
അനില്‍ ജേക്കബ് കീച്ചേരിയില്‍
സമ്പത്തുകാലത്ത് കാ പത്തുവെച്ചാല്‍… എന്ന ചൊല്ല് ദീര്‍ഘകാല സുഗന്ധവിളയായ ജാതിയെ സംബന്ധിച്ച് അന്വര്‍ത്ഥമാണ്. അതാണ് ജാതിയുടെ സാമ്പത്തികശാസ്ത്രം. ജീവിതത്തില്‍ കൃഷിയിലൂടെ ഉയര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്ന കര്‍ഷകന് ഒരിക്കലെങ്കിലും തന്‍റെ തോട്ടത്തില്‍ ജാതിയെ ക്ഷണിക്കുമെന്ന് ഉറപ്പാണ്. ഇടവിളയായും കൃഷിചെയ്യാമെന്നതിനാല്‍ ജാതിയുടെ പ്രസക്തി ഏറെയാണ്. ഇതിനൊക്കെ പുറമെ കാര്യമായ പരിചരണവും വേണ്ടെന്നതാണ് ജാതിയുടെ പ്രത്യേകത. ഇതിനേക്കാള്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ആദായത്തിന്‍റെ കാര്യത്തിലാണ്. മറ്റു വിളകളെ അപേക്ഷിച്ച് മികച്ച വരുമാനമാണ് ജാതി നല്‍കുന്നത്. ഇക്കാരണംകൊണ്ടുതന്നെ കേരളത്തില്‍ അടുത്തകാലത്ത് കര്‍ഷകരില്‍ മിക്കവരും ജാതിയുടെ കൃഷി തുടങ്ങിയിട്ടുണ്ട്. ധാരാളം ശാഖകളോടുകൂടിയ 20-25 മീറ്റര്‍ ഉയരത്തില്‍ വളരുന്ന നിത്യഹരിത മരമാണ് ജാതി. ഇതിന്‍റെ ശാഖകളുടെ വിന്യാസം രണ്ടുതരത്തിലാണ്. നേരെ മുഖലിലേക്ക് അല്ലെങ്കില്‍ വശങ്ങളിലേക്ക്. ജാതികൃഷിക്ക് അനുയോജ്യം ബഡ് തൈകളാണ്. ഉയരത്തിലേക്കു വളരുന്ന ശിഖരങ്ങളിലാണ് ബഡ്ഡിംഗ് നടത്തിയാല്‍ ഉല്‍പാദനം അധികമായിരിക്കും. വശങ്ങളിലേക്ക് വളരുന്ന ശാഖകളിലാണ് ബഡ്ഡിംഗ് നടത്തുന്നതെങ്കില്‍ മരം കുള്ളനാകാം. സ്വാഭാവികമായും വിളവു കുറയുകയും ചെയ്യും. ബഡ് തൈകള്‍ നടന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. പ്രധാനമായും ഒരേ മരത്തില്‍ തന്നെ ഉണ്ടാകാറില്ല. അതുകൊണ്ട് വിത്തു മുളപ്പിച്ചുള്ള തൈകള്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്‍മരമാകാം. ഈ വ്യത്യാസം പൂവിടുന്നതോടെ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ. പെണ്‍പൂവ് വലുതായിരിക്കും. പൂക്കള്‍ കുലകളായിട്ടാണ് ഉണ്ടാവുക. ആണ്‍പൂവ് വിടരാന്‍ 84 ദിവസവും പെണ്‍പൂവിന് 154 ദിവസവും വേണം. വൈകുന്നേരം ഏഴു മുതല്‍ രാത്രി ഒരു മണിവരെയാണ് ആണ്‍പൂക്കള്‍ വിടരുന്നതെങ്കില്‍ രാത്രി ഒമ്പതുമണി മുതല്‍ പുലര്‍ച്ചെ മൂന്നുമണിവരെയാമ് പെണ്‍പൂക്കള്‍ വിടരുന്നത്. പെണ്‍പൂക്കള്‍ കായ്കളാകണമെങ്കില്‍ അടുത്തൊരു ആണ്‍വൃക്ഷം ആവശ്യമാണ്. പെണ്‍പൂക്കള്‍ വിടര്‍ന്ന് ആറുദിവസം വരെ പരാഗണം നടക്കുന്നു. എന്നാലിത് ഏറ്റവും കൂടുതല്‍ നടക്കുന്നത് ആദ്യത്തെ മൂന്നു ദിവസങ്ങളിലായിരിക്കും. പരാഗണം കഴിഞ്ഞാല്‍ ആറേഴു മാസത്തിനുള്ളില്‍ കായ്കള്‍ വിളഞ്ഞു പാകമാകും. പ്രധാന വിളവെടുപ്പുകാലം ഡിസംബര്‍-മെയ് മാസമാണ്. എന്നാല്‍ വര്‍ഷം മുഴുവന്‍ വിളവു ലഭിക്കും.
കായ്കള്‍ പൊഴിയാന്‍ തുടങ്ങുന്നത് പാകമായതിന്‍റെ തെളിവാണ്. ഇവ പെറുക്കിയെടുക്കുകയോ വീഴുന്നതിന് മുമ്പ് പറിച്ചെടുക്കുകയോ ചെയ്യാം. പുറന്തോട്, ജാതിവിത്ത്, ജാതിപത്രി എന്നിങ്ങനെയാമ് കായ് ഉള്ളത്. ഈ മൂന്നു ഭാഗങ്ങളും ഉപയോഗപ്രദമാണ്. മൂന്നിനും വില ലഭിക്കുമെന്നര്‍ത്ഥം. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ വിശ്വശ്രീ എന്ന ഇനമാണ് ജാതിയില്‍ പേരുകേട്ടത്. വിളവുകൂടിയ ഇനം കൂടിയാണ് ഇത്.
സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളാണ് ജാതികൃഷിക്ക് അനുയോജ്യം. ഇത്തരം പ്രദേശങ്ങളില്‍ വിജയകരമായ ജാതികൃഷി ചെയ്യാമെന്ന തെളിഞ്ഞിട്ടുണ്ട്. ജൈവസമൃദ്ധമായതും നല്ല നീര്‍വാര്‍ച്ചാ സ്വഭാവമുള്ളതുമായ മണ്ണാണ് ജാതികൃഷിക്ക് ഉത്തമം. നല്ലതുപോലെ വിളഞ്ഞു പാകമായതും പുറന്തോട് പൊട്ടിപ്പിളര്‍ന്നതുമായ കായ്കളാണ് വിത്തിനായി തിരഞ്ഞെടുക്കേണ്ടത്. കായ്കള്‍ ശേഖരിച്ചാലുടന്‍ പാകണം. ഇതിനുമുമ്പായി പുറന്തോടും ജാതിപത്രിയും സൂക്ഷ്മതയോടെ ഇളക്കി നീക്കണം. വിത്തു പാകേണ്ടതിനും പ്രത്യേക ശ്രദ്ധ വേണം. തണുപ്പും തണലുമുള്ള സ്ഥലങ്ങളില്‍ വാരംകോരി വിത്തുകള്‍ പാകണം. വളക്കൂറുള്ള മണ്ണ്, മണല്‍ എന്നിവ 3:1 എന്ന അനുപാതത്തില്‍ തയ്യാറാക്കി വിരിച്ചതാകണം വാരം. വാരങ്ങള്‍ക്കുമേല്‍ 2-3 സെ.മീ. ഘനത്തില്‍ മണ്ണു വിരിച്ചതില്‍ രണ്ടു സെന്‍റീമീറ്റര്‍ താഴ്ചയില്‍ 12 സെന്‍റീമീറ്റര്‍ അകലം നല്‍കി വിത്തുകള്‍ പാകണം. വിത്തു മുളയ്ക്കുന്നതിന് 50-80 ദിവസം വേണ്ടിവരും. രണ്ടില മുളച്ചുവന്നാല്‍ തൈകള്‍ ഇളക്കി പോളി ബാഗില്‍ നടണം.
ഇടവപ്പാതി ആരംഭിക്കുന്നതോടെ തൈകള്‍ നടാം. തണല്‍ അനുയോജ്യമായതിനാല്‍ തണല്‍ വൃക്ഷങ്ങള്‍ക്കു സമീപം നടുന്നതാണ് ഉത്തമം. തുടക്കത്തില്‍ വാഴക്കൃഷി ചെയ്താലും മതി. എട്ടു മീറ്റര്‍ അകലത്തില്‍ 90ഃ90ഃ90 സെ.മീ. വലുപ്പത്തില്‍ കുഴികളെടുത്താണ് നടേണ്ടത്. കമ്പോസ്റ്റ്, കാലിവളം എന്നിവ മേല്‍മണ്ണുമായി ചേര്‍ത്ത് കുഴികള്‍ നിറച്ചുവേണം തൈകള്‍ നടാന്‍. ജൈവവളം മാത്രമല്ല രാസവളവും ജാതിക്ക് നല്‍കാമെന്ന ശുപാര്‍ശയുമുണ്ട്.
ജൈവവളം നല്‍കേണ്ടത് ചെടിയൊന്നിന് ഒന്നാം വര്‍ഷം 10 കിലോഗ്രാം എന്ന തോതിലാണ്. ഓരോ വര്‍ഷവും ഈ അളവ് കൂട്ടണം. 15 വര്‍ഷമാകുന്നതോടെ 50 കിലോഗ്രാം വളം നല്‍കണം. ഒന്നാംവര്‍ഷം യൂറിയ, പൊട്ടാഷ്, രാജ്ഫോസ് എന്നിവ യഥാക്രമം 40, 100, 100 ഗ്രാം മരമൊന്നിന് നല്‍കണം. രണ്ടാംവര്‍ഷം ഇത് ഇരട്ടിയാക്കണം. മൂന്നാം വര്‍ഷം മുതല്‍ ക്രമേണ വര്‍ദ്ധിപ്പിച്ച് 15-ാം വര്‍ഷത്തിലെത്തുമ്പോള്‍ 1000, 1250, 2000 ഗ്രാം എന്ന തോതിലാണ് ഓരോ മരത്തിനും നല്‍കേണ്ടത്. വാണിജ്യപ്രാധാന്യമുള്ള ഭാഗങ്ങള്‍ ജാതിക്കയും ജാതിപത്രിയുമാണ്. ആയിരം കായ്കളില്‍ നിന്നും നാലു കിലോഗ്രാം ജാതിക്കയും ഒരു കിലോഗ്രാം ജാതിപത്രിയും ലഭിക്കും. ഇവ അതേ രൂപത്തില്‍ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കാം. ഓളിയോസിന്‍, ജാതിവെണ്ണ, ജാതിത്തൈലം എന്നിങ്ങനെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും ജാതിക്കയില്‍ നിന്ന് ഉല്‍പാദിപ്പിക്കാം. പുറന്തോട് ഉപയോഗിച്ച് ജാം, ജല്ലി, അച്ചാര്‍, ചമ്മന്തി എന്നിവ ഉണ്ടാക്കാം. ഇളം കായ്കള്‍ ഉപ്പിലിടാനും നല്ലതാണം. ജാതിപത്രി മധുരപലഹാരങ്ങള്‍, മദ്യം എന്നിവയ്ക്ക് മണം പകരാനും ഉപയോഗിക്കുന്നു. കൂടാതെ മുറുക്കുന്നതിലൊരു ചേരുവയാക്കാം. ഇത് പുകയ്ക്കുന്നത് വായുശുദ്ധീകരണത്തിന് ഉതകുകയും ചെയ്യും. ജാതിത്തൈലം ഭക്ഷ്യസാധനങ്ങള്‍ക്ക് മണത്തിനും ശീതളപാനീയങ്ങളില്‍ സ്വാദിനും ചേര്‍ക്കാം. കൂടാതെ സുഗന്ധദ്രവ്യ വ്യവസായത്തിലും ലേപനങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു. സോപ്പ് വ്യവസായത്തിലാണ് ജാതിവെണ്ണയുടെ ഉപയോഗം. നല്ലൊരു വേദനസംഹാരി കൂടിയാണിത്. എന്നാലിത് ഭക്ഷ്യവസ്തുവായി ഉപയോഗിക്കാറില്ല. ഓളിയോസിന്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് മണം നല്‍കാനും വാസനദ്രവ്യങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
500 മുതല്‍ 2000 വരെ കായ്കള്‍ ഒരു മരത്തില്‍ നിന്ന് വര്‍ഷം ലഭിക്കും. 2000 രൂപയ്ക്കുമേല്‍ ശരാശരി വരുമാനമുണ്ടാകും. ഇടവിളയായി തെങ്ങിന്‍തോപ്പുകളില്‍ 20 മരങ്ങള്‍ വരെ നടാം.
ജാതിക്കയ്ക്ക് ജാതിപത്രിയും വെയിലില്‍ ഉണക്കിയെടുക്കണം. ജാതിപത്രി 10-15, കായ്കള്‍ 20-25 ദിവസം ഉണക്കണം. ജാതിപത്രിക്കു ഭാഗികവും കായ്കള്‍ക്ക് പൂര്‍ണ്ണമായും വെയില്‍ ഏല്‍ക്കണം. കുമിള്‍രോഗ ശല്യം കണ്ടാല്‍ ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിലും പൂപ്പലിന് ക്വിനാല്‍ഫോസ് 0.025 ശതമാനം വീര്യത്തിലും തളിക്കണം.
Leave a Reply