Sunday, 3rd December 2023
സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടം നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിന്‍റെ നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍, ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.   സംസ്ഥാന കൃഷിവകുപ്പിന്‍റെ കീഴില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളിലായി നടത്തിവരുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ കൂടി ഭാഗമായാണ് പച്ചക്കറിത്തോട്ട നിര്‍മ്മാണം.  കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും കൃഷിചെയ്യണമെന്ന ആഹ്വാനം ലോക്ഡൗണ്‍ ആദ്യഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി നടത്തിയിരുന്നു.  ഇതിന്‍റെ ഭാഗമായി ഏപ്രില്‍ ആദ്യവാരം തന്നെ 65 ലക്ഷം വിത്തു പാക്കറ്റുകളും പച്ചക്കറിത്തൈകളും കൃഷിവകുപ്പ് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു.  ഇതിന്‍റെ രണ്ടാംഘട്ടമെന്ന നിലയിലാണ് വീണ്ടും ഒരു ജനകീയ ക്യാമ്പയിന്‍ കൃഷിവകുപ്പ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.  മാര്‍ച്ച് മാസം തുടങ്ങിയ ആദ്യഘട്ട ക്യാമ്പയിന്‍റെ ഭാഗമായി ഒട്ടുമിക്ക കുടുംബങ്ങളും സ്വന്തമായി പച്ചക്കറികൃഷി ആരംഭിച്ചിരുന്നു.   അയല്‍സംസ്ഥാ നങ്ങളില്‍ കോവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണ്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പഴം-പച്ചക്കറികള്‍ ആവശ്യമുളള ഒരു സീസണ്‍ കൂടിയാണ് ഓണക്കാലം.  ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് രണ്ടാംഘട്ടമെന്ന നിലയില്‍ സുഭിക്ഷകേരളം പദ്ധതി ഭാഗമായി ഓണത്തിനൊരുമുറം പച്ചക്കറി ക്യാമ്പയിന്‍ ഇപ്പോള്‍ ആരംഭിക്കുവാന്‍ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. വാസുകി ഐ.എ.എസ്, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാറോയി ഐ.എ.എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *