Saturday, 14th December 2024



കൽപ്പറ്റ: കർഷകരും കാർഷിക മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ 10000 രൂപയെങ്കിലും ആശ്വാസ ധനം അനുവദിക്കണമെന്ന് ഐക്യ ജനാധിപത്യ കർഷക മുന്നണി (യു.ഡി.എഫ്.എഫ്) ജില്ലാ ഭാരവാഹികളായ അഡ്വ. ജോഷി സിറിയക്, പി.കെ. അബ്ദുൽ അസീസ് എന്നിവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.     സമൂഹത്തിന് ജീവിക്കാൻ ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ കാർഷിക വൃത്തിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന കർഷകർ രാജ്യത്തിന് ചെയ്യുന്ന സേവനങ്ങളും സംഭാവനകളും വിലമതിക്കാനാവാത്തതാണ്. കോവിഡ് രോഗകാലത്ത് എല്ലാ വിഭാഗങ്ങൾക്കും ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന സർക്കാർ  കർഷക പെൻഷൻ അനുവദിക്കുന്ന കാര്യത്തിൽ കാലതാമസം വരുത്തുന്നത് കർഷകരോടുള്ള അവഗണനയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
2017 മുതൽ കൃഷിക്കുണ്ടായ നാശ നഷ്ടങ്ങൾക്കുള്ള നഷ്ട പരിഹാരം ഇൻഷൂർ തുകയുൾപ്പെടെ സർക്കാർ കർഷകർക്ക് നൽകാനുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തെ  പ്രളയം വരുത്തിയ  കൃഷി നാശത്തിനുള്ള   നഷ്ടപരിഹാരം  ഏഴ് കോടിയോളം രൂപ  ജില്ലയിലെ കർഷകർക്ക് സർക്കാർ വിതരണം ചെയ്യാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കാർഷിക മേഖലയെ ലോക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയില്ലെങ്കിൽ കടുത്ത ഭക്ഷ്യക്ഷാമത്തിനും കാരണമാവും. പ്രതിസന്ധി നേരിടുമ്പോൾ കർഷകരുടെ പ്രതീക്ഷ അതാത് കാലത്തെ സർക്കാറിലാണ്. നാടിൻ്റെ  നട്ടെല്ലായ കർഷകരുടെ ജീവിതം ദുരിതപൂർണമായ സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *