത്തരം സ്വഭാവഗുണങ്ങളോടുകൂടിയ മാതൃചെടികളില്‍ നിന്ന് വിത്ത് ശേഖരിക്കാം. 30 സെ.മീ.വരെ ഉയരമുള്ള വാരങ്ങള്‍ ഒരു മീറ്റര്‍ വീതിയിലെടുക്കാം. 10 സെ.മീ. അകലത്തില്‍ നിരകളായി വിത്തിടേണ്ടതാണ്. പൊടിമണ്ണ് വിതറി പുതയിടണം. മഴയില്ലെങ്കില്‍ ജലസേചനം നടത്തണം. രണ്ടാം തവാരണയില്‍ കളയെടുപ്പ് മണ്ണിടീല്‍ ജലസേചനം മുതലായവ തുടരാം.
ഇഞ്ചി, മഞ്ഞള്‍ എന്നിവയ്ക്ക് കളയെടുപ്പ്, മണ്ണിടീല്‍ എന്നിവ തുടരാം. ഇഞ്ചിയിലെ മൂട്ചീയല്‍ രോഗം കണ്ടാല്‍ അവ നിര്‍ബന്ധമായും നീക്കം ചെയ്യണം. വാരങ്ങളില്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒഴിച്ചുകൊടുക്കണം. ഇവയുടെ ഇലചീയല്‍ രോഗം നിയന്ത്രിക്കുവാനായി ബോര്‍ഡോമിശ്രിതം തളിക്കുന്നതും ഫലപ്രദമാണ്.
ജാതി, ഗ്രാമ്പു മുതലായവയുടെ ഇലപ്പൊട്ട് , ചില്ലകരിച്ചില്‍ തുടങ്ങി കുമിള്‍രോഗങ്ങള്‍ ബോര്‍ഡോമിശ്രിതം തളിച്ച് നിയന്ത്രിക്കാവുന്നതാണ്. ആഗസ്റ്റ് മാസത്തില്‍ വളം ചേര്‍ത്തിട്ടില്ലെങ്കില്‍ രണ്ടാം വളപ്രയോഗം സെപ്തംബറില്‍ നല്‍കാം.
വഴുതന, തക്കാളി, പാവല്‍, പടവലം, മത്തന്‍, മുരിങ്ങകമ്പുകള്‍, പയര്‍ , ശീതകാല പച്ചക്കറികള്‍ തുടങ്ങിയവ നടാന്‍ പറ്റിയ സമയമാണിത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *