
ഡോ. പി.കെ. മുഹ്സിന്
റോഡരികിലും പറമ്പിലും മറ്റു പുറമ്പോക്കിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ആനത്തൊട്ടാവാടി. കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് വിദേശിയായ ഈ ചെടികള്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇതിന്റെ വിഷബാധ വൃക്കകളെയും രക്തധമനികളെയുമാണ് ബാധിക്കുന്നത്. ചെടി മാത്രമായി തിന്നുന്നതുകൊണ്ടോ പച്ചപ്പുല്ലിനോടൊപ്പം വെട്ടിയിട്ട് കൊടുക്കുന്നത് മൂലമോ കന്നുകാലികള്‍ക്ക് വിഷബാധയുണ്ടാവാം.
വിഷച്ചെടിയുടെ തോതനുസരിച്ച് രോഗത്തിന്റെ കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും. കൂടുതല്‍ ചെടികള്‍ തിന്നുമ്പോള്‍ കന്നുകാലികളുടെ മരണം പെട്ടെന്ന് സംഭവിക്കുന്നു. വിഷബാധമൂലം വിവിധ അവയവങ്ങളില്‍ രക്തസ്രാവത്തിനും രക്തംകെട്ടലിനും കാരണമാകുന്നു. വിഷവസ്തുക്കള്‍ രക്ത ധമനികളിലുണ്ടാക്കുന്ന ക്ഷതികങ്ങള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
സാധാരണഗതിയില്‍ വിഷച്ചെടികള്‍ കഴിച്ചാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. വിശപ്പില്ലായ്മ, താഴ്ന്ന താപനില, തുറിച്ച് നോട്ടം എന്നിവ പ്രാരംഭത്തില്‍ കാണാം. വായില്‍ നിന്ന് ഉമിനീര് പതഞ്ഞ് പുറത്തേക്ക് പ്രവഹിക്കുന്നു. മൂത്രം ഒഴിക്കുമ്പോള്‍ വേദനയുണ്ടാവും. ഈ അവസരത്തില്‍ മൂത്രം തുള്ളിയായിട്ടാണ് പുറത്തേക്ക് വരിക. മൂത്രത്തിന് മഞ്ഞനിറമോ മഞ്ഞയും ചുവപ്പും കൂടിയ നിറമോ ഉണ്ടായിരിക്കും. യോനീദളങ്ങള്‍ വീര്‍ത്ത് തടിച്ച് തൂങ്ങി നില്‍ക്കുന്നതായും കാണാം. പ്രാരംഭത്തില്‍ വയര്‍ സ്തംഭനവും പിന്നീട് വയറിളക്കവുമാണ് കാണപ്പെടുക. വിഷബാധ മാരകമെങ്കില്‍ മൂന്ന് ദിവസത്തിനകവും മാരകമല്ലെങ്കില്‍ 10 മുതല്‍ 12 ദിവസത്തിനുള്ളിലും മൃഗങ്ങള്‍ ചത്തുപോകുന്നു.
മരണാനന്തര പരിശോധന നടത്തിയാല്‍ വൃക്കകളില്‍ രക്തസ്രാവം, നിര്‍ജ്ജീവമായ വെളുത്ത പാടുകള്‍, വൃക്കകളിലും കരളിലും രക്തം കെട്ടല്‍, പിത്തസഞ്ചിയുടെ വീക്കം, ഹൃദയവെന്ട്രിക്കുകളുടെ വികാസം, ശ്വാസകോശങ്ങളലെ നീര്‍ക്കെട്ട് എന്നിവ കാണാം.
രോഗാരംഭത്തില്‍ വിദഗ്ധ ചികിത്സ നടത്തുന്നപക്ഷം കന്നുകാലികളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം. വിഷബാധയ്ക്കുള്ള പൊതുചികിത്സാക്രമം ഒരു പരിധിവരെ ഈ രോഗത്തിനും ഫലപ്രദമാണ്.
Leave a Reply