Friday, 22nd September 2023

അനിൽ ജേക്കബ് കീച്ചേരിയിൽ

കമ്പോളങ്ങളില്‍ ലഭ്യമാകുന്ന പച്ചക്കറിയിനങ്ങള്‍ മിക്കതും തീര്‍ത്തും വിഷലിപ്തവും മനുഷ്യന് മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയുമാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പഠനങ്ങളുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പുതിയിന ഇലയില്‍ 78.94 ശതമാനവും , കറിവേപ്പിലയില്‍ 57.14 ശതമാനവും, ചുവപ്പ് ചീരയില്‍ 50 ശതമാവും, പച്ചമുളകില്‍ 35 ശതമാനവും പച്ച ചീരയില്‍ 25 ശതമാനവും വിഷാംശങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നുവെന്നതാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ പരുത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിഷം വര്‍ഷിക്കുന്ന വിളയായി പച്ചക്കറി മാറി. ഫലമോ കാന്‍സര്‍, ആസ്ത്മ, അംഗവൈകല്യമുള്ളതും മാനസിക വളര്‍ച്ചയെത്താത്തതുമായ ശിശുജനനം. ഇതൊക്കെ ഭീതിതമാം വിധം കേരളത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. ലാഭേച്ഛ മാത്രം മുന്നില്‍ക്കണ്ട് കൃഷിയിറക്കി ഉല്‍പന്നം വിളയിക്കുന്ന കര്‍ഷകരുടെ ക്രൂരവിനോദം കേരളത്തിന് ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്.
സന്ദര്‍ഭത്തില്‍ ലഭ്യമാകുന്ന പച്ചക്കറി ഉത്പന്നങ്ങളിലെ വിഷാംശം മാത്രം എങ്ങിനെ അകറ്റാം എന്ന് മനസ്സിലാക്കാം.
പയര്‍വര്‍ഗ്ഗ പച്ചക്കറികള്‍ നല്ലതുപോലെ ഉരസി കഴുകിയ ശേഷം, രണ്ട് ലിറ്റര്‍ വെള്ളത്തില്‍ 40 മി.ലി. വിനാഗിരി ചേര്‍ത്ത ലായനിയില്‍ 15 മിനിട്ട് മുക്കിവെക്കുക. തുടര്‍ന്ന് നല്ല ശുദ്ധജലത്തില്‍ കഴുകി വെള്ളം വാര്‍ത്തുകളഞ്ഞ് ഇഴയകലമുള്ള തുണികളില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. വിനാഗിരിക്ക് പകരം 40 ഗ്രാം വാളന്‍പുളിയും കുറച്ച് തവിടും രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പിണ്ടി പിഴിഞ്ഞെടുത്തശേഷം ലഭിക്കുന്ന ലായനിയും ഉപയോഗിക്കാം.
ഇലവര്‍ഗ്ഗ പച്ചക്കറികളില്‍ ഏറ്റവും വിഷം കറിവേപ്പിലയിലാണ്. ഇലക്കറികള്‍ നന്നായി ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയശേഷം മേല്‍പറഞ്ഞ വാളന്‍പുളി ലായനിയില്‍ 15 മിനിട്ട് മുക്കിവെച്ചശേഷം, ശുദ്ധജലത്തില്‍ കഴുകി ഇഴയകന്ന തുണി സഞ്ചികളില്‍ ഈര്‍പ്പമകറ്റി സൂക്ഷിക്കാവുന്നതാണ്. വെള്ളരിവര്‍ഗ്ഗ പച്ചക്കറികളായ പാവല്‍, പടവലം, കണിവെള്ളരി, സലാഡ് വെള്ളരി, മത്തന്‍, കോവല്‍, ഇളവന്‍, കുമ്പളം തുടങ്ങിയവയില്‍ ഏറ്റവും വിഷം പേറുന്നത് വെള്ളരി, പടവലം, പാവയ്ക്ക എന്നിവയാണ്. ഈ പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നല്ലതുപോല ബ്രഷ് ഉപയോഗിച്ച് ഉരച്ചുകഴുകി 15 മിനിട്ട് വിനാഗിരി ലായനിയിലോ പുളി ലായനിയിലോ വെച്ചശേഷം ശുദ്ധജലത്തില്‍ കഴുകി ഫ്രിഡ്ജിലേക്ക് മാറ്റാം.
കിഴങ്ങുവര്‍ഗ്ഗ വിളകളായ ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, മരച്ചീനി എന്നിവയും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിഡ്ജുകളിലേക്ക് മാറ്റാന്‍. ചേനമുറിച്ച് ഈര്‍പ്പം ഒഴിവാക്കി ഇഴയകലമുള്ള തുണിസഞ്ചികളില്‍ ഫ്രിഡ്ജുകളില്‍ സൂക്ഷിക്കാം. പാചകം ചെയ്യുന്ന സന്ദര്‍ഭത്തില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ തൊലി കളയുന്നതോടെ വിഷം പൂര്‍ണ്ണമായും ഒഴിവാക്കിക്കിട്ടും.
ശീതകാല പച്ചക്കറിയിനങ്ങളില്‍ കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ പുറമെയുള്ള ഇലകള്‍ നീക്കംചെയ്തശേഷം ശുദ്ധജലത്തില്‍ നന്നായി കഴുകി വിനാഗിരി ലായനിയിലോ പുളിലായനിയിലോ 15 മിനിട്ട് മുക്കിവെച്ചശേഷം പുറത്തെടുത്ത് പല ആവര്‍ത്തി കഴുകി പാചകത്തിന് ഉപയോഗിക്കാം. കോളിഫ്ളവര്‍ കഷണങ്ങള്‍ ഒരു ദിവസത്തിലധികം ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയില്‍ വിഷാംശം തീരെ കുറവാണ്. ശുദ്ധജലത്തില്‍ നന്നായി കഴുകി തൊലികളഞ്ഞ് വീണ്ടും ശുദ്ധജലത്തില്‍ പല ആവര്‍ത്തി കഴുകി സുഷിരങ്ങളുള്ള പാത്രത്തില്‍ 12 മണിക്കൂറെങ്കിലും കഴിഞ്ഞ് തുണിസഞ്ചിയിലേക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ വെജിവാഷ് എന്ന ലായനി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് പച്ചക്കറികള്‍ മുക്കിവെച്ച സേഷവും മുകളില്‍ പറഞ്ഞപ്രകാരം സൂക്ഷിക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *