സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങളുടെ ഫലമായി റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന്‍റെ ഫണ്ടില്‍ നിന്നാണ് ഇതിനുളള തുക വകയിരുത്തിയിട്ടുളളത്. സുഭിക്ഷകേരളം ജൈവഗൃഹം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് പ്രവാസികളായിട്ടുളള ധാരാളം പേര്‍ ഇതിനകം തന്നെ അന്വേഷണങ്ങള്‍ നടത്തിയിട്ടുളളതായി മന്ത്രി അറിയിച്ചു.
കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനിച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷിരീതി. ഓരോ പ്രദേശത്തിനും അവിടുത്തെ മണ്ണിനെയും കാലാവസ്ഥയേയും നിലവിലുളള ഭൂവിഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി സംയോജിത കൃഷിരീതികള്‍ അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
പദ്ധതി ലക്ഷ്യങ്ങള്‍
ډ ഓരോ തുണ്ടുഭൂമിയും പ്രയോജനപ്പെടുത്തി പരമാവധി വിളവ് നേടുക.
ډ പ്രധാന വളകള്‍ക്കൊപ്പം കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പരമാവധി ആദായം ഉറപ്പാക്കുക.
ډ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിച്ച് ജൈവവളങ്ങളാക്കി ജൈവചംക്രമണം സാധ്യമാക്കുക.
ډ ജൈവവളങ്ങള്‍ പ്രയോജനപ്പെടുത്തി മണ്ണിന്‍റെ ജൈവാംശം, ഈര്‍പ്പം, മണ്ണിലെ സൂക്ഷ്മജീവികള്‍, മണ്ണിന്‍റെ ആരോഗ്യം, ഘടന എന്നിവ മെച്ചപ്പെടുത്തി വര്‍ദ്ധിച്ച ഉത്പാദനം സാധ്യമാക്കുക.
ډ സംയോജിത കീട/രോഗ/കളനിയന്ത്രണം സാധ്യമാക്കുക.
ډ കുടുംബങ്ങളെ ഉള്‍പ്പെടുത്തി കൃഷിരീതികള്‍ അവലംബിക്കുന്നത് വഴി ഉത്പാദനച്ചെലവ് കുറയ്ക്കുക.
ډ സംയോജിത കൃഷിരീതി അവലംബിക്കുന്നത് വഴി കര്‍ഷകന്‍ സ്വയംപര്യാപ്തത നേടുക.
ډ പോഷക സുരക്ഷ ഉറപ്പുവരുത്തുക.
ډ പുതുതലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുക.
ډ പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷണം ഉറപ്പാക്കുക.
ډ സൂക്ഷ്മ ജലസേചന രീതികള്‍ അടക്കമുളള ശാസ്ത്രീയ കൃഷി രീതികള്‍ അനുവര്‍ത്തിക്കുന്നതുമൂലം പുരയിടത്തിന്‍റെ സമഗ്ര വികസനം സാധ്യമാക്കുക.
പദ്ധതി രണ്ട് തരത്തിലാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
(എ) നിലവിലുളള യൂണിറ്റുകളുടെ പരിപോഷണം
കൃഷി – മൃഗപരിപാലനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് നിലവില്‍ നിരവധി കര്‍ഷകര്‍ പല രീതികളില്‍ സംയോജിത കൃഷിരീതി അനുവര്‍ത്തിച്ചു വരുന്നുണ്ട്. പ്രധാനമായും നെല്‍കൃഷി, തെങ്ങ് കൃഷി എന്നീ കൃഷിരീതികള്‍ക്ക് അധിഷ്ഠിതമായി അനുബന്ധ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നത്. പ്രസ്തുത യൂണിറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നുണ്ടെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ശരിയായ മാലിന്യ സംസ്കരണരീതികള്‍ അവലംബിക്കാത്തവ, മഴവെളള സംഭരണത്തിന്‍റെ അപര്യാപ്തത, കിണര്‍ റീചാര്‍ജ്ജിംഗ് ഇല്ലാത്തവ, യന്ത്രവത്കരണത്തിന്‍റെ കുറവ് മുതലായവ കര്‍ഷകന്‍റെ വരുമാനം കുറയ്ക്കുന്നതായി കാണുന്നു. പ്രസ്തുത സാഹചര്യത്തില്‍ നിലവിലുളള സംരംഭത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കത്തക്ക രീതിയില്‍ ഉയര്‍ത്താവുന്നതാണ്.
(ബി) പുതിയ സംയോജിത കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കല്‍:
സംയോജിത കൃഷിരീതി അവലംബിക്കുന്നതിന് താത്പര്യമുളള കുറഞ്ഞത് 5 സെന്‍റെങ്കിലും കൃഷിയിടം ഉളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാവുന്നതാണ്. ഓരോ ഗുണഭോക്താവിനും തയ്യാറാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് 5 സംരംഭങ്ങളെങ്കിലും തുടങ്ങണം. പദ്ധതിയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് യൂണിറ്റുകളുടെ സ്ഥലവിസ്തൃതിക്കും നടപ്പിലാക്കുന്ന എന്‍റര്‍പ്രൈസുകളുടെ എണ്ണത്തിനും ആനുപാതികമായിരിക്കും. കൃഷിയിടത്തില്‍ നടപ്പിലാക്കുന്ന ഘടകങ്ങളെ വിലയിരുത്തിയശേഷം 5 മുതല്‍ 30 സെന്‍റ് വരെയുളളവര്‍ക്ക് 30,000 രൂപവരെയും 31 സെന്‍റ് മുതല്‍ 40 സെന്‍റ് വരെയുളളവര്‍ക്ക് 40,000 രൂപ വരെയും 40 സെന്‍റിനു മുകളില്‍ 2 ഹെക്ടര്‍ വരെയുളളവര്‍ക്ക് 50,000 രൂപവരെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുകൂല്യം ലഭിക്കുന്നതാണ്.
സ്വന്തമായി കുറഞ്ഞത് 5 സെന്‍റ് ഭൂമിയുളളവരും മറ്റ് കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്കും പദ്ധതി ഗുണഭോക്താവാകാവുന്നതാണ്. സ്വന്തം ഭൂമിയില്‍ പശു, ആട്, കോഴി മുതലായവ ചെയ്യുന്നതോടൊപ്പം വാടക ഭൂമിയില്‍ സംയോജിത കൃഷി രീതി അവലംബിക്കുന്നതിനു പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുന്നതാണ്. കുറഞ്ഞത് 14,000 കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
Leave a Reply