
ഡോ. മരിയാ ലിസ മാത്യു
ഇറച്ചിപ്പന്നികളുടെ പരിപാലനം മുലകുടി മാറുമ്പോള്‍ മുതല്‍ കശാപ്പുപ്രായം വരെയാണ്. അതായത് 9-10 കി.ഗ്രാം മുതല്‍ 90-100 കി.ഗ്രാം തൂക്കം വയ്ക്കുന്നതുവരെയുള്ള കാലം.
കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമില്ലാത്ത ആണ് പെണ് പന്നിക്കുഞ്ഞുങ്ങളെ ഇറച്ചിക്കായി വളര്‍ത്താം. വരിയുടച്ചും ഉടയ്ക്കാതെയും ആണ്‍പന്നികളെ വളര്‍ത്താം. വരിയുടയ്ക്കുന്നെങ്കില് മൂന്നു മുതല്‍ ആറാഴ്ച പ്രായത്തിനുള്ളില്‍ ചെയ്യണം. വരിയുടച്ചവയ്ക്ക് തീറ്റ പരിവര്‍ത്തനശേഷി കുറയും. ഇവ അനുസരണയുള്ളതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളവയുമായിരിക്കും. ഒരേ പ്രായവും തൂക്കവുമുള്ള ആണ് പന്നികളെ മറ്റൊരു കൂട്ടില്‍ ഒന്നിച്ചു പാര്‍പ്പിക്കാം. വളര്‍ച്ച മുരടിച്ചവയെ തിരഞ്ഞു മാറ്റണം. തള്ളയില്‍ നിന്നു മാറ്റി രണ്ടാഴ്ച കഴിഞ്ഞാല്‍ നിശ്ചയമായും വിരയിളക്കണം. ഇതിനുശേഷം രണ്ടുമാസം കൂടുമ്പോള്‍ വിരയിളക്കണം.
തീറ്റ
പരമാവധി തീറ്റ തീറ്റിച്ച് എത്രയും പെട്ടെന്ന് 90-100 കി.ഗ്രാം തൂക്കത്തിലെത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം. പലതവണ തീറ്റ നല്‍കാം. അല്ലെങ്കില്‍ നിശ്ചിത സമയത്തു മാത്രം നല്‍കാം. ആഹാര അവശിഷ്ടം നല്കുമ്പോള് ചെറിയ എല്ലുകളും മീന്മുള്ളുകളും മാറ്റണം. ഇവ കുടലില്‍ തടഞ്ഞു മരണം സംഭവിക്കാം. ഒരു പന്നി മൂന്നുകിലോ തീറ്റ തിന്നാലേ അത് ഒരുകിലോ മാംസമാക്കി മാറ്റുമെന്നാണ് കണക്ക്. പന്നി കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയുടെ ആദ്യമാസങ്ങളില്‍ പ്രോട്ടീന്‍ കൂടുതലുള്ള ആഹാരം നല്‍കണം. പിന്നീട് കൊഴുപ്പ് കൂടുതലുള്ള ആഹാരവും.
മാലിന്യസംസ്കരണം
പന്നിവളര്‍ത്തലിനു പ്രധാന തടസ്സമായി നില്‍ക്കുന്നത് പരിസര മലിനീകരണവും ദുര്‍ഗന്ധവുമാണ്. പരാതികള്‍ മൂലം പൂട്ടിപ്പോയ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിരവധിയാണ്. ഇതിനൊരു പരിഹാരമാണ് ബയോഗ്യാസ് പ്ലാന്റുകള്‍. പന്നികളുടെ കാഷ്ടവും മൂത്രവും സംസ്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുക. ഇവ കൂട്ടില്‍നിന്ന് നേരെ പ്ലാന്റിലെത്തിക്കാന്‍ സൗകര്യമുണ്ടാക്കുക. വീട്ടിലെ പാചകാവശ്യത്തിനുള്ള ഇന്ധനം ലഭിക്കുമെന്നു മാത്രമല്ല, ദുര്‍ഗന്ധമോ പരിസര മലിനീകരണമോ ഉണ്ടാകില്ല എന്ന ഗുണവുമുണ്ട്. ഇതുമൂലം അയലത്തുകാരുടെ എതിര്‍പ്പും പരാതികളും ഒഴിവാക്കുകയും ചെയ്യും. കൃഷിഭവനുകള്‍ വഴഇ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും.
Leave a Reply