Friday, 29th September 2023

ഓരോ സ്ഥലത്തുമുള്ള ആടുകള്‍ക്ക് പൊതുവായ ആകൃതിയും നിറങ്ങളും സ്വഭാവങ്ങളും കാണുവാന്‍ സാധിക്കുന്നുണ്ട് ആയതിനുള്ള പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയിലുള്ള പ്രത്യേകതകളിലുള്ള വേര്‍തിരിവ് കാരണവും ഓരോ പ്രദേശങ്ങളിലുള്ള ആടുകള്‍ ഇണചേരുകയും അങ്ങനെ ലഭിക്കുന്ന ആടുള്‍ പ്രത്യേക വിഭാഗങ്ങളിലായിമാറുകയും ചെയ്യുന്നു. ഇങ്ങനെ സാമ്യമുള്ള ആടുകളെ ജനുസ്സ് എന്നാണ് വിളിക്കപ്പെടുന്നത്. ബീറ്റല്‍, ജമുനാപ്യാരി, ബാര്‍ബറി, സിരോഹി, മലബാറി, ഝാക്കറാന, എന്നിവയാണ് പ്രധാന ജനുസ്സുകള്‍.
മലബാറി ആടുകള്‍
മലബാറിലുണ്ടായിരുന്ന ആടുകളുടേയും അറേബ്യന്‍ കച്ചവടക്കാര്‍ കൊണ്ടുവന്ന ആടുകളുടേയും സങ്കരസന്തതികളാണ് മലബാറി ആടുകള്‍. തവിട്ടും വെളുപ്പും കലര്‍ന്നതും വെളുപ്പും കറുപ്പും ചേര്‍ന്നവയും വെളുപ്പ്, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലും പൊതുവെ ഇവയെ കാണാവുന്നതാണ്. ഈ ഇനത്തില്‍പ്പെട്ട ആടുകള്‍ക്ക് കുറ്റിരോമമുള്ളതും ചിലതിന് നീണ്ട രോമമുള്ളവയായും കാണുവാന്‍ സാധിക്കും.
തലശ്ശേരി, വടകര എന്നീ പ്രദേശങ്ങളിലാണ് ഈ ഇനത്തില്‍പെട്ടവയെ കണ്ടുവരുന്നത്. തലശ്ശേരി ആടുകള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഇതേ ജനുസ്സില്‍തന്നെ കൊമ്പില്ലാത്ത ഒരിനത്തെക്കൂടി കാണുന്നുണ്ട്.
ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ലഭിക്കുന്ന ഇവയ്ക്ക് കറവകാലയളവില്‍ ശരാശരി 110-130 ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ട്. ആണാടുകള്‍ക്ക് 45 കിലോഗ്രാം വരെയും പെണ്ണാടുകള്‍ക്ക് 35 കിലോഗ്രാം വരേയും തൂക്കമുണ്ട്.
ജമുനാപ്യാരി
മുന്നിലേക്ക് തള്ളിനില്‍ക്കുന്ന വളഞ്ഞ നാസിക, നീണ്ട് പാര്‍ശ്വങ്ങളിലേക്ക് തൂങ്ങിക്കിടക്കുന്ന ചെവി എന്നിവ ഈ ഇനത്തില്‍പെട്ടവയുടെ ശാരീരിക പ്രത്യേകതകളാണ്. മഞ്ഞകലര്‍ന്ന വെള്ളനിറമോ, തൂവെള്ളനിറമോ ഉള്ള ഇവയ്ക്ക് ശരീരത്തില്‍ കറുപ്പോ, ചുവപ്പോ നിറത്തിലുള്ള പുള്ളികള്‍ ഉണ്ട്. ഇവയുടെ കറവകാലം പൊതുവെ 240 ദിവസങ്ങളാണ്. 170 ലിറ്റര്‍ മുതല്‍ 210 ലിറ്റര്‍ വരെ ശരാശരി ലഭിക്കുന്നുണ്ട്. ശരീരവളര്‍ച്ചയും നല്ല ഉയരവും ഉള്ള മുട്ടനാടുകള്‍ക്ക് 75 മുതല്‍ 95 കിലോഗ്രാം വരെയും പെണ്ണാടുകള്‍ക്ക് 55 മുതല്‍ 80 കിലോഗ്രാം വരെയും തൂക്കം ലഭിക്കുന്നുണ്ട്.
ഗംഗ, യമുന, ചാമ്പല്‍ എന്നീ നദികള്‍ക്കിടയിലുള്ള സ്ഥലങ്ങളിലും ഉത്തര്‍പ്രദേശിലെ ആഗ്രഹ, ഈത്താവ, മഥുര എന്നീ ജില്ലകളിലും ഇവയെ കാണപ്പെടുന്നുണ്ട്.
ബീറ്റല്‍
കറുപ്പ്, വെള്ള, തവിട്ട് എന്നീ നിറങ്ങളില്‍ ഇവയെ പ്രധാനമായും കണ്ടുവരുന്നുണ്ട്. തലയും മൂക്കും ജമുനാപ്യാരിയെപ്പോലെ ആണെങ്കിലും ചെവിയൂടെ നീളം ജമുനാപ്യാരിയെ അപേക്ഷിച്ച് കുറവാണ്.
പഞ്ചാബിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. 185 ദിവസം കറവക്കാലമുള്ള ഇവയ്ക്ക് 180 ലിറ്റര്‍ പാല്‍വരെ ലഭിക്കും. പെണ്ണാടുകള്‍ക്ക് 45 കിലോഗ്രാമും മുട്ടനാടുകള്‍ക്ക് 70 കിലോഗ്രാം തൂക്കവും ലഭിക്കും.
സിരോഹി
രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ഇവയുടെ സ്വദേശം. എങ്കിലും രാജസ്ഥാനിലും ഗുജറാത്തിലും പ്രധാനമായും ഇവയെ കണ്ടുവരുന്നുണ്ട്. തവിട്ടുനിറത്തിലുള്ള ശരീരത്തില്‍ ഇളംതവിട്ടോ കടും തവിട്ടോ നിറത്തിലുള്ള പാണ്ടുകള്‍ കാണപ്പെടും. കഴുത്തില്‍ 2 ഉപാംഗങ്ങള്‍ തൂങ്ങിക്കിടക്കുന്ന ഇവയ്ക്ക് കൊമ്പുകള്‍ ചെറുതും മേല്‍പ്പോട്ടും പിന്നോട്ടും വളഞ്ഞതുമായിരിക്കും. 180 ദിവസം നീണ്ടുനില്‍ക്കുന്ന കറവക്കാലത്ത് 250 ലിറ്റര്‍ പാല്‍ ലഭിക്കും. ആണാടിനും പെണ്ണാടിനും യഥാക്രമം 60 കിലോഗ്രാം, 40 കിലോഗ്രാം എന്നീ തൂക്കം ലഭിക്കും.
ബാര്‍ബറി
മുന്നോട്ട് എഴുന്നേറ്റ് നില്‍ക്കുന്ന കുഴല്‍പോലെ തോന്നിക്കുന്ന ചെറിയ ചെവികളാണ് ഇതിന്‍റെ സവിശേഷത. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ഇവയെ പ്രധാനമായും കണ്ടുവരുന്നു. വെള്ള നിറത്തിലുള്ള ശരീരത്തില്‍ ചാരനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുന്നു. ദിവസേന ശരാശരി 1 മുതല്‍ ഒന്നേകാല്‍ ലിറ്റര്‍ പാല്‍ വരെ ലഭിക്കുന്ന ഇവയ്ക്ക് ഒന്നിലധികം കുട്ടികള്‍ ലഭിക്കുന്നതോടൊപ്പം ഇവയുടെ കൊറ്റനാടുകള്‍ക്ക് 50 കിലോഗ്രാം വരെയും പെണ്ണാടുകള്‍ക്ക് 40 കിലോഗ്രാം വരെയും തൂക്കം ലഭിക്കുന്നുണ്ട്.
ഝാക്കറാന
ഝാക്കറാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. നാസികാഗ്രത്തിലും ചെവിയിലും വെളുത്തപുള്ളികള്‍ കാണുവാന്‍ സാധിക്കും. മുഖം വീതികുറഞ്ഞ് ലേശം മുന്നോട്ട് തള്ളിയിരിക്കും. ആണാടിന് 60 കിലോഗ്രാം പെണ്ണാടിന് 40 കിലോഗ്രാം തൂക്കം ലഭിക്കും. പ്രതിദിനം ഓരോ ലിറ്റര്‍ പാല്‍ ലഭിക്കുന്ന ഇവയുടെ കറവക്കാലം 115 ദിവസമാണ്. ഇവയെക്കൂടാതെ ഏകദേശം ഇരുപത്തിയഞ്ചോളം ജനുസ്സുകള്‍ ഭാരതത്തില്‍ തന്നെ കാണുവാന്‍ സാധിക്കുന്നുണ്ട്.
ബ്ലാക്ക് ബംഗാള്‍, ആസ്സാംഹില്‍, ഗഞ്ചം എന്നിവ മാംസാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നവയാണ്.
മെഹ്ഡാന, സൂര്‍ത്തിസലാവാഡി, മാര്‍വാരി, കച്ചി എന്നിവയും ഒസ്മാനബാദി അഥവാ ഡക്കാനി ആടുകള്‍ എന്നിവ പാലിനും ഇറച്ചിക്കും അനുയോജ്യമാണ്. തമിഴ്നാട്ടില്‍ നിന്ന് കാണപ്പെടുന്ന കണ്ണയാട്, ഹിമാലയസാനുക്കളല്‍ കാണപ്പെടുന്ന ചാങ്താങ്ങ്, ചെഗു, ഗദ്ദി, കാശ്മീരി എന്നിവ വിവിധ ഇനങ്ങളില്‍പ്പെട്ട ആടുകളാണ്. വിദേശജനുസ്സായ സാനന്‍, ആല്‍പ്പയിന്‍, ആംഗ്ജോനുബിയന്‍, അങ്കോറ എന്നിവ വിദേശ രാഷ്ട്രങ്ങളല്‍ മാംസത്തിനും പാലിനും ഉപയോഗിക്കുന്ന പ്രധാന ഇനങ്ങളാണ്.

Leave a Reply

One thought on “ആടുകള്‍”

  1. ഞാൻ നവീൻലാൽ . Poultry consultant ആണ്. തലശ്ശേരിയിലാണ് താമസം. ഞാൻ ഇന്ത്യയിലും വിദേശത്തും പല വലിയ കമ്പനികളിലും ജോലി ചെയ്ത് കോഴി വളർത്തൽ മേഖലയിൽ വളരെ നല്ല പ്രവർത്കി പരിചയമുള്ള ഒരാളാണ് . 25 വർഷമായിട്ട് ഈ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
    ആട് വളർത്തലിനെ കുറിച്ചുള്ള ഈ വിവരങ്ങൾ എനിക്ക് വളരെ പ്രയോജനമായിട്ടുണ്ട്. നന്ദി നമസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *