
ഡോ. മുഹമ്മദ് ആസിഫ് എം
(ഫാം ജേണലിസ്റ്റും ഡയറി കണ്‍സല്‍ട്ടന്‍റുമാണ് ലേഖകന്‍)
വേനല്‍ചൂടിന് അറുതികുറിച്ച് ഇടിയും മിന്നലുമൊക്കെയായി മഴ ആര്‍ത്തലച്ചു പെയ്യുന്ന വര്‍ഷക്കാലം വന്നെത്തുകയാണ്. നാടും നഗരവുമെല്ലാം നനഞ്ഞു കുളിരുന്ന ഈ പെരുമഴക്കാലത്ത് നമ്മുടെ അരുമപശുക്കളുടെ ആരോഗ്യകാര്യത്തിലും പരിപാലനത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സമൃദ്ധമായി പച്ചപ്പുല്ലും കുടിവെള്ളവുമെല്ലാം ലഭ്യമാവുമെങ്കിലും ശാസ്ത്രീയ പരിചരണ മുറകളും ശുചിത്വവും പാലിക്കാത്ത പക്ഷം അത് പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും ദോഷകരമായി ബാദിക്കും. മികച്ച പരിപാലന മുറകള്‍ക്കൊപ്പം ലഭ്യമാവുന്ന പച്ചപ്പുല്ലും വെള്ളവുമെല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ മഴക്കാലം ക്ഷീരകര്‍ഷകര്‍ക്ക് സുവര്‍ണ്ണകാലമാവും എന്നതില്‍ സംശയമില്ല. വേനല്‍ക്കാലത്തേക്കാള്‍ വളര്‍ച്ചാനിരക്കും പ്രത്യുത്പാദനക്ഷമതയും പാല്‍ ഉത്പാദനവുമെല്ലാം മഴക്കാലത്ത് കൈവരിക്കാനും സാധിക്കും.
മഴക്കാല പരിചരണവും തീറ്റ ക്രമവും
മഴക്കാലത്ത് യഥേഷ്ടം ലഭ്യമാവുന്ന പച്ചപ്പുല്ല് തീറ്റയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ തീറ്റ ചെലവ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഏകദേശം 250 കി.ഗ്രാം ഭാരം വരുന്ന ഒരു പശുവിന് 30 കി.ഗ്രാം വരെ പച്ചപ്പുല്ല് ഒരുദിവസം വിവിധ തവണകളായി നല്‍കാം. ഒരു കിലോഗ്രാം കാലിത്തീറ്റക്ക് പകരമായി 10 കി.ഗ്രാം പച്ചപ്പുല്ല് നല്‍കിയാല്‍ മതിയാവും. കറവപ്പശുക്കള്‍ക്ക് ഇതേയളവ് പച്ചപ്പുല്ലിനൊപ്പം ഒരു ലിറ്ററ് പാലിന് 400 ഗ്രാം എന്ന അളവില്‍ കാലിത്തീറ്റയും നല്‍കാം. എന്നാല്‍ കൂടിയ അളവില്‍ ഒറ്റസമയത്ത് പച്ചപ്പുല്ല് നല്‍കുന്നത് വയറുപെരുപ്പത്തിനും വയറ് സ്തംഭനത്തിനും ഇടവരുത്തും. മഴക്കാലത്തിന്‍റെ തുടക്കത്തില്‍ ലഭ്യമാവുന്ന ഇളംപുല്ല് ധാരാളമായി നല്‍കുന്നത് വയറിളക്കത്തിനും ദഹനക്കേടിനും ഇടയാക്കും. ഇളംപുല്ലില്‍ നാരിന്‍റെ അളവ് കുറവായതും ഒപ്പം ധാരാളം ജലാംശം അടങ്ങിയതുമാണ് ഇതിന് കാരണം. അധികമുള്ള ഈ ജലാംശം വയറ്റില്‍ അടിഞ്ഞുകൂടി വയറിളക്കത്തിന് വഴിയൊരുക്കും. അതുകൊണ്ട് ഇളംപുല്ലും പച്ചപ്പുല്ലും ഒറ്റയടിക്ക് നല്‍കാതെ തവണകളായി നല്‍കാനും, വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയും നല്‍കാന്‍ ശ്രദ്ധിക്കണം. ഒപ്പം പുല്ലിനൊപ്പം വൈക്കോല്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നതാണ് ഉത്തമം.
മഴക്കാലത്തെ മഗ്നീഷ്യ കുറവ്
ഇളംപുല്ല് അടങ്ങിയ തീറ്റ ധാരാളമായി നല്‍കുന്നതും ഇളംപുല്ല് ഉള്ളിടങ്ങളില്‍ മേയാന്‍ വിടുന്നതും പശുക്കളില്‍ അപസ്മാരത്തിന് സമാനമായ ഗ്രാസ്സ് ടെറ്റനി എന്ന രോഗാവസ്ഥയ്ക്ക് കാരണമാവാറുണ്ട്. ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ മഗ്നീഷ്യം എന്ന ധാതുവിന്‍റെ അളവ് ഇളംപുല്ലില്‍ തീരെ കുറവായതാണ് ഇതിന് കാരണം. ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് മൂലം പശുവിന് വിറയല്‍, തറയില്‍ വീണ് കിടന്ന് കൈകാലുക് നിലത്തിട്ടടിക്കുക, വായില്‍ നിന്ന് നുരയും പതയും വരിക, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. രോഗാവസ്ഥ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. മഗ്നീഷ്യം അടങ്ങിയ മിശ്രിതം ഞരമ്പിലും തൊലിക്കിടയിലും കുത്തിവച്ച് പശുക്കളെ രക്ഷപ്പെടുത്താം. ഇളംപുല്ല് ധാരാളമായി നല്‍കുന്നുണ്ടെങ്കില്‍ മഗ്നീഷ്യം ഓക്സൈഡ് അടങ്ങിയ ധാതുമിശ്രിതങ്ങള്‍ (30-60 ഗ്രാംവരെ) ദിവസേന തീറ്റയില്‍ ഉള്‍പ്പെടുത്തണം.
അസിഡോസിസിനെ കരുതാം
മഴക്കാലത്ത് സുലഭമായ പഴുത്ത ചക്കപ്പഴവും മാങ്ങയുമെല്ലാം തീറ്റയില്‍ ഉള്‍പ്പെടുത്താമെങ്കിലും അമിതമായാല്‍ അസിഡോസിസ് എന്ന രോഗാവസ്ഥക്ക് ഇടയാക്കും. ആമാശയ അറയായ റൂമനിലെത്തി പെട്ടെന്ന് തന്നെ ദഹനത്തിന് വിധേയമാവുന്ന ഇവ ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനിടയാക്കും. ഇതാണ് അസിഡോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. വയറു സ്തംഭനം, വയറിളക്കം, അയവെട്ടാതിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടക്കത്തില്‍ കാണും. അമ്ലതയെ നിര്‍വീര്യമാക്കാന്‍ ഈ ഘട്ടത്തില്‍ 200-300 ഗ്രാം വരെ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) ശര്‍ക്കരയില്‍ കുഴച്ച് നല്‍കാം. എന്നാല്‍ അമിതമായി അമ്ലം ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. ശരീരോഷ്മാവ് താഴുന്നതിനും, നിര്‍ജലിനീകരണത്തിനും ക്രമേണ പശു എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം വീണുപോവുന്നതും ഇത് വഴിയൊരുക്കും. സത്വര ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം. ഞരമ്പില്‍ അമ്ലതക്കെതിരായ പ്രതിമരുന്ന് കുത്തിവെക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം.
തീറ്റയിലെ പൂപ്പല്‍ വിഷബാധ സൂക്ഷിക്കുക
പുല്ലും, തീറ്റ വസ്തുക്കളുമെല്ലാം ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്നത് അതില്‍ ആസ്പര്‍ജില്ലസ് എന്നയിനം പൂപ്പലുകള്‍ വളരുന്നതിനിടയാക്കും. ഈ പൂപ്പലുകള്‍ ഉത്പാദിപ്പിക്കുന്ന അഫ്ളാ ടോക്സിന്‍ എന്ന വിഷവസ്തു പശുക്കള്‍ക്ക് മാരകമാണ്. ദുര്‍ഗന്ധത്തോട് കൂടിയ ശക്തമായ വയറിളക്കത്തിനും ഉത്പാദനം ഗണ്യമായി കുറയുന്നതിനും വിഷം കാരണമാവും. ശക്തമായ പനിയും വിറയലും ഉണ്ടാവും. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭം അലസാനും ഇടവരുത്തും. കരളിനെയാണ് വിഷാംശം ഗുരുതരമായി ബാധിക്കുന്നത്. തീറ്റവസ്തുക്കള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കാനും, നനവില്ലാത്ത പാത്രങ്ങള്‍ ഉപയോഗിച്ച് തീറ്റയെടുക്കാനും ശ്രദ്ധിക്കണം. നനവ് ശ്രദ്ധയില്‍ പെട്ടാല്‍ വെയിലത്ത് ഉണക്കി മാത്രമേ തീറ്റ നല്‍കാവൂ. കടലപ്പിണ്ണാക്കിലും മറ്റും പൂപ്പല്‍ വിഷബാധക്ക് സാധ്യത കൂടുതലായതിനാല്‍ ഇവ ദീര്‍ഘനാള്‍ സൂക്ഷിച്ച് വച്ച് ഉപയോഗിക്കുന്നത് മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ഉത്തമം.
മഴക്കാല രോഗങ്ങളെ അറിയാം, പ്രതിരോധിക്കാം
തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. മാത്രവുമല്ല വേനലില്‍ നിന്ന് മഴയിലേക്കുള്ള കാലാവസ്ഥാ മാറ്റം സങ്കരയിനം പശുക്കള്‍ക്ക് ശരീര സമ്മര്‍ദ്ദത്തിനുമിടയാക്കും. ഇതുമൂലം ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതും രോഗങ്ങള്‍ പിടിപെടാന്‍ വഴിയൊരുക്കും. മുടന്തന്‍ പനിപോലുള്ള വൈറല്‍ രോഗങ്ങള്‍ക്കും, അകിട് വീക്കം, കുളമ്പു ചീയല്‍, കുരലടപ്പന്‍ തുടങ്ങിയ ബാക്ടീരിയല്‍ രോഗങ്ങള്‍ക്കും മഴക്കാലത്ത് സാധ്യതയേറെയാണ്. പണ്ടപ്പുഴു, കരള്‍ കൃമികള്‍ തുടങ്ങിയ ആന്തരിക വിരകള്‍ മൂലമുണ്ടാകുന്ന വയറിളക്കവും ഉത്പാദന നഷ്ടവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.
അകിടുവീക്കം തടയാം
മഴക്കാലത്ത് രോഗാണുക്കളുടെ എണ്ണം തൊഴുത്തിലും പരിസരത്തും കൂടുന്നതിനൊപ്പം ശുചിത്വകുറവും കൂടി ആവുന്നതോടെ കറവപ്പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടാനുള്ള സാധ്യതയേറും. പനി, തീറ്റയോട് വിരക്തി, അകിടിനു ചുറ്റും കല്ലിപ്പും, വേദനയും, പാലിന്‍റെ നിറവും ഗുണവും വ്യത്യാസപ്പെടല്‍ തുടങ്ങിയ അകിടുവീക്കത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ തേടണം. രോഗാണുവിന്‍റെ സ്വഭാവമനുസരിച്ച് അകിടുവീക്കത്തിന്‍റെ കാഠിന്യവും വ്യത്യാസപ്പെടും. ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടമാവില്ലെങ്കിലും പാല്‍ ക്രമേണ കുറയുന്നതിനും ചൂടാകുമ്പോള്‍ പിരിയുന്നതിനും കാരണമാവുന്ന നിശ്ശബ്ദ അകിടുവീക്കത്തിനും സാധ്യതയുണ്ട്. ആന്‍റിബയോട്ടിക് മരുന്നുകള്‍ അടക്കമുള്ള ചികിത്സ അതിന്‍റെ പൂര്‍ണകാലാവധിയില്‍ പൂര്‍ത്തിയാക്കണം. രോഗലക്ഷണങ്ങള്‍ കുറയുമ്പോള്‍ ഇടയ്ക്ക് വച്ച് ചികിത്സ നിര്‍ത്തരുത്.
അകിടൂവിക്കത്തില്‍ നിന്ന് കറവപ്പശുക്കളെ കരുതുന്നതിനായി ശുചിത്വവും സുരക്ഷിതവുമായ പാല്‍ ഉല്‍പാദനരീതികള്‍ സ്വീകരിക്കണം. അകിടിലുണ്ടാവുന്ന ചെറിയ മുറിവുകളും കീറലുകളുമെല്ലാം കൃത്യമായി ചികിത്സിക്കണം. യാതൊരു കാരണവശാലും പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പാല്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയിലോ, 0.1% ക്വാര്‍ട്ടനറി അമോണിയം ലായനിയിലോ കഴുകി, ശേഷം ശുദ്ധവെള്ളംകൊണ്ട് ഒരുതവണകൂടി കഴുകിത്തുടച്ച് കറവ തുടങ്ങാം. കറവ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ആദ്യം ചൂടുവെള്ളത്തിലും പിന്നീട് അണുനാശിനി ചേര്‍ത്ത വെള്ളത്തിലും അവസാനം ശുദ്ധജലത്തിലും കഴുകി വൃത്തിയാക്കണം. കറവക്കാരന്‍റെ വ്യക്തിശുചിത്വവും പ്രധാനമാണ്. പൂര്‍ണ്ണ കറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍റ് വീതം മുക്കിവെക്കുന്നത് അണുബാധയെ തടയും. ഈ മാര്‍ഗ്ഗം ടീറ്റ് ഡിപ്പിംഗ് എന്നാണറിയപ്പെടുന്നത്. കറവയ്ക്കുശേഷം ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെയെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ പുല്ലും വൈക്കോലും തീറ്റയായി നല്‍കാം.
തൊഴുത്തില്‍ റബ്ബര്‍ മാറ്റിടുന്നതും, തറയിലെ കുഴികളും മറ്റും കോണ്‍ക്രീറ്റ് ചെയ്യുന്നതും തൊഴുത്തില്‍ കെട്ടിനില്‍ക്കാന്‍ ഇടവരുത്താതെ വെള്ളവും മൂത്രവുമെല്ലാം വാര്‍ന്നുപോവാന്‍ തറയ്ക്ക് മതിയായ ചരിവ് നല്‍കുന്നതും രോഗാണുനിയന്ത്രണത്തിന് ഫലപ്രദമാണ്.
ഏഴ്-ഏഴര മാസം ചെനയിലെത്തിയ പശുക്കളുടെ കറവ നിര്‍ത്തുമ്പോള്‍ വറ്റുകാല ചികിത്സ ഉറപ്പുവരുത്തണം. കറവ ഘട്ടംഘട്ടമായി ഒഴിവാക്കിയും തീറ്റ കുറച്ചും വേണം പാലുല്‍പ്പാദനം നിര്‍ത്തേണ്ടത്. കറവ പൂര്‍ണ്ണമായും നിര്‍ത്തിയതിനു ശേഷം ദീര്‍ഘനാള്‍ ഫലം നല്‍കുന്ന ആന്‍റിബയോട്ടിക്കുകള്‍ അകിടില്‍ കയറ്റി വയറ്റുകാല ചികിത്സ നല്‍കണം. ആഴ്ചയിടവിട്ട് മൂന്ന് ആഴ്ചയോളം ഇത് തുടരാം.
അകിടുവീക്കം സംശയിക്കുന്ന പക്ഷം കര്‍ഷകര്‍ക്ക് തന്നെ എളുപ്പത്തില്‍ രോഗം കണ്ടെത്താവുന്ന അകിടുവീക്ക നിര്‍ണ്ണയ കിറ്റുകള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്. അകിടിന്‍റെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ്, ബോറിക് ആസിഡ്, പൊവിഡോണ്‍ അയഡിന്‍ എന്നിവയുമെല്ലാം അടങ്ങിയ പ്രസ്തുത കിറ്റുകള്‍ തിച്ഛമായ നിരക്കിലാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. അത് വാങ്ങി ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കാന്‍ ശ്രമിക്കണം.
കുരലടപ്പനെ കരുതാം
മഴക്കാലത്തിന്‍റെ തുടക്കത്തില്‍ പ്രത്യേകിച്ചും, പിന്നീടും വ്യാപകമായി കാണപ്പെടുന്ന ബാക്ടീരിയല്‍ രോഗങ്ങളിലൊന്നാണ് കുരലടപ്പന്‍. പ്രതികൂല കാലാവസ്ഥ കാരണം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നയവസരത്തില്‍ അവയുടെ ശരീരത്തില്‍ സാധാരണയായി കാണപ്പെടുന്ന പാസ്ചുറല്ല എന്നയിനം അണുക്കള്‍ പെരുകി രോഗമുണ്ടാക്കും. നനവുള്ളതും, ഊഷ്മാവ് കൂടിയതുമായ കാലാവസ്ഥ രോഗാണുവിന് ഏറ്റവും അനുകൂലമായതിനാലാണ് മഴക്കാലത്തിന്‍റെ തുടക്കത്തില്‍ രോഗം കൂടുതലായി കാണപ്പെടുന്നത്. എരുമകളില്‍ രോഗം കൂടുതല്‍ ഗുരുതരമാണ്.
ശക്തമായ പനി, ശ്വാസതടസ്സം, കട്ടിയായ മൂക്കൊലിപ്പ്, കീഴ്ത്താടിയിലും തൊണ്ടയുടെ താഴെയും നീര്‍വീക്കം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പനിയും നീര്‍വീക്കവും മാത്രമായ തീവ്രത കുറഞ്ഞ രൂപത്തിലും രോഗമുണ്ടാവാറുണ്ട്. രോഗബാധയേറ്റ പശുക്കളില്‍ നിന്നും വായുവിലൂടെയും, തീറ്റയിലൂടെയുമൊക്കെ മറ്റു പശുക്കളിലേക്ക് രോഗം പകരാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആന്‍റിബയോട്ടിക് ചികിത്സ സ്വീകരിക്കണം. സ്ഥിരമായി രോഗബാധ കാണപ്പെടുന്ന പ്രദേശങ്ങളിലെ പശുക്കള്‍ക്ക് മഴക്കാലത്തിന് മുമ്പുതന്നെ കുരലടപ്പനെതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കണം. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള കിടാക്കള്‍ക്കും കുത്തിവെപ്പ് നല്‍കാം. കുളമ്പ് രോഗത്തിനെതിരായ കുത്തിവെപ്പും നല്‍കണം. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോവും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. ഇത് കുരലടപ്പനടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യത കൂടും.
മഴക്കാലത്ത് പശുക്കളുടെ കുളമ്പിനെ ബാധിക്കാവുന്ന രോഗമാണ് കുളമ്പുചീയല്‍. കുളമ്പിന്‍റെ ഭാഗത്തെ ചുറുമുറിവുകളിലൂടെ അകത്തുകയറുന്ന രോഗാണു ബാക്ടീരിയ കുളമ്പ് ചീയലിന് കാരണമാവുന്നു. പരുപരുത്തതും, എപ്പോഴും നനഞ്ഞിരിക്കുന്നതുമായ തറയും, ശുചിത്വമില്ലായ്മയും അനുകൂല സാഹചര്യം ഒരുക്കും. കുളമ്പിന്‍റെ മുകളില്‍ കാണപ്പെടുന്ന ചെറിയ വ്രണം പിന്നീട് കുളമ്പുകള്‍ക്കിടയിലും ചുറ്റിലുമായി വ്യാപിച്ച് വലുതാവുന്നു. കുളമ്പിന്‍റെ ഭാഗത്ത് ശക്തമായ വേദനയും നീര്‍ക്കെട്ടും ഉണ്ടാവും. രോഗം രൂക്ഷമാവുന്ന പക്ഷം കുളമ്പ് ക്രമേണ അഴുകി ദ്രവിച്ച് അടര്‍ന്നുപോവാനും ഇടയാകും. കുളമ്പിനടിയിലെ രൂക്ഷമായ ദുര്‍ഗന്ധവും മുടമ്പുമെല്ലാം രോഗത്തില്‍ കാണും. കാലിലെ ചെറിയ മുറിവുകള്‍ പോലും കൃത്യമായി ചികിത്സിക്കാന്‍ ശ്രദ്ധിക്കണം. ശുചിത്വവും ഉറപ്പുവരുത്തണം. 5% തുരിശ് ലായനിയില്‍ കുളമ്പുകള്‍ ഉരച്ചുകഴുകുന്നതും, 5% ഭോര്‍മാല്‍ഡിഹൈഡ് അല്ലെങ്കില്‍ ഫിനോള്‍ ലായനിയില്‍ കുളമ്പുകള്‍ മുക്കിവെക്കുന്നതും രോഗതീവ്രത കുറയ്ക്കും. ഒപ്പം ആന്‍റിബയോട്ടിക് മരുന്നുകളും നല്‍കണം.
മഴക്കാലത്തെ വൈറല്‍ രോഗങ്ങള്‍
മഴക്കാലത്തിന്‍റെ തുടക്കത്തില്‍ കണ്ടുവരുന്ന വൈറല്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടന്തന്‍ പനി അഥവാ എപ്ഹെമറല്‍ ഫീവര്‍. ആര്‍ബോ എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പശുക്കളിലേക്ക് പകര്‍ത്തുന്തന് കൊതുകുകളും മണലീച്ചകളുമാണ്. രണ്ട് വയസ്സില്‍ താഴെയുള്ള പശുക്കളില്‍ രോഗസാധ്യത കാടുതലാണ്. പനി, പേശികളുടെ വിറയല്‍, തല വെട്ടിക്കല്‍, ഇരുകാലുകളിലും മാറിമാറിയുള്ള മുടന്തല്‍, പാല്‍ കുരയല്‍ എന്നീ ലക്ഷണങ്ങള്‍ കാണാം. സാധാരണഗതിയില്‍ രോഗം മൂന്ന് ദിവസംകൊണ്ട് ഭേദമാവാറുണ്ട്. പനിയും ശരീരവേദനയും കുറയ്ക്കാനായി മരുന്നുകള്‍ രോഗാരംഭത്തില്‍ നല്‍കണം. രോഗബാധയേറ്റ പശുക്കളുടെ രക്തത്തില്‍ 5 ദിവസം വരെ കാണപ്പെടുന്ന വൈറസ് ഈ കാലയളവില്‍ കൊതുകുകളും, ഈച്ചകളും വഴി മറ്റു പശുക്കളിലേക്ക് പകരാനിടയുണ്ട്. പശുവിന്‍റെ ശരീരത്തില്‍ കര്‍പ്പൂരം വേപ്പെണ്ണയില്‍ ചാലിച്ച് പുരട്ടുന്നതും, രാത്രി തൊഴുത്തില്‍ കര്‍പ്പൂരമോ കുന്തിരിക്കമോ പുകയ്ക്കുന്നതും ഈച്ചശല്യം കുറയ്ക്കും. വളക്കുഴിയില്‍ ആഴ്ചയിലൊരിക്കല്‍ കുമ്മായമോ, ബി.എച്ച്.സി. പൗഡറോ വിതറുന്നതും ഈച്ചകളെ തടയാന്‍ ഫലപ്രദമാണ്.
ആന്തരിക വിരബാധകള്‍
പണ്ടപ്പുഴു, കരള്‍കൃമികള്‍ തുടങ്ങിയ ആന്തരിക വിരബാധകള്‍ മഴക്കാലത്ത് കൂടുതലായി കാണാറുണ്ട്. പരാദങ്ങളുടെ ജീവിതചക്രത്തിലെ ഏറ്റവും അനുകൂലമായ സമയമാണ് മഴക്കാലം. ആന്തരിക പരാദങ്ങളുടെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ വേണ്ട മധ്യവാഹകരായ ഒച്ചുകളും മറ്റും മഴക്കാലത്ത് ധാരാളമായി കാണപ്പെടുന്നത് ഇതിനൊരു കാരണമാണ്. മഴക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ എല്ലാതരം ആന്തരിക വിരകളെയും നശിപ്പിക്കുന്ന മരുന്നുകള്‍ പശുക്കള്‍ക്ക് നല്‍കണം. ഇടവിട്ടുള്ള വയര്‍ സ്തംഭനം, രൂക്ഷഗന്ധത്തോടുകൂടിയ ശക്തമായ വയറിളക്കം, എണ്ണമയമുള്ളതും രക്തം കലര്‍ന്നതുമായ ചാണകം എന്നിവയെല്ലാം പണ്ടപ്പുഴു ബാധയുടെ ലക്ഷണമാണ്. ഇടവിട്ടുള്ള വയറിളക്കവും, വയറുവേദനയും, പാല്‍ ഉല്‍പാദന കുറവുമെല്ലാം ശ്രദ്ധയില്‍ പെട്ടാല്‍ ചാണകം പരിശോധിച്ച് പ്രസ്തുത വിരകള്‍ക്കെതിരായ പ്രത്യേക മരുന്നുകള്‍ നല്‍കണം. ചാണകപരിശോധനയ്ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ എല്ലാ മൃഗാശുപത്രികളിലും കര്‍ഷകര്‍ക്ക് ലഭ്യമാണ്.
Leave a Reply