Friday, 23rd February 2024


വയനാടിന്റെ സ്വന്തം കുളത്താട പയർ   ഇനി കേരളത്തിന്റെ കൃഷിയിടങ്ങളിലേക്ക്.

സി.വി. ഷിബു

 കൽപ്പറ്റ.: കാർഷിക കേരളത്തിന് നിരവധി നാടൻ നെൽവിത്തുകൾ സംഭാവന നൽകിയ വയനാട്ടിൽ നിന്നും പുതിയ  രണ്ടിനം  പയറുവർഗങ്ങൾ കൂടി  

കേരളത്തിന്റെ കൃഷിയിടങ്ങളിലേക്ക്.

. കുളത്താട പയറും കേളു പയറുമാണ് കർഷകരുടെ കൃഷിയിടത്തിലേക്ക് ഇനി എത്തുന്നത്. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്താട പ്രദേശത്ത് പതിറ്റാണ്ടുകളായി കൃഷി ചെയ്തു വരുന്ന പയറിനമാണ് കുളത്താട പയർ എന്ന പേരിൽ അറിയപ്പെടുന്നത്. അത്യുൽപ്പാദന ശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള കുറ്റിപ്പയറാണ് ഇത്. ഏത് കാലാവസ്ഥയിലും വളരുമെന്ന് മാത്രമല്ല നനയ്ക്കേണ്ട ആവശ്യവുമില്ല എന്നതാണ് കുളത്താട പയറിന്റെ ഏറ്റവും വലിയ പ്രത്യേകത. പയർ കൃഷിയിറക്കി ഇല വിരിയുമ്പോഴെക്കും സാധാരണയായി കീടാണുക്കൾ തിന്ന് നശിപ്പിക്കുന്നു. ഇത് കാരണം പയർ കൃഷിയ്ക്ക് കീടനാശിനികൾ തളിക്കേണ്ടി വരുന്നതിനൊപ്പം രാസവളവും പ്രയോഗിക്കേണ്ടി വരുന്നു. എന്നാൽ കുളത്താട പയറിന് കീട …. രോഗ സാധ്യത കുറവായാത് കൊണ്ടു തന്നെ രാസവളമോ കീടനാശിനിയോ  നൽകേണ്ടതില്ല. തവിഞ്ഞാൽ പഞ്ചായത്തിലെ 
 കുളത്താട പ്രദേശത്തെ നിരവധി കർഷകരാണ് ഈ പയർ കൃഷി വർഷങ്ങളായി ചെയ്തുവരുന്നത്. വേനൽക്കാലത്തെ നാട്ടുകാരുടെ പ്രധാന വരുമാനമാർഗം കൂടിയാണ് ഇത്. നഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞ് പിന്നാലെ നിലം ഉഴുതുമറിച്ച് പയർ കൃഷി ചെയ്യുന്നതാണ് ഇവരുടെ പതിവ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് മാത്രം ജൈവവളം നൽകും പിന്നീട് വള പ്രയോഗത്തിന്റെ ആവശ്യം വരുന്നില്ല. ഉണങ്ങിയ പയർ മാസങ്ങളോളം കേടു കൂടാതെ നിൽക്കും. മറ്റ് പയറുകളിൽ നിന്നും വ്യത്യസ്തമായി രുചിയും മണവും കൂടുതലാണ് കുളത്താട പയറിന്. വ്യാപകമായി കുളത്താട പയർ പ്രദേശത്തെ എല്ലാവരും കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഇതിന് പ്രചാരമുണ്ടായിരുന്നില്ല. നാല് വർഷം മുമ്പ് തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി.സുനിലിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കുളത്താട പയറിന് നല്ല കാലം ഉണ്ടായി തുടങ്ങിയത്. 2018 ൽ തൃശൂരിൽ നടന്ന വൈഗ കാർഷിക പ്രദർശനത്തിന് ഇവ എത്തിച്ച് കർഷകർക്ക് പരിചയപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിലെ വിവിധ കാർഷിക മേളകളിലും വിത്തുകൾ പ്രദർശനത്തിനെത്തിച്ചിരുന്നു. ഈ കുളത്താട പയർ കൃഷിയുടെ പ്രോത്സാഹനത്തിനായി കൃഷി വകുപ്പ് ഹെക്ടറിന് 25,000 രൂപ നൽകും.മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി പ്രദേശത്ത് വ്യാപകമായി കൃഷി ചെയ്തുവരുന്ന പയറിനമാണ് കേളു പയർ. കൂടൽക്കടവിലെ കെ.സി. കേളുവാണ് ഈ പയറിന്റെ സംരക്ഷകൻ.വലിയ നീളത്തിൽ വളരുന്ന ഈ പയറിന് സംസ്ഥാനത്തിന് അകത്തും പുറത്തും ആവശ്യക്കാർ ഏറെയാണ്. തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കേളു പയർ കൃഷിയുണ്ട്. നല്ല വിളവ് ലഭിക്കുന്നത് കൊണ്ടു തന്നെ കേളു പയർ വയനാട്ടിലെ കർഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു.ഈ രണ്ട് വിത്തിനങ്ങളുടെയും ഗുണമേൻമ മനസിലാക്കിയതോടെ കൃഷിവകുപ്പ് വി.എഫ്.പി.സി.കെ മുഖേന വിത്തുകൾ സംഭരിച്ച് കർഷകരിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വയനാടിന്റെ തനത് പയറു വർഗമായ കുളത്താടപയറും, കേളു പയറും കൂടുതൽ കർഷകരിലേക്ക് എത്തുന്നതോടെ കാർഷിക മേഖലയ്ക്കും വയനാടിനും നേട്ടമാകും. 

കുളത്താട പയറിന് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും എല്ലാവർക്കും നൽകാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല. സർക്കാർ ഈ പയർ സംഭരിക്കാനും സംരക്ഷിക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചത് കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കർഷകർ പറയുന്നു. .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *