Thursday, 12th December 2024

മിയ്ക്കവാറും കേരളത്തിലെ എല്ലാ കാപ്പിമേഖലകളിലും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം താരതമ്യേന നന്നായി ലഭിച്ചത്, കാപ്പിയുടെ ശാഖകളുടെയും, കായ്കളുടെയും വളര്‍ച്ചക്ക് സഹായകരമായിട്ടുണ്ട്. മഴക്കാലത്തിനു ശേഷമുള്ള വളപ്രയോഗം കാപ്പിയുടെ ശാഖകളുടെയും, വേരുകളുടെയും വളര്‍ച്ചക്കും, ഇലകള്‍ പൊഴിയാതെ കൂടുതല്‍ കാലം ചെടിയില്‍ നിലനില്‍ക്കാനും, പരിപ്പിന്‍റെ ഗുണമേന്‍മ മെച്ചപ്പെടുവാനും, ചെടിയുടെ കരുത്ത് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
മണ്ണ് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ വള പ്രയോഗം ചെയ്യുന്നതാണ് അഭികാമ്യം. മഴക്ക് ശേഷമുള്ള വള പ്രയോഗത്തില്‍ അതായത് സെപ്റ്റംബര്‍ ആദ്യ പകുതിക്കുള്ളില്‍ ഫാക്റ്റംഫോസ് (20:20:0:13) ഉള്‍പെടുത്തുന്നത്, മണ്ണിലെ സള്‍ഫറിന്‍റെ അളവ് മെച്ചപ്പെടുത്തുന്നതിനും, കാപ്പിയുടെ രുചി കൂടുന്നതിനും സഹായിക്കുന്നു.

മണ്ണ് പരിശോധന നടത്താത്ത കര്‍ഷകര്‍ക്ക് വിളവിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന വള പ്രയോഗ ശുപാര്‍ശകള്‍
റോബസ്റ്റയില്‍ ഏക്കറിന് ശരാശരി 500 കിലോഗ്രാം പരിപ്പ് ലഭിക്കുകയും, വര്‍ഷത്തില്‍ രണ്ടു തവണ വളപ്രയോഗം നടത്തുകയും ചെയ്യുന്ന തോട്ടങ്ങളാണെങ്കില്‍ 17 കിലോഗ്രാം യൂറിയ,138 കിലോഗ്രാം ഫാക്റ്റംഫോസ്, 59 കിലോഗ്രാം പൊട്ടാഷ് എന്നിവ മിശ്രിതമാക്കി ഇട്ടു കൊടുക്കുക. ഇതിനു പകരമായി കോംപ്ലക്സ് വളങ്ങളായ 19:19:19 – 184 കിലോഗ്രാം അല്ലെങ്കില്‍ 17:17:17- 206 കിലോഗ്രാം അല്ലെങ്കില്‍ 15:15:15 -233 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കാവുന്നതാണ്.
റോബസ്റ്റയില്‍ ഏക്കറിന് ശരാശരി 1000 കിലോഗ്രാം പരിപ്പ് ലഭിക്കുകയും,വര്‍ഷത്തില്‍ മൂന്നു തവണ വള പ്രയോഗം നടത്തുകയും ചെയ്യുന്ന തോട്ടങ്ങളാണെങ്കില്‍ 21 കിലോഗ്രാം യൂറിയ,150 കിലോഗ്രാം ഫാക്റ്റംഫോസ്,67 കിലോഗ്രാം പൊട്ടാഷ് എന്നിവ മിശ്രിതമാക്കി ഇട്ടു കൊടുക്കുക. ഇതിനു പകരമായി കോംപ്ലക്സ് വളങ്ങളായ 19:19:19 – 210 കിലോഗ്രാം അല്ലെങ്കില്‍ 17:17:17- 235 കിലോഗ്രാം അല്ലെങ്കില്‍ 15:15:15 -267 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കാവുന്നതാണ്.
അറബിക്ക തോട്ടങ്ങളില്‍ ഏക്കറിന് ശരാശരി 400 കിലോഗ്രാം പരിപ്പ് കിട്ടുന്നുവെങ്കില്‍ 13 കിലോഗ്രാം യൂറിയ,120 കിലോഗ്രാം ഫാക്റ്റംഫോസ്,51 കിലോഗ്രാം പൊട്ടാഷ് എന്നിവ മിശ്രിതമാക്കി ഇട്ടു കൊടുക്കുക.ഫാക്റ്റംഫോസ് ലഭ്യമല്ലെങ്കില്‍ കോംപ്ലക്സ് വളങ്ങളായ 19:19:19 – 158 കിലോഗ്രാം അല്ലെങ്കില്‍ 17:17:17- 177 കിലോഗ്രാം അല്ലെങ്കില്‍ 15:15:15 -200 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കാവുന്നതാണ്.
ഉത്പാദനം ആരംഭിക്കാത്ത ചെറിയ ചെടികളില്‍ എന്‍.പി.കെ. കോംപ്ലക്സ് വളങ്ങളായ 20:20:0:13 അല്ലെങ്കില്‍ 19:19:19 അല്ലെങ്കില്‍ 17:17:17 ഇവയിലേതെങ്കിലും ഒന്ന് അറബിക്കയില്‍ ചെടിയൊന്നിനു 50-75 ഗ്രാം വരെയും,റോബസ്റ്റയില്‍ ചെടിയൊന്നിന് 100 മുതല്‍ 125 ഗ്രാം വരെയും മണ്ണിലെ ഈര്‍പ്പത്തിനനുസരിച്ചു സെപ്റ്റംബര്‍ ആദ്യ പകുതിക്കുള്ളില്‍ ഇട്ടു കൊടുക്കാവുന്നതാണ്.
വള പ്രയോഗം ചെയ്യുന്നതിന് മുന്‍പായി തായ്ത്തടിക്കു ചുറ്റും ഒന്നര അടി അകലത്തില്‍ ചപ്പുചവറുകള്‍ നീക്കം ചെയ്ത് ഫോര്‍ക്കോ, മരക്കമ്പോ ഉപയോഗിച്ച് മണ്ണ് ഇളക്കി കൊടുക്കുക. പിന്നീട് വളം ഒരേപോലെ തുല്യമായി തായ്തടിക്കു ചുറ്റും ഇട്ടുകൊടുത്തതിന് ശേഷം മണ്ണും, ചപ്പും ഉപയോഗിച്ച് മൂടുക.
ഈ രീതിയില്‍ വളപ്രയോഗം ചെയ്യുമ്പോള്‍ പോഷകം പരമാവധി ചെറുവേരുകള്‍ക്ക് വലിച്ചെടുക്കുവാന്‍ കഴിയുന്നു. ഈ രീതിയിലുള്ള വളപ്രയോഗം വളരെ കാര്യക്ഷമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കൂടാതെ ഇട്ടു കൊടുക്കുന്ന വളത്തിന്‍റെ ബാഷ്പീകരണം, ഒലിച്ചു പോക്ക് എന്നിവ തടയാനും ഈ രീതി സഹായകരമാണ്.
കൂടാതെ പോഷക മിശ്രിതങ്ങളും, ഹോര്‍മോണ്‍ ലായനികളും ഇലകളില്‍ സെപ്റ്റംബര്‍ ആദ്യ പകുതിയില്‍ തളിച്ച് കൊടുക്കുന്നത് കായ് വളര്‍ച്ചയെ ത്വരിതപെടുത്താനും, കായ് പൊഴിച്ചില്‍ നിയന്ത്രിക്കാനും, അടുത്ത സീസണിലേക്ക് കൂടുതല്‍ പൂ മൊട്ടുകള്‍ ഉണ്ടാകുവാനും സഹായിക്കുന്നു. 50 മില്ലി പ്ലാനോഫിക്സിന്‍റെ കൂടെ 1 കിലോഗ്രാം 19:19:19, 1 കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 500 ഗ്രാം സിങ്ക് സള്‍ഫേറ്റ്,100 ഗ്രാം ബോറിക് ആസിഡ് അല്ലെങ്കില്‍ 250 ഗ്രാം ബോറാക്സ്, 250 ഗ്രാം മെഗ്നീഷ്യം സള്‍ഫേറ്റ്, 50 ഗ്രാം അമോണിയും മോളിബ്ഡേറ്റ് എന്നിവ 200 ലിറ്റര്‍ വെള്ളത്തില്‍ 70 മില്ലി അപ്സ എന്ന പശയോ അല്ലെങ്കില്‍ 200 മില്ലി മറ്റേതെങ്കിലും പശയോ ചേര്‍ത്ത് ഇലകളില്‍ തളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *