നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന റോയല്‍റ്റിക്കായി സെപ്തംബര്‍ 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 40 കോടി രൂപ ഇതിനായി വകയിരുത്തി.
ഭുവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
www.aims.kerala.gov.in പോര്‍ട്ടലിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രശീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സോ പാന്‍കാര്‍ഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി. കോഡും മറ്റും ഉള്‍പ്പെടുന്ന ബാങ്ക് പാസ്ബുക്കിന്‍റെ പേജ്, കാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്ലോഡ് ചെയ്യണം.
ഒക്ടോബര്‍ ആദ്യം നെല്ലുസംഭരണം
സപ്ലൈകോ മുഖേനയുള്ള ഒന്നാം വിള നെല്ലുസംഭരണം ഒക്ടോബര്‍ ആദ്യം ആരംഭിക്കും. കിലോയ്ക്ക് 27.48 രൂപ നിരക്കിലാണ് സംഭരണം. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം നിലവില്‍ വന്നു.
കഴിഞ്ഞവര്‍ഷം ഒന്നാംവിള നെല്ലു സംഭരണത്തിനു സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത കൃഷിക്കാര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇവരുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. മുന്‍വര്‍ഷം നല്‍കിയ വിശദാംശങ്ങളില്‍ തിരുത്തോ മാറ്റമോ ഉണ്ടെങ്കില്‍ അതതു കൃഷിഭവനുകളില്‍ നേരിട്ടോ ഇമെയിലിലോ അപേക്ഷ നല്‍കാമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അലി അസ്കര്‍ പാഷ അറിയിച്ചു. നെല്ലെടുപ്പു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.
Thursday, 12th December 2024
Leave a Reply