കേരളത്തിൽ കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ കാപ്പി ചെടികളെ ബാധിക്കുന്ന കരിംചീയൽ (അഴുകൽ രോഗം) ഞെട്ട് ചീയൽ എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .
തുടർച്ചയായുള്ള മഴ കാരണം മണ്ണിലെയും അന്തരീക്ഷത്തിലെയും ഈർപ്പം കൂടുന്നതും അന്തരീക്ഷ താപനില കുറയുന്നതും ഇലകളിലെ നനവാർന്ന പ്രതലവും രോഗത്തിന്റെ തീവ്രത കൂട്ടാൻ കാരണമാവുന്നു
രോഗലക്ഷണങ്ങൾ
- കുമിൾ ബാധയേറ്റ ഇലകൾ കായ്കൾ ഇളം തണ്ടുകൾ എന്നിവ കറുപ്പ് നിറമായി അഴുകി പോവുക
- ശിഖരത്തിൽ നിന്ന് വേർപെട്ടു പോകുന്ന ഇലകൾ നൂല് പോലെയുള്ള കുമിൾ നാരുകളിൽ തൂങ്ങി കിടക്കുക
- രോഗ ബാധയേറ്റ ഇലകളിലും കായ്കളിലും വെള്ളം വലിഞ്ഞു കഴിയുമ്പോൾ വെളുത്ത നൂല് പോലെയുള്ള കുമിളിനെ കാണാവുന്നതാണ്
- രോഗത്തിന്റെ അടുത്ത ഘട്ടത്തിൽ ഇലകളും കായ്കളും പൊഴിയുക
- കാപ്പി കുരുവിന്റെ ഞെട്ട് അഴുകി കറുപ്പ് നിറമായി കൊഴിയുക
പ്രതിരോധ മാർഗങ്ങൾ
- അഴുകൽ രോഗം വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ തണൽ ലഘൂകരിക്കാനും തോട്ടിൽ കുഴികൾ തുറക്കുവാനും നീർ ചാലുകൾ വൃത്തിയാക്കുന്നതിനും പ്രത്യകം ശ്രദ്ധിക്കണം
- കാപ്പി ചെടികളുടെ മുകളിൽ വീണു കിടക്കുന്ന തണൽ മരത്തിന്റെ ഉണങ്ങിയ ഇലകൾ മാറ്റി ചെടി വൃത്തിയാക്കുക
- അര -അടി തുറക്കൽ എന്ന തുറക്കൽ എന്ന പ്രക്രിയ വർഷത്തിൽ രണ്ടു തവണ ( കാലവര്ഷത്തിനു മുമ്പും ഇടക്കും ) ശരിയായി ചെയ്യുക
- കൂടാതെ കമ്പ ചീറുകൾ നീക്കുന്നത് വഴി ചെടികളിൽ വായു സഞ്ചാരവും സൂര്യ പ്രകാശ ലഭ്യതയും ഉറപ്പു വരുത്താവുന്നതാണ്
- ചെടികളുടെ ചുവട്ടിൽ നിന്ന് ഉണങ്ങിയ ഇലകളും ശിഖരങ്ങളും നീക്കം ചെയ്ത് നാലു ചെടികളുടെ മധ്യത്തിൽ ആയി കൂട്ടി വയ്ക്കുക
- പോയ വർഷം രോഗ ബാധ ഉണ്ടായ സ്ഥലങ്ങളിലും രോഗ ബാധയ്ക്ക് സാധ്യത ഉള്ള സ്ഥലങ്ങളിലും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഒരു ബാരലിന് 50 മില്ലി പ്ലാനോഫിക്‌സും ചേർത്ത് അടിക്കാവുന്നതാണ് .
- രോഗബാധ ശ്രദ്ധയിൽ പെട്ടാൽ രോഗ ബാധയേറ്റ ഇലകളെയും മറ്റു ഭാഗങ്ങളെയും മാറ്റി കാപ്പി ചെടി വൃത്തിയാക്കുന്നതും രോഗ ബാധയേറ്റ ഭാഗങ്ങൾ നശിപ്പിച്ചു കളയുന്നതും രോഗത്തിന്റെ തുടർ വ്യാപനം തടയാൻ സഹായിക്കുന്നു .
Leave a Reply