Friday, 21st June 2024
സി.വി. ഷിബു.

വയനാട്ടിലെ 56   പ്രസിദ്ധ കുറിച്യ തറവാടുകളിൽ പ്രഥമ സ്ഥാനത്തുള്ള   എടത്തന തറവാട്ടിൽ  കൊവിഡ് ഭീഷണിക്കിടയിലും  നാട്ടി  ഉത്സവം  നടന്നു. 
എത്ര പ്രതിസന്ധിയുണ്ടായാലും പാരമ്പര്യം തകർക്കാൻ ഇവർ തയ്യാറല്ല. പഴമ , പൈതൃകം , പാരമ്പര്യം, ഒരുമ , ഭക്ഷ്യസുരക്ഷ, കാർഷിക സംസ്കാരം തുടങ്ങി എല്ലാത്തിനും മാതൃകയാണ് എടത്തനയിലെ കമ്പള നാട്ടി.
 
 തറവാടിന്റെ  കൂട്ടായ്മയിൽ  നടക്കുന്ന  എല്ലാ  പ്രവർത്തനങ്ങളും  ഉത്സവങ്ങളാണെങ്കിലും  ഇപ്രാവശ്യത്തെ  നടീലിന്റെ  ഉത്സവച്ഛായ  പേരിൽ  മാത്രമേ  ഉണ്ടായിരുന്നുള്ളു. കൊവിഡിന്റെ   പശ്ചാത്തലത്തിൽ  വ്യക്തമായ  അകലം  പാലിച്ചും  തറവാട്ടിൽ  തന്നെ  തയ്യാറാക്കിയ മാസ്കും ധരിച്ചാണ് എല്ലാവരും  പാടത്തിറങ്ങിയത്. 
ജീവിതത്തിൽ ആദ്യമായാണ് മാസ്ക് ധരിച്ച് പാടത്തിറങ്ങുന്നതെന്ന്  തറവാട്ടുകാരനണവർ പറഞ്ഞു. 
 വയലിന്റെ  വിസ്തൃതി  അനുസരിച്ചു  ആളുകളെ  ക്രമീകരിച്ചായിരുന്നു ഞാറുനടീൽ  ആരംഭിച്ചത്. തറവാട് മൂപ്പൻ  ചന്തുവിന്റേയും  വാർഡ് മെമ്പറും ആരോഗ്യ പ്രവർത്തകയുമായ ബിന്ദു വിജയ കുമാറിന്റെയും  മേൽനോട്ടതിലായിരുന്ന നടീൽ  ആരംഭിച്ചത്. കര  കൂടാതെ  14 ഏക്കറോളം  വയലാണ്  തറവാടിനുള്ളത്.  . 400 ഓളം  കുടുംബങ്ങൾ  തറവാട്ടിനു  കീഴിലുണ്ട്. അവരുടെയെല്ലാം  ഒരാണ്ടിലേക്കുള്ള  അരിയുടെ  കരുതൽ  ഇതിൽ  നിന്നും വേണം ലഭിക്കാൻ. കൊറോണ  നൽകിയ പാഠങ്ങൾ  ഉൾക്കൊണ്ടാകണം  തറവാട്ടിലെ    പുതു  തലമുറയിലെ എല്ലാ  ചെറുപ്പക്കാരും പല  ഘട്ടങ്ങളിലായി നാട്ടി  ഉത്സവത്തിൽ  പങ്കാളികളാകാൻ  എത്തിയിരുന്നു.
   പരമ്പരാഗത നെൽവിത്തിനങ്ങൾ ആണ് കൂടുതലായും കൃഷി ചെയ്യുന്നത്. ചവറും ചാണകവും ഉപയോഗിച്ച് വിഷരഹിതമായ കൃഷി രീതിയാണ് ഇവർ അനുവർത്തിക്കുന്നത്.
വെളിയന്റെയും  ഗന്ധകശാലയുടെയും  മോശമല്ലാത്ത  വിളവാണ് ഓരോ  വർഷവും  ഇവിടെ നിന്നും  ലഭിക്കുന്നത്.
 വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും ഗോത്ര വിഭാഗങ്ങളിലെ കർഷകർ ഇത്തരത്തിൽ നെൽ കൃഷി നടത്താറുണ്ട്  .ഇവരിൽ പലർക്കും കൃഷിയോട് അനുബന്ധിച്ച പല ചടങ്ങുകളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്.പ്രളയത്തിൻറെ ഭീഷണി ഉണ്ടെങ്കിലും കാലം തെറ്റാതെ കൃഷി ഇറക്കുന്ന പതിവ് രീതി ഇത്തവണയും ആവർത്തിച്ചു. ടൂറിസത്തിന് ഭാഗമായി ആയി വയനാട്ടിൽ എത്തുന്ന സഞ്ചാരികളിൽ പലരും എടത്തല തറവാടിനെ കുറിച്ച് പഠിക്കാൻ ഇവിടെ എത്താറുണ്ട്.വീര കേരളവർമ്മ പഴശ്ശിരാജാവിൻറെ മുന്നണി പ്പോരാളികൾ ആയിരുന്നു എടത്തന തറവാട്ടിലെ അംഗങ്ങൾ ഉൾപ്പെട്ട  കുറിച്യ സമൂഹം .
ഫോട്ടോ.. :ദേവദാസ് വാളാട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *