അനില്‍ ജേക്കബ് കീച്ചേരിയില്‍
നേന്ത്രപ്പഴം ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍ :- നേന്ത്രപ്പഴം 1 കി.ഗ്രാം, പഞ്ചസാര 1 കി.ഗ്രാം, മൈദ അര കി.ഗ്രാം, പാല്‍ അര ലിറ്റര്‍, നെയ്യ് 200 ഗ്രാം, അണ്ടിപ്പരിപ്പ് 100 ഗ്രാം, ഏലയ്ക്ക 10 എണ്ണം.
തയ്യാറാക്കുന്ന വിധം:- പഴുത്ത നേന്ത്രപ്പഴം തൊലികളഞ്ഞ് വേവിച്ച് നല്ലതുപോലെ ഉടച്ചെടുക്കുക. മൈദ വെള്ളത്തില്‍ കലക്കി തരിയില്ലാതെ കുഴമ്പാക്കി ഉടച്ചെടുത്ത നേന്ത്രപ്പഴവും ചേര്‍ത്ത് ഇളക്കിയെടുക്കുക. പഞ്ചസാരയും പാലും ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി കുറുകിവരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ത്തിളക്കുക. നന്നായി വരണ്ടുവരുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ പകര്‍ന്ന് മുറിച്ചെടുക്കുക. കൂടുതല്‍ നാള്‍ കേടാകാതിരിക്കാന്‍ 2 ഗ്രാം സോഡിയം ബെന്‍സായേറ്റ് അടുപ്പില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് ചേര്‍ക്കാവുന്നതാണ്.
ഏത്തയ്ക്കാപ്പൊടി
ആവശ്യമുള്ള സാധനങ്ങള്‍:- പച്ച ഏത്തയ്ക്ക 1 കി.ഗ്രാം, മുത്തങ്ങ 20 ഗ്രാം, ഇഞ്ചി 10 ഗ്രാം.
തയ്യാറാക്കുന്ന വിധം:– നല്ലതുപോലെ വിളഞ്ഞ ഏത്തയ്ക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ അരിയുക. വൃത്തിയാക്കിയ മുത്തങ്ങ, ഇഞ്ചി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വെയിലത്തുണക്കുക. നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ നേര്‍മ്മയായി പൊടിച്ചെടുക്കുക. ഈ പൊടി ശര്‍ക്കരയും പാലും ചേര്‍ത്ത് കുറുക്കി കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. ഇതുപയോഗിച്ച് ബര്‍ഫിയും പായസവും തയ്യാറാക്കാം.
ഏത്തയ്ക്കാ കട്ലറ്റ്
ആവശ്യമുള്ള സാധനങ്ങള്‍:- പച്ച ഏത്തയ്ക്ക അര കി.ഗ്രാം, സവാള 200 ഗ്രാം, വാഴക്കൂമ്പ് അരിഞ്ഞത് 100 ഗ്രാം, ഇഞ്ചി 20 ഗ്രാം, പച്ചമുളക്, കറിവേപ്പില, കുരുമുളക് ആവശ്യത്തിന്, മൈദ 200 ഗ്രാം, റൊട്ടിപ്പൊടി 100 ഗ്രാം, വെളിച്ചെണ്ണ 500 ഗ്രാം.
തയ്യാറാക്കുന്ന വിധം:- തൊലി കളഞ്ഞ ഏത്തയ്ക്ക പുഴുങ്ങി ഉടച്ചെടുക്കുക. വാഴക്കൂമ്പ്, സവാള, പച്ചമുളക് ഇവ അരിഞ്ഞ് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം പുഴുങ്ങിയ ഏത്തയ്ക്ക ഉടച്ചെടുത്ത് മറ്റ് മസാലകളും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഓരോന്നും ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുട്ടി, കട്ലറ്റ് ആകൃതിയില്‍ പരത്തിയെടുക്കുക. അതിനുശേഷം മൈദമാവ് കുഴമ്പാക്കി അതില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടി തൂവി എണ്ണയില്‍ പൊരിച്ചെടുക്കുക.
Leave a Reply