കെ.വി. ജോര്‍ജ്ജ് തിരുവല്ല
څപശുവിനു പലനിറം പാലിന് ഒരു നിറംچ എന്ന ശൈലിപോലെ നമ്മുടെ നാടിന്‍റെ വൈവിധ്യം പശു വര്‍ഗ്ഗത്തിലും കാണാം. നാടിനും നാട്ടുകാര്‍ക്കും കാലാവസ്ഥയ്ക്കും ഇണങ്ങിയ പല നാടന്‍ പശുവര്‍ഗ്ഗങ്ങളും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ജനുസ്സായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് വെച്ചൂര്‍ പശു മാത്രമാണ്. കാസര്‍ഗോഡ് ഡ്വാര്‍ഫ്, വടകര, ഹൈറേഞ്ച് ഡ്വാര്‍ഫ് ഇനങ്ങള്‍ എന്നിവയാണ് വിവിധ ഗവേഷണ പദ്ധതികളില്‍ കൂടി അംഗീകരിക്കപ്പെട്ടിരിക്കുന്ന മറ്റു നാടന്‍ പശുവര്‍ഗ്ഗങ്ങള്‍.
വെച്ചൂര്‍
കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള വെച്ചൂര്‍ ഗ്രാമത്തിലാണ് വെച്ചൂര്‍ പശുക്കളുടെ ജനനം. ചെറിയ ശരീരഘടനയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം കണ്ടെത്തിയിരിക്കുന്ന വെച്ചൂര്‍ വര്‍ഗ്ഗത്തിന്‍റെ പശുക്കള്‍ക്ക് ശരാശരി പൊക്കം 80-85 സെ.മീറ്ററും കാളകള്‍ക്ക് 90-95 സെ.മീറ്ററുമാണ്. തീറ്റയുടെ മിതത്വത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഇവ 2-3 ലിറ്റര്‍ പാല്‍വരെ പ്രതിദിനം നല്‍കുന്നു. വളവുള്ള ചെറുകൊമ്പുകള്‍ , കൂര്‍ത്ത ചെവികള്‍, ബലമുള്ള കാലുകള്‍ തുടങ്ങിയവ ഇളം ബ്രൗണ്‍ മുതല്‍ കടുത്ത തവിട്ടുനിറം വരെ നിറങ്ങളില്‍ കാണപ്പെടുന്ന വെച്ചൂര്‍ പശുക്കളെ വേറിട്ടു നിര്‍ത്തുന്നു. പാല്‍ അളവില്‍ കുറവെങ്കിലും ഗുണത്തില്‍ ഏറെ മുമ്പിലാണ്. 5-65 വരെ കൊഴുപ്പും 8.5-9.5% കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളും ഹൃദ്രോഗവും പ്രമേഹവും തടയുന്ന എ2-ബി2 പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ്.
കാസര്‍ഗോഡ് ഡ്വാര്‍ഫ്
കന്നുകാലികളില്‍ സ്വദേശികള്‍ക്ക് വെള്ളവും തീറ്റയും കൊടുത്തുകൊണ്ടുള്ള സര്‍ക്കാരിന്‍റെ പുതിയ പ്രജനന നയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന നാടന്‍ പശുവര്‍ഗ്ഗമാണ് കാസര്‍ഗോഡ് ഡ്വാര്‍ഫ്. കാസര്‍ഗോഡ് ജില്ലയുടെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഈയിനം പശുക്കള്‍ക്ക് ഏകീകൃത ശ്യാമനിറമാണ്. ശരാശരി 100-105 സെ.മീ. പൊക്കം രേഖപ്പെടുത്തിയിരിക്കുന്നു. ഇവ ജനുസ്സായി ഉയര്‍ത്തപ്പെട്ടിട്ടില്ലെങ്കിലും കാസര്‍ഗോഡ് താലൂക്കിലെ തോട്ടവിള കര്‍ഷകരുടെ ജൈവകൃഷിരീതികളുടെയും പഞ്ചഗവ്യ ചികിത്സാ സമ്പ്രദായത്തിന്‍റെയും നട്ടെല്ലാണ്. ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത കാര്‍ഷിക രീതിക്ക് ഉത്തമ ഉദാഹരണമായ ഇവയെ സംരക്ഷിക്കാന്‍ (നബാര്‍ഡ്) പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിപ്പോരുന്നു.
വടകര, ഹൈറേഞ്ച് ഇനങ്ങള്‍
കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ചെറിയ നാടന്‍ പശുവര്‍ഗ്ഗങ്ങളാണിവ. നിസ്സാര പരിചരണത്തില്‍ പ്രതിദിനം 1-2.5 ലിറ്റര്‍ പാല്‍ തരുന്ന നാഴിയുരിപ്പാലുകാര്‍ എങ്കിലും ആണ്ടുകന്നി അഥവാ വര്‍ഷംതോറും കിടാവ് എന്ന പ്രയോഗത്തിലൂടെ പ്രശസ്തമായി ഉയര്‍ന്ന പ്രത്യുത്പാദന ശേഷിക്ക് ഉടമകളാണിവര്‍.
കുട്ടനാടന്‍ എരുമകള്‍
ആലപ്പുഴ ജില്ലയിലെ എടത്വാ കോട്ടയം ജില്ലയിലെ തലയിഴം ഗ്രാമത്തിലെ കുട്ടനാടന്‍ നെല്‍പ്പാടങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് കുട്ടനാടന്‍ എരുമകള്‍. ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ എരുമ (109 സെ.മീ. മാത്രം)യിനമായ ഇവയ്ക്ക് പ്രതിദിനം 1-2 ലിറ്റര്‍ പാല്‍ നല്‍കാനാവും. പാലിന്‍റെ ഖരപദാര്‍ത്ഥ ശതമാനവും സംസ്ഥാനത്തെ മറ്റ് എരുമയിനങ്ങളേക്കാള്‍ കൂടുതലായി കാണപ്പെടുന്നു.
നാടന്‍ വര്‍ഗ്ഗങ്ങള്‍ക്ക് ശരീര താപക്രമീകരണ സിദ്ധിയാല്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനും അതുമൂലം രോഗപ്രതിരോധ പ്രാപ്തി സംരക്ഷിക്കാനും ത്രാണിയുണ്ട്. പാലിലെ കൊഴുപ്പ് കണികകളുടെ പ്രത്യേകതയില്‍ പാലിന് ഔഷധഗുണവും ഉണ്ട്. തീറ്റയുടെ ഗുണസ്വാംശീകരണ ശക്തിയും സങ്കര വര്‍ഗ്ഗത്തേക്കാള്‍ കൂടുതലാണ്. ദഹനപ്രക്രിയ പ്രാപ്തി കൂടുതലായതാണ് ഇതിന് കാരണം. കാര്‍ഷിക അവശിഷ്ടങ്ങളും പ്രാദേശിക, ഗാര്‍ഹിക തീറ്റ വസ്തുക്കളും ഇവയ്ക്ക് പഥ്യമായതിനാല്‍ സമീകൃത കാലിത്തീറ്റയുടെ അളവും നന്നേ കുറക്കാം.
ഈ മേന്മകളും നന്മകളുമുള്ള നാടന്‍ പശു വര്‍ഗ്ഗങ്ങളെ തനിമയോടെ സംരക്ഷിക്കപ്പെടേണ്ടത് ഭക്ഷ്യക്ഷാമവും ആഗോള താപനവും ഭീഷണി മുഴക്കുന്ന ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പൂക്കോട് വെറ്ററിനറി ജനിതക വിഭാഗം അസി. പ്രൊഫ. ഡോ. ബിന്ദ്യാലിസ് എബ്രഹാം പറഞ്ഞു.
Thursday, 12th December 2024
Leave a Reply