
മുതലമട മാംഗോ സംസ്കരണകേന്ദ്രം ഉടന്‍ യാഥാര്‍ത്ഥ്യമാകും: കൃഷിമന്ത്രി
കേരളത്തിലെ മാംഗോസിറ്റി എന്നറിയപ്പെടുന്ന വാണിജ്യപ്രാധാന്യമുളള ഇനം മാങ്ങകളുടെ ഉത്പാദന കേന്ദ്രമായ പാലക്കാട് മുതലമട കേന്ദ്രീകരിച്ച് മാങ്ങയുടെ പ്രാഥമിക പ്രോസസ്സിംഗ്, പാക്കിംഗ് എന്നീ സൗകര്യങ്ങള്‍ക്കും, കയറ്റുമതിയ്ക്കുമായി ആരംഭിക്കുന്ന മാംഗോ പാര്‍ക്ക് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. നെന്മാറ എം.എല്‍.എ കെ. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ കര്‍ഷകപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.
നീര പാക്കിംഗ്, മാംഗോ പ്രോസസിംഗ് എന്നിവയ്ക്കായി കോമണ്‍ ഫെസിലിറ്റേഷന്‍ സെന്ററര്‍ ആരംഭിക്കുന്നതിന് കിഫ്ബി വഴി ധാരണയായിട്ടുണ്ട്. ഇവിടെ മുതലമട മാങ്ങകളുടെ പ്രോസസിംഗ്, വേര്‍തിരിക്കല്‍, ഗ്രേഡിംഗ്, റൈപ്പനിംഗ്, പാക്കിംഗ് എന്നിവയ്ക്കായ് പ്രത്യേകം സജ്ജീകരണങ്ങള്‍ ആണ് തയ്യാറാക്കുവാന്‍ ഉദ്ദേശിച്ചിട്ടുളളത്.
3500 മുതല്‍ 4000 ഹെക്ടര്‍ വരെ വിസ്തൃതിയുളളതാണ് മുതലമട മാംഗോ ഗാര്ഡന്. കയറ്റുമതി ഇനങ്ങളായ ബംഗനാപളളി, അല്‍ഫോണ്‍സാ, സിന്ദൂരം തുടങ്ങിയ മുന്തിയ ഇനം മാങ്ങകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭൂപ്രകൃതി, കാലാവസ്ഥാ എന്നിവയാല്‍ സവിശേഷഗുണങ്ങള്‍ ഏറെയുളളതും ആഗോളപ്രിയമേറിയവയുമാണ് മുതലമട മാങ്ങാ ഇനങ്ങള്‍. കാലാവസ്ഥവ്യതിയാനം, കീടനാശിനികളുടെ അമിതമായ ഉപയോഗം എന്നിവ കാരണം പല പ്രശ്നങ്ങളും മുതലമട കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്നുണ്ട് ക്രമേണ ജൈവകൃഷിയിലേയ്ക്ക് പൂര്‍ണ്ണമായി ചുവടുവെച്ചുകൊണ്ട് ഈ പ്രത്യാഘാതങ്ങള്‍ക്ക് പ്രതിവിധി കാണുവാനാണ് കൃഷിവകുപ്പ് തീരുമാനമെന്ന് യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.
കാലാവസ്ഥാവ്യതിയാനം കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ മാങ്ങ പൂക്കുന്നതിനെ സാരമായി ബാധിച്ചിട്ടുളളതായി കേരള കാര്‍ഷികസര്‍വ്വകലാശാല അറിയിച്ചു. മഴ അധികമായതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷവും മാവ് പൂവിടുന്നതിന് കാലതാമസം ഉണ്ടാകുകയും പലപ്പോഴായി പൂവിടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കീടനാശിനികളുടെ അമിതമായ പ്രയോഗം കീടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനും പുതിയ ശത്രുകീടങ്ങള്‍ പെരുകുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി മുഴുവന്‍ പ്രദേശവും ജൈവകൃഷിയിലേയ്ക്ക് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കൊണ്ടുവരുവാനാണ് ഇപ്പോള്‍ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പരമ്പരാഗത കൃഷിവികാസ് യോജന പദ്ധതി പ്രകാരം 18 ക്ലസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. 50 ഏക്കര്‍ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റര്‍. 2 വര്‍ഷത്തിനുളളില്‍ 60 ക്ലസ്റ്ററുകള്‍ രൂപീകരിക്കുവാനാണ് തീരുമാനിച്ചിട്ടുളളത്. ജൈവ ഉത്പാദന ഉപാധികളുടെ വിതരണം, ജൈവ കീടനാശിനികള്‍, ജൈവകുമിള്‍ നാശിനികള്‍, ജൈവവളപ്രയോഗം, ശാസ്ത്രീയമായ വളപ്രയോഗം, സൂക്ഷ്മജലസേചനം, ശാസ്ത്രീയമായ വളപ്രയോഗം, സൂക്ഷ്മജലസേചനം, ചെലവു കുറഞ്ഞ പ്രോസസിംഗ് യൂണിറ്റുകള്‍ എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. പി.എം.കെ.എസ്.വൈ, എം.ഐ.ഡി.എച്ച്., ആര്.കെ.വി.വൈ തുടങ്ങി പല പദ്ധതികളിലായി 7 കോടി രൂപയുടെ വികസന പദ്ധതികളാണ് മാംഗോ കര്‍ഷകര്‍ക്കായി വിഭാവനം ചെയ്തിട്ടുളളത്. പദ്ധതി പ്രാരംഭത്തില്‍ വരുന്നതോടുകൂടി വാണിജ്യപ്രാധാന്യമുളള മുതലമട മാങ്ങകള്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധേയമാകുമെന്നും പ്രാധാന്യം വര്‍ദ്ധിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. പദ്ധതി നടത്തിപ്പിനായി ഒരു സ്പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്കുളള പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ ധാരണയായി.
കര്‍ഷക ഉത്പാദക കമ്പനികളുടെ സഹകരണത്തോടെ യായിരിക്കും പുതുതായി സ്ഥാപിക്കുന്ന കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. കാര്‍ഷിക സര്‍വകലാശാലയുടെ ജൈവകൃഷി അടിസ്ഥാനമാക്കിയുളള പാക്കേജുകളാണ് ക്ലസ്റ്ററുകള്‍ വഴി നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. വാസുകി ഐ.എ.എസ്., കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കേരള കാര്‍ഷിക സര്‍വകലാശാല പ്രതിനിധികള്‍, മുതലമട കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Leave a Reply