Saturday, 20th April 2024

കേരളത്തിലെ ജനങ്ങള്‍ക്ക് വിഷമയമില്ലാത്ത സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി കര്‍ഷകരെ സജ്ജരാക്കുകയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ജീവാണു ജൈവവളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അതു വഴി കര്‍ഷകര്‍ക്ക് പരമാവധി ഉല്‍പ്പാദന ചിലവ് കുറയ്ക്കുന്നതിനും ജീവാണു ജൈവവളങ്ങളുടെ പരിശോധന അത്യാവശ്യമാണ്. അതിനാല്‍ തന്നെ ഈ ലാബിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം കേരളത്തിലെ കര്‍ഷകര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്ന കാര്യമാണ് എന്ന് ബഹു. കേരള മുഖ്യമന്ത്രി    പിണറായി വിജയന്‍ അവര്‍കള്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ നെല്ലറയായ പാലക്കാട് പട്ടാമ്പിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജീവാണു ജൈവവളഗുണനിയന്ത്രണ ശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കേരളത്തിന്‍റെ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍  ഡോ.കെ.വാസുകി ഐ.എ.എസ് സ്വാഗതം ആശംസിച്ച പരിപാടിയില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി & കാര്‍ഷികോത്പാദന കമ്മീഷണര്‍ ആയ ഇഷിത റോയ് ഐ.എ.എസ് റിപ്പോര്‍ട്ട് അവതരണവും പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ മുഖ്യ പ്രഭാഷണവും നടത്തി. അഡ്വ:ശാന്തകുമാരി.കെ (പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്), ഡോ. കാര്‍ത്തികേയന്‍ (അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആര്‍.എ.ആര്‍.എസ്, പട്ടാമ്പി), ഡോ. സുമയ്യ (പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, കെ.വി കെ പട്ടാമ്പി), ശ്രീലത.പി (കൃഷി അഡീഷണല്‍ ഡയറക്ടര്‍) എന്നിവര്‍ ഉദ്ഘാടന പരിപാടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ശുദ്ധമായ വിഷരഹിതമായ ഭക്ഷണം കഴിക്കാന്‍ പൊതുസമൂഹം തന്നെ താല്‍പ്പര്യപ്പെടുന്നു. കേരളത്തിലെ ജൈവകൃഷിക്കും സുരക്ഷിത ഭക്ഷണത്തിന്‍റെ ലഭ്യതയ്ക്കും കാര്‍ഷികമേഖലയ്ക്ക് കരുത്തു പകരുന്നതിനും കേരളത്തിലെ ആദ്യത്തെ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല സഹായിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതിനകം സംസ്ഥാനത്ത് മിക്ക വീടുകളിലും ചെറിയതോതിലെങ്കിലും പച്ചക്കറി കൃഷിയും 619 ജൈവ ക്ലസ്റ്ററുകള്‍ രൂപീകരിച്ചുള്ള കൃഷിയും, 1500 പച്ചക്കറി ജൈവക്ലസ്റ്ററുകളും തുടങ്ങിയിട്ടുണ്ടണ്ട്.  സംയോജിത കൃഷിരീതികളാണ് ശരിയായ മാര്‍ഗ്ഗമെങ്കിലും പെട്ടെന്ന് കൂടുതല്‍ വിളവ് ലഭിക്കുവാന്‍ രാസവളങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായി. എന്നാല്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ജൈവകൃഷിയിലേക്കുള്ള  ഒരു ചുവടുമാറ്റം ആശാവഹമാണ്. രാസവളങ്ങളുടെ അധികരിച്ച ഉപയോഗം മൂലം ഭൗതികരാസഗുണങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന മണ്ണിന്‍റെ ആരോഗ്യവും ഘടനയും വീണ്ടടുക്കുന്നതിന് ജീവാണു ജൈവവളങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ച് മണ്ണില്‍ സൂക്ഷ്മ ജീവികളുടെയും ജൈവാംശത്തിന്‍റെയും അളവ് കൂട്ടേണ്ടതുണ്ട്. പ്രാദേശികമായും വ്യാവസായികമായും ഉല്‍പ്പാദിപ്പിക്കുന്ന വളങ്ങള്‍ക്ക് പുറമെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുത്തി കര്‍ഷകര്‍ക്ക്  വിതരണം നടത്തുന്ന എല്ലാ ജീവാണു ജൈവവളങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഇനി മുതല്‍ എളുപ്പത്തില്‍ സാധിക്കും. കര്‍ഷകര്‍ക്ക്  ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കാം. ഇതു വരെ കേരളത്തില്‍ ഈ ഒരു സംവിധാനം ഇല്ലാതിരുന്നതിനാല്‍ ബാംഗ്ലൂര്‍, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ആയിരുന്നു പരിശോധനയ്ക്ക് അയച്ചിരുന്നത്. അപ്പോഴുണ്ടായിരുന്ന ചിലവും കാലതാമസവും ഒഴിവാക്കുന്നതിന് ഇവിടെ ഉദ്ഘാടനം ചെയ്ത ജീവാണു ജൈവവളഗുണനിയന്ത്രണ ശാല സഹായിക്കും. പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡ് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ച ജീവാണു ജൈവവളഗുണനിയന്ത്രണ ശാലയുടെ നിര്‍മ്മാണത്തിനായും   പരിശോധന ഉപകരണങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്കായും 144.89 ലക്ഷം രൂപ ഇതിനകം സര്‍ക്കാര്‍  ചെലവഴിച്ചിട്ടുണ്ട്. 2019ല്‍ ലാബിന് നോട്ടിഫിക്കേഷനും ലഭിച്ചു. ലാബ് പ്രവര്‍ത്തിക്കുന്നതിന് വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്‌. ലാബിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി സ്ഥിരം നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കര്‍ഷകര്‍ക്ക് ലഭിക്കുന്ന ജീവാണു ജൈവവളങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നുള്ള കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനില്‍ കുമാറിന്‍റെ നിര്‍ബന്ധം ആയിരുന്നു ഈ ലാബിന്‍റെ സാക്ഷാത്കാരത്തിന് കാരണമായത് എന്ന് അഡീഷണല്‍ ഡയറക്ടര്‍ ശ്രീലത.പി സൂചിപ്പിച്ചു. ജീവാണു ജൈവവള ഗുണനിയന്ത്രണശാല പ്രവര്‍ത്തിച്ചു തുടങ്ങിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് പട്ടാമ്പിയിലെയും കേരളത്തിലെയും കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും. ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന സര്‍ക്കാര്‍ ദൗത്യത്തിന് വളരെ പ്രയോജനപ്രദമായിരിക്കും ഈ ലാബ് സംവിധാനം.  ഉദ്ഘാടന ചടങ്ങിന് പാലക്കാട് (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍   വി. സുരേഷ്ബാബു നന്ദി അറിയിച്ചു.

Read more at: https://newswayanad.in/2020/10/34815
Copyright © Newswayanad.in

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *