
ഡോ. എന്‍. ശുദ്ധോദനന്‍
മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും കാലവര്‍ഷക്കാലം കഷ്ടകാലമാണ്. രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവ പെരുകുകയും ഒപ്പംതന്നെ ആന്തരിക-ബാഹ്യ പരാദങ്ങള്‍ പെരുകുകയും ചെയ്യുന്ന കാലമാണിത്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും നനഞ്ഞുകുതിര്‍ന്ന തീറ്റയും മറ്റും കാര്യങ്ങള്‍ കുറേക്കൂടി വിഷമകരമാക്കുന്നു. മഴക്കാലം ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയുന്ന കാലവുമാണ്. മൃഗങ്ങളുടെ തൊഴുത്ത്, കൂട്, തീറ്റ, പരിചരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ പകര്‍ച്ചവ്യാധികളും മാരക രോഗങ്ങളും പിടിപെട്ട് വിലയേറിയ ഉരുക്കള്‍ മരിച്ചുപോകുന്നതുവഴഇ വന്‍ നഷ്ടവുമുണ്ടാകും.
മഴക്കാലത്തെ തൊഴുത്ത്
മേല്‍ക്കൂരയിലെ ചോര്‍ച്ച മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. മഴവെള്ളം മേല്‍ക്കൂരയില്‍ നിന്നും കുത്തിവീണ് ചെളി തെറിക്കുന്നത് ഒഴിവാക്കുവാന്‍ ഇറവെള്ളം, പിളര്‍ന്ന പി.വി.സി. കുഴല്‍ വഴി മഴക്കുഴിയിലേക്ക് ഇറക്കാം. തൊഴുത്തിന്‍റെ പരിസരത്ത് ഇറവെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക. ഈര്‍പ്പം നിറഞ്ഞ കാറ്റ് ഉള്ളിലേക്ക് കടക്കാതെ ഫ്ളക്സ് ഷീറ്റുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക കര്‍ട്ടനുകള്‍ ഒരുക്കുന്നത് നന്നായിരിക്കും.
തൊഴുത്തിന്‍റെ തറയില്‍ വെള്ളം കെട്ടിനില്‍ക്കാനിടയുള്ള മടയും കുഴിയും സിമന്‍റ് തേച്ച് അടയ്ക്കണം. ആഴ്ചയിലൊരിക്കല്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി ഉരച്ചുകഴുകുന്നത് വഴുക്കല്‍ ഒഴിവാക്കും.
തീറ്റപ്പുല്‍ക്കൂട്
ബാക്കിവരുന്ന പുല്ലും വൈക്കോലും മറ്റും തീറ്റവസ്തുക്കളും കെട്ടിക്കിടന്ന് അഴുകാതെ മാറ്റണം. പൂപ്പല്‍ വിഷബാധ ഉണ്ടാകാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്.
തീറ്റ
നനഞ്ഞ പുല്ല് മാത്രം നല്‍കുന്നത് വയറിളക്കത്തിനു കാരണമാകും. അരിഞ്ഞുവെച്ച പുല്ല് വെള്ളം വാര്‍ന്നുപോയതിനുശേഷം മാത്രം നല്‍കുക. പുല്ലും വൈക്കോലും കലര്‍ത്തി നല്‍കുന്നതാണ് നല്ലത്. വൈക്കോല്‍ മഴ നനയാതെ സൂക്ഷിക്കണം. കറുപ്പുനിറം കലര്‍ന്ന വൈക്കോല്‍ വഴി പൂപ്പല്‍ വിഷബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുക. പഴകിയ കാലിത്തീറ്റ, പിണ്ണാക്കുകള്‍ എന്നിവ നല്‍കരുത്.
മഴക്കാല രോഗപ്രതിരോധം
മഴക്കാലം കന്നുകാലികള്‍ക്ക് പനിക്കാലം കൂടിയാണ്. പനിയുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് പ്രയോജനകരമായിരിക്കും.
ദേഹത്ത് തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെടുന്നു. ചെവി, അകിട് എന്നീ ഭാഗങ്ങളില്‍ ദേഹത്തേക്കാള്‍ അധികമായി ചൂട് തോന്നുന്നു. രോമം പൊന്തി കുളിരുകോരിയതുപോലെ നില്‍ക്കുക. തീറ്റയെടുക്കുവാനുള്ള വിമുഖത. ഉന്മേഷ കുറവ്, തൂങ്ങിയതുപോലെ നില്‍ക്കുക, അനങ്ങാതെ ചെവിയിളക്കാതെ തലതാഴ്ത്തി നില്‍ക്കുക, ആഴത്തില്‍ ശ്വാസം വലിക്കുക, കിതയ്ക്കുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും നീര്‍കണങ്ങള്‍ ഇറ്റുവീണുകൊണ്ടിരിക്കുക. മലബന്ധം, വയര്‍ പെരുപ്പം എന്നിവയെതുടര്‍ന്ന് വയറിക്കം. മൂത്രത്തിന്‍റെ അളവ് കുറയുക, നിറം മാറുക, മഞ്ഞ നിറത്തിലോ ചുവപ്പുനിറത്തിലോ കാപ്പി നിറത്തിലോ മൂത്രം പോവുക.
അധികസമയവും കിടക്കുകയോ, അല്ലെങ്കില്‍ നിര്‍ബന്ധിച്ചാല്‍ പോലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ കൈകാല്‍ വേദന.
പനി കണ്ടാല്‍ ചെയ്യാവുന്ന പ്രാഥമിക ശുശ്രൂഷകള്‍
മഴ നനയാതെയും ഈര്‍പ്പം കടക്കാതെയും മൃഗത്തിന്‍റെ കൂടിനു ചുറ്റും മറയിടുക.
നിലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധക്കുക
ഔഷധങ്ങളിട്ടു തിളപ്പിച്ച് ആവി ശ്വസിപ്പിക്കുക. ഇതിന് എളുപ്പത്തില്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം വിവരിക്കാം. ഒരു പുട്ടുകുടത്തില്‍ വെള്ളം തിളപ്പിക്കുക. ആവി പൊന്തുമ്പോള്‍ ഇതില്‍ കര്‍പ്പൂരം, തുളസി, അമൃതാഞ്ജന്‍ / വിക്സ് എന്നിവ കലര്‍ത്തി ആവി മൂക്കിനു നേരെ പിടിക്കുക. ടിഞ്ചര്‍ ബെന്‍സോയില്‍ എന്ന മരുന്ന് കലര്‍ത്തിയ നീരാവി ശ്വസിപ്പിക്കുന്നതും നല്ലതാണ്.
തൊഴുത്തില്‍ പുകയിടുക. ഇതിന് എളുപ്പമാര്‍ഗ്ഗം ഒരു ചട്ടിയില്‍ ചകിരി കത്തിച്ച് അതിനു മുകളില്‍ ആര്യവേപ്പില വിതറി പുകയ്ക്കുക എന്നതാണ്.
കുഞ്ഞുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്ക് പനികൂര്‍ക്കയുടെ നീര്, തുളസിനീര്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ കുടിവെള്ളം നല്‍കുക. മലിനജലം കുടിക്കുവാന്‍ അനുവദിക്കരുത്. തവിസര്‍ജ്ജ്യവസ്തുക്കള്‍ അപ്പപ്പോള്‍ മാറ്റിക്കളയുക.
തൊഴുത്തും മൃഗക്കൂടുകളും വൃത്തിയാക്കുന്നതിന് ഡെറ്റോള്‍, സാവ്ലോണ്‍ എന്നിവയും തീറ്റപാത്രങ്ങള്‍ വൃത്തിയാക്കുന്നതിന് ബ്ലീച്ചിംഗ് പൗഡറും ഉപയോഗിക്കാം. കറവ പശുക്കളുടെ അകിട് പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കഴുകുന്നത് അണുബാധ ഒഴിവാക്കുവാന്‍ സാധിക്കും.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതിയിരിക്കുക
കുരലടപ്പന്‍ എന്ന രോഗത്തിനെതിരായി പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും നല്‍കണം. പകര്‍ച്ചവ്യാധിയായതിനാല്‍ പോത്ത്, എരുമ എന്നിവയ്ക്കാണ് ആദ്യം കുത്തിവെയ്പ്പ് നല്‍കേണ്ടത്. ആടുകള്‍ക്ക് പി.പി.ആര്‍. രോഗത്തിനെതിരെയും നായ്ക്കള്‍ക്ക് ഡിസ്റ്റംബര്‍ രോഗത്തിനെതിരെയും പ്രതിരോധ കുത്തിവെപ്പ നല്‍കണം.
എല്ലാതരം വളര്‍ത്തുമൃഗങ്ങള്‍ക്കും വിരമരുന്ന് നല്‍കേണ്ട സമയമാണിത്. ചാണകം പരിശോധിച്ച് വിരമരുന്ന് നല്‍കുകയാണ് ഉചിതം. ചെള്ള്, പേന്‍, ഈച്ച, കൊതുക് എന്നിവ പെരുകുന്ന കാലമായതിനാല്‍ ഇവയുടെ പ്രജനനം തടയുവാനുള്ള മാര്‍ഗങ്ങളും അവലംബിക്കണം. രാവിലെയും വൈകുന്നേരവും ശീമക്കൊന്നയില ഇട്ട് പുകയ്ക്കുന്നത് കൊതുകുകളെയും രക്തം കുടിക്കുന്ന പ്രാണികളെയും അകറ്റും. വേപ്പെണ്ണ ദേഹത്ത് പുരട്ടിക്കൊടുക്കുന്നത് , വെളിച്ചെണ്ണയില്‍ പച്ച കര്‍പ്പൂരം പൊടിച്ച് ചേര്‍ത്ത് ലേപനമായി പുരട്ടുന്നത്, അടയ്ക്കാ മണിചെടി അരച്ചുപുരട്ടുന്നത് എന്നിവ ചോരകുടിയന്‍ ഈച്ചകളേയും ചെള്ളിനേയും പട്ടുണ്ണികളേയും അകറ്റും.
ചാണകകുഴിയില്‍ വേപ്പില, ശീമക്കൊന്നയില എനനിവ വിതറുന്നത് കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയും. തൊഴുത്തിനു ചുറ്റും മഞ്ഞള്‍ കൃഷി ചെയ്യുന്നത് എലി, പെരുച്ചാഴി എന്നിവയെ അകറ്റാന്‍ സഹായകമാണ്. തുളസിച്ചെടി ചാണകക്കുഴിക്കുചുറ്റും വെച്ചുപിടിപ്പിക്കുന്നത് കൊതുകുകളെ തുരത്തുവാന്‍ ഉത്തമമാണ്. ഫോഗിംഗ് മെഷീനില്‍ കുന്തിരിക്കം പുകയ്ക്കുന്നതും കീടങ്ങളെ അകറ്റും.
മഴക്കാലത്തെ നായ പരിചരണം
മഴവെള്ളം തെറിച്ചുവീഴാത്ത വിധത്തില്‍ നായ്ക്കൂടിന്‍റെ വശങ്ങള്‍ മറയ്ക്കുക. മലവും മൂത്രവും ഭക്ഷണാവശിഷ്ടങ്ങളും കൂട്ടിനുള്ളില്‍ ശഏഷിക്കാതെ കഴുകി കളയുക. കുളിപ്പിക്കേണ്ടതില്ല. നനഞ്ഞ നായുടെ ദേഹം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് ഉണക്കുക. ഇളം ചൂടുവെള്ളത്തില്‍ പുല്‍തൈലം ഒഴിച്ച് ടര്‍ക്കി ടവ്വല്‍ മുക്കിപിഴിഞ്ഞ് ദേഹം തുടച്ചുകൊടുക്കുന്നത് ത്വക് രോഗങ്ങളില്‍ നിന്നും പരാദങ്ങളില്‍ നിന്നും ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷിക്കും. ചെള്ള്, പേന്‍ എന്നിവ പെരുകാതിരിക്കുന്നതിന് അനുയോജ്യമായ ഡോഗ് പൗഡര്‍ വിതറിക്കൊടുക്കുന്നത് നല്ലതാണ്. വിരലുകളിലെ രോമം ക്ലിപ്പ് ചെയ്തു കളയുന്നത് വിരലുകള്‍ക്കിടയില്‍ ഈര്‍പ്പം കെട്ടിനിന്ന് പൂപ്പല്‍രോഗം ബാധിക്കാതിരിക്കുവാന്‍ സഹായകമാണ്.
മഴക്കാലത്തെ കോഴിക്കൂട്
വശങ്ങള്‍ ഫ്ളക്സ് ഉപയോഗിച്ച് കര്‍ട്ടനിട്ടു മറയ്ക്കുക. മഴവെള്ളവും ഈര്‍പ്പം നിറഞ്ഞ കാറ്റും കോഴി പുരയ്ക്കുള്ളില്‍ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും. നിലത്തുവിരിച്ചിരിക്കുന്ന ലിറ്റര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളക്കി കട്ടപിടിക്കാതെ ശ്രദധക്കണം. ചൂട് കിട്ടുന്നതിനുള്ള ബള്‍ബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. കുടിവെള്ളം തിളപ്പിച്ച് തണുപ്പിച്ച് ബീകോംപ്ലക്സ് കലര്‍ത്തി നല്‍കുക.
Leave a Reply