Wednesday, 29th September 2021
സുഭിക്ഷ കേരളം പദ്ധതി ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് കേരള സര്‍വ്വകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ നടത്തുന്ന ഹരിതാലയം തരിശുനില കൃഷികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍  വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു.  വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വ്വകലാശാലകള്‍ മുന്നിട്ടുവരണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കെ.ടി ജലീല്‍, കടകംപള്ളിസുരേന്ദ്രന്‍, മേയര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ ക്യാമ്പസില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയുണ്ടായി.
കാര്‍ഷികമേഖലയില്‍ നൂതന രീതികള്‍ അനുവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കാര്‍ഷികവരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇതാവശ്യ മാണെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.  ഭക്ഷ്യ സ്വയം പര്യാപത നേടുവാന്‍ നമുക്ക്കഴിയണം.  അതിനുവേണ്ടി ആവഷ്കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം.  3860 കോടിരൂപയാണ് ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.  ഒരുലക്ഷം ഹെക്ടര്‍ തരിശുഭൂമിയില്‍ ആദ്യഘട്ടമെന്ന നിലയില്‍ 25000 ഹെക്ടര്‍ ഭൂമിയില്‍ ഈ വര്‍ഷംകൃഷിയിറക്കും.
പച്ചക്കറിമേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ 4 വര്‍ഷംകൊണ്ട് സാധ്യമാക്കുവാന്‍ കഴിഞ്ഞത്.  സ്വന്തമായികൃഷി ചെയ്യുവാന്‍ എല്ലാവരും തയ്യാറായത്തന്നെ ഇതിനൊരു തെളിവാണ്.  സ്വന്തം കൃഷി എന്നത് ഒരു സംസ്കാര മാക്കിമാറ്റുവാനും നമുക്ക്കഴിഞ്ഞു. മുട്ട, പാല്‍, എന്നിവയുടെ കാര്യത്തില്‍ ഏറെക്കുറെ നമ്മള്‍ സ്വയം പര്യാപ്തതകൈവരിച്ചിട്ടുണ്ട്.  കാര്‍ഷിക മേഖലയില്‍ വരള്‍ച്ച, വെള്ളപ്പൊക്കംഎന്നിവ നേരിട്ടെങ്കിലും നെല്ല് ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തുവാന്‍ നമുക്ക്കഴിഞ്ഞു.  എല്ലാവരും പ്രയത്നിച്ചാല്‍ നമുക്ക് ഭക്ഷ്യ സ്വയം പര്യാപ്തത നേടുവാന്‍ ആകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആന്‍ഡമാന്‍ സസ്യോദ്യാനവും, ഡോ. കെ.ടി. ജലീല്‍ ജൈവവൈവിധ്യസംരക്ഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനുശേഷം മന്ത്രിമാര്‍ ക്യാമ്പസില്‍ വൃക്ഷത്തൈകളും തെങ്ങിന്‍തൈകളും നടുകയുണ്ടായി. കൃഷി മന്ത്രി 20 ഏക്കര്‍ തരിശുനിലത്തില്‍ ട്രാന്‍സ്പ്ലാന്‍റര്‍ ഉപയോഗിച്ച് ഞാറ് നടുകയും ചെയ്തു.        കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തരിശു കിടന്നിരുന്ന 20 ഏക്കര്‍ നെല്‍വയലാണ് സര്‍വ്വകലാശാല  കൃഷിയോഗ്യമാക്കിയത്. സംസ്ഥാന കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ പച്ചക്കറികൃഷി, ഫലവര്‍ഗ്ഗകൃഷി എന്നിവയും സര്‍വകലാശാല ക്യാമ്പസില്‍ നടപ്പിലാക്കുന്നുണ്ട്. 
കാലങ്ങളോളം നെല്‍വയല്‍ കൃഷി ചെയ്യാത്തതു കാരണം പാഴ്മരങ്ങളും, കുറ്റിച്ചെടികളും, കാടും വളര്‍ന്ന് കൃഷിയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചത്.  20 ഏക്കറോളം വരുന്ന ഈ ഭൂമി തിരികെ കൃഷിയിലേക്കു കൊണ്ടുവരുന്നതിനായി ചുറ്റും പുറംവരമ്പും, തോടും നിര്‍മ്മിച്ച് നീര്‍വാര്‍ച്ചായോഗ്യമാക്കിയിരുന്നു. തരിശു നെല്‍വയലില്‍ പടര്‍ന്നു കിടന്ന കുറ്റിച്ചെടികളും വളളികളും പിഴുതുമാറ്റി അര ഏക്കര്‍ വരുന്ന കണ്ടങ്ങള്‍ ആയി തിരിച്ച്, ചുറ്റുവരമ്പും നീര്‍ച്ചാലുകളും നിര്‍മ്മിച്ചാണ് കൃഷി..  കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വിത്തിനമായ څമനുരത്നچ എന്നയിനമാണ് പാടത്ത് നട്ടത്.  സെപ്തംബറില്‍ കൊയ്ത് എടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 50 ടണ്‍ നെല്ലും 40 ടണ്‍ വൈക്കോലും ഈ വിളവില്‍ നിന്നും പ്രതീക്ഷിക്കുന്നു.  10 ലക്ഷം രൂപ ചിലവിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് കേരള സംസ്ഥാന കൃഷിവകുപ്പിന്‍റെ കീഴിലുളള കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ ആണ്. ഉത്പാദിപ്പിക്കുന്ന നെല്ല് വീണ്ടും വിത്ത് ആയി തന്നെ വില്‍ക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. 
365 ഏക്കര്‍ സ്ഥലമാണ് ക്യാമ്പസിനുളളത്.  ഇതിനെ ഹരിതാഭമാക്കുവാനുളള പദ്ധതിയാണ് ഹരിതാലയം.  ക്യാമ്പസിനുളളിലെ പാഴ്മരങ്ങളായ പ്രകൃതിയ്ക്ക് ദോഷം ഉണ്ടാക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് സ്ഥലം കൃഷിയോഗ്യമാക്കിയത്.  ഈ സ്ഥലത്ത് പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ നട്ടു പിടിപ്പിക്കും.  1000 തെങ്ങുകളുടെ തോപ്പ്, 5 ഏക്കര്‍ പച്ചക്കറികൃഷി, 5 ഏക്കറില്‍ ഫലവൃക്ഷ ഉദ്യാനം, 5 ഏക്കറില്‍ ആന്‍ഡമാന്‍ ദ്വീപുസമൂഹങ്ങളില്‍ നിന്നും ശേഖരിച്ച അപൂര്‍വ്വവും വാണിജ്യ പ്രാധാന്യമുളളതുമായ ഔഷധസസ്യങ്ങള്‍, അഗസ്ത്യ വനത്തില്‍ നിന്ന് കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ തോട്ടം എന്നീ പദ്ധതികളാണ്  തരിശു നിലങ്ങളില്‍ വിഭാവനം ചെയ്തിട്ടുളളത്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *