Thursday, 12th December 2024
പടിഞ്ഞാറത്തറ: പൊതു ജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തി ബാണാസുര സാഗര്‍ ഡാമില്‍ നിന്നും മത്സ്യം പിടിച്ച് വില്‍പ്പന നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കേരള ഫിഷറീസ് വകുപ്പിന് കീഴില്‍ രൂപീകരിച്ച ബാണാസുര സാഗര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ റിസര്‍വ്വോയര്‍ ഫിഷറീസ് സഹകരണ സംഘത്തിന് ഡാമിന്‍റെ കൈവശക്കാരായ കെ എസ് ഇ ബിയില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം മുതല്‍ മത്സ്യ ബന്ധനം ആരംഭിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട 91 പേര്‍ അടങ്ങിയ സംഘം 2012ല്‍ രൂപീകരിച്ചെങ്കിലും 2019ഓടെയാണ് പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് വര്‍ഷാ വര്‍ഷങ്ങളില്‍ ഇത്തരം ജലസംഭരണികളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്താറുണ്ട്. ബാണാസുര സാഗര്‍ റിസര്‍വ്വോയറില്‍ മാത്രം കഴിഞ്ഞ വര്‍ഷം പതിമൂന്ന് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്മെന്‍റ് പ്രൊജക്ടിന്‍റെ ഭാഗമായി ഈ സംഘത്തിന് മത്സ്യബന്ധനത്തിന് ആവശ്യമായ കൊട്ടത്തോണികളും ഗില്‍നെറ്റ്, വെയിങ് മെഷീന്‍, ബില്ലിങ് മെഷീന്‍ തുടങ്ങിയവ ഫിഷറീസ് വകുപ്പ് മുമ്പ് നല്‍കിയിരുന്നു. ലഭിക്കുന്ന വരുമാനത്തിന്‍റെ എണ്‍പത് ശതമാനം തുക തൊഴിലെടുക്കുന്നവര്‍ക്കും ഇരുപത് ശതമാനം തുക സംഘത്തിനും ലഭിക്കും. എല്ലാ ദിവസവും മത്സ്യ ബന്ധനം നടത്തി പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം കുറ്റ്യാംവയല്‍, തരിയോട് പഞ്ചായത്തിലെ മഞ്ഞൂറ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയങ്ങളില്‍ വില്‍പ്പന നടത്തും. ഈ പദ്ധതി നടപ്പിലായതോടെ ഈ റിസര്‍വ്വോയറില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള പൂര്‍ണ്ണ അവകാശം ഈ സംഘത്തിന് മാത്രമായിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *