പുകയിലക്കഷായം
അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. വെള്ളത്തില്‍ മുക്കിവച്ച പുകയില കഷണങ്ങള്‍ പിഴിഞ്ഞ് പുകയിലച്ചണ്ടി മാറ്റുക. 120 ഗ്രാം ബാര്‍ സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായരിഞ്ഞ് ലയിപ്പിച്ചെടുത്ത ലായനി പുകയിലച്ചാറുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം 6-7 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കാം.
വേപ്പിന്‍കുരു മിശ്രിതം
10 ഗ്രാം വേപ്പിന്‍കുരു നന്നായി അരച്ചോ, പൊടിച്ചോ തുണിക്കിഴിയില്‍ കെട്ടി 12 മണിക്കൂര്‍ നേരം ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. കുരുവിന്‍റെ സത്ത് നന്നായി ഊറി ഇറങ്ങത്തക്കവണ്ണം കിഴി ഞെക്കി പിഴിയണം. ഇങ്ങനെ കിട്ടുന്ന 0.1% വീര്യമുള്ള വേപ്പിന്‍മിശ്രിതം നല്ലൊരു കീടനാശിനിയാണ്. ഇലതീനിപ്പുഴുക്കള്‍, തുള്ളന്‍ എന്നിവയെ നിയന്ത്രിക്കാന്‍ നല്ലതാണ്.
മണ്ണെണ്ണക്കുഴമ്പ്
ബാര്‍സോപ്പ്, മണ്ണെണ്ണ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍ 500 ഗ്രാം സാധാരണ ബാര്‍ സോപ്പ് അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കി ലയിപ്പിക്കുക. ലായനി തണുത്തുകഴിയുമ്പോള്‍ ഇതിലേക്ക് 9 ലിറ്റര്‍ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് പകരുക. ഇതില്‍ 15-20 ഇരട്ടി വെള്ളം ചേര്‍ത്ത് ഇളക്കിയശേഷം ചെടികളില്‍ തളിക്കാം. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ സഹായിക്കും.
വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം
രണ്ടു ശതമാനം വീര്യത്തില്‍ 10 ലിറ്റര്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്നതിന് 200 മി.ലിറ്റര്‍ വേപ്പെണ്ണ, 200 ഗ്രാം വെളുത്തുള്ളി, 50 ഗ്രാം ബാര്‍ സോപപ് എന്നിവ വേണ്ടിവരും. ബാര്‍സോപ്പ് ചീകിയെടുത്ത്, 500 മി.ലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ നല്ലതുപോല ലയിപ്പിച്ച്, 200 മി.ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കി പതപ്പിക്കണം. വെളുത്തുള്ളി നല്ലപോലെ അരച്ച് സത്ത് പിഴിഞ്ഞെടുത്ത് വെള്ളം ചേര്‍ത്ത് 300 മി.ലിറ്റര്‍ ആക്കി വേപ്പെണ്ണ സോപ്പുമായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ഒരു ലിറ്റര്‍ മിശ്രിതത്തിലേക്ക് 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ തളിച്ചുകൊടുക്കാവുന്നതാണ്. ഇഞ്ചിയിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
ബോര്‍ഡോ മിശ്രിതം
100 ഗ്രാം തുരിശ് പൊടിച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക 5 ലിറ്റര്‍ വെള്ളത്തില്‍ വേറെലയിപ്പിക്കുക. തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ ലായനിയില്‍ തേച്ചുമിനുക്കിയ ഒരു ഇരുമ്പുകത്തി കുറച്ചുനേരം മുക്കിവയ്ക്കുക. കത്തിമുനയില്‍ ചെമ്പിന്‍റെ പൊടി അടിയുന്നതായി കാണുന്നുവെങ്കില്‍ കുറച്ചുകൂടി ചുണ്ണാമ്പുലായനി അല്‍പ്പാല്‍പ്പമായി ചേര്‍ക്കുക. നല്ലതുപോലെ തയ്യാര്‍ ചെയ്ത ബോര്‍ഡോമിശ്രിതത്തിന് നല്ല നീലനിറമായിരിക്കും. ബോര്‍ഡോമിശ്രിതം തയ്യാറാക്കാന്‍ ചെമ്പുപാത്രങ്ങളോ, മണ്‍പാത്രങ്ങളോ, പ്ലാസ്റ്റിക് പാത്രങ്ങളോ ഉപയോഗിക്കണം. മാത്രമല്ല മിശ്രിതം ഉണ്ടാക്കിയാലുടന്‍ അന്നുതന്നെ ഉപയോഗിക്കുകയും വേണം.
Thursday, 21st November 2024
Leave a Reply