Sunday, 10th December 2023
സി വി ഷിബു
കൽപ്പറ്റ :
കേരളത്തിൽ 2016 നു ശേഷം  വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വെസ്റ്റ്കൊടിയത്ത്തൂർ,വേങ്ങേരി  എന്നിവിടെങ്ങളിലെ രണ്ടു കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഒരെണ്ണം കോഴിഫാമും ഒന്ന് എഗ്ഗർ നഴ്സറിയുമാണ്.  
പക്ഷികളെ ബാധിക്കുന്ന വൈറസ്   മൂലമുണ്ടാകുന്ന  ഒരു സാംക്രമിക  രോഗമാണ് പക്ഷിപ്പനി അഥവാ ബേർഡ് ഫ്ലൂ  ഏവിയൻ ഇൻഫ്ളുവൻസാ. ഇൻഫ്ലുവെൻസ വൈറസ്  എ, ബി, സി  എന്നി മൂന്നു  തരത്തിൽ ഉണ്ടെങ്കിലും അതിൽ  എ ടൈപ്പ് ആണ്   ജന്തുജന്യ രോഗമുണ്ടാക്കുന്നതിൽ പ്രാധാന്യമര്ഹിക്കുന്നത്. ജനതിക മാറ്റങ്ങൾ ഘടനയിൽ വരുത്താനുള്ള കഴിവ് ഈ വൈറസിന്റെ പ്രത്യേകതയാണ്. വീര്യം കുറഞ്ഞ ഇനത്തിൽ പെട്ട വൈറസ് പ്രത്യേക സാഹചര്യങ്ങളിൽ വീര്യം കൂടിയ ഇനമായി മാറാറുണ്ട്.H5, H7  ഇനങ്ങളാണ് ഇതുവരെ വലിയ നാശനഷ്ട്ങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് . രണ്ടു രീതിയിൽ രോഗബാധ പക്ഷികളിൽ ഉണ്ടാക്കാം. വീര്യം കുറഞ്ഞ രോഗാണുമൂലമുണ്ടാകുന്ന രോഗബാധ(LPAI)  പക്ഷികളിൽ വലിയ മരണനിരക്കോ  ലക്ഷണങ്ങളോ ഉണ്ടാകണമെന്നില്ല.  എന്നാൽ വീര്യം കൂടിയ രോഗാണു(HPAI) പക്ഷികളിൽ പെട്ടന്നുള്ള മരണത്തിനും  വലിയ മരണ നിരക്കിനും കാരണമാകും. ഈ രീതിയിലുള്ള രോഗബാധ പൊതുജനാരോഗ്യത്തെ ബാധിക്കുന്നതിനാൽ  പ്രാധാന്യമർഹിക്കുന്നു. H5N1എന്ന ഇനത്തിൽ പെട്ട വൈറസുകളാണ്  ഇതിനു(HPAI)  പ്രധാന കാരണം.
ഏഷ്യയിൽ പക്ഷിപ്പനി  ഹോങ്കോങ്   ഇൽ 1997  ആണ് ആ ദ്യമായി  റിപ്പോർട്ട് ചെയ്തത്.  എല്ലാ ഭൂഖണ്ഡങ്ങളിലും തന്നെ രോഗബാധ പല കാലയളവിൽ ഉണ്ടായിട്ടുണ്ട്. വളരെ വ്യാപ്തിയുള്ള രോഗബാധ  ബംഗ്ലാദേശ്, വിയറ്റനാം, ഈജിപ്ത്,ചിലി, നെതർലൻഡ്‌സ്‌, ഇന്തോനേഷ്യ , ചൈന എന്നിവടങ്ങളിൽ  ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ 2006  ഇൽ മഹാരാഷ്ട്രയിലാണ്  ആദ്യ രോഗബാധ ഉണ്ടായത്. വെസ്റ്റ് ബംഗാൾ,മണിപ്പൂർ, ഒറീസ, കർണാടക എന്നിവടങ്ങളിൽ സാരമായി ബാധിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, 16 രാജ്യങ്ങളിൽ നിന്നായി ഏകദേശം 850 മനുഷ്യരിൽ  H5N1  വൈറസ് ബാധ ഉണ്ടാവുകയും ഏകദേശം  500  പേർ മരണപ്പെടുകയും  ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ  15 സംസ്ഥാനത്തു  ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം സംസ്ഥാനത്തു ആലപ്പുഴ ജില്ലയിൽ കുട്ടനാട് പ്രദേശത്തു  2016 ഇൽ പക്ഷിപ്പനി താറാവുകളെ സാരമായി ബാധിക്കുകയുണ്ടായി.  രോഗനിയത്രണത്തിനായി  നിരവധി  താറാവുകളെ കൊന്നൊടുക്കുകയും ചെയ്തു.
ഈ രോഗാണുക്കൾ സാധാരണയായി  കാട്ടുജലപക്ഷികളിൽ ആണ് കണ്ടുവരുന്നത്. ഇവയിൽ ഈ രോഗാണുക്കൾ സാരമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല . കോഴി,  താറാവ്,  ടർക്കി,  കാട,  വാത്ത തുടങ്ങി എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. എന്നിരുന്നാലും  കോഴി,  ടർക്കി എന്നിവയിലാണ് ഗുരുതരമായ  രോഗബാധയും  കൂടിയ മരണനിരക്കും കാണുന്നത്. ദേശാടനപക്ഷികൾ രോഗാണുവിനെ വിദൂരദേശത്തേക്കു  പടർത്തും . സാധാരണയായി  പക്ഷിപ്പനി മറ്റു മൃഗങ്ങളെ  ബാധിക്കാറില്ലെങ്കിലും  പ്രത്യേക സാഹചര്യങ്ങളിൽ വീര്യം കൂടിയ ഇനത്തിലുള്ള രോഗാണുക്കൾ  മനുഷ്യരെയും മറ്റു സസ്തിനി ജീവികളെയും ബാധിക്കും .
രോഗം ബാധിച്ച പക്ഷികളുടെ  സ്രവങ്ങൾ, കാഷ്ടം  എന്നിവയിലൂടെ രോഗാണുക്കൾ പുറംതള്ളപ്പെടുന്നു. ഇവയാൽ മലിനമാക്കപ്പെട്ട സാമഗ്രികൾ, ഉപകരണങ്ങൾ വാഹനങ്ങൾ  എന്നിവയിലൂടെ മറ്റു സ്ഥലങ്ങളിലേക്ക് രോഗം പടരുന്നു. വായുവിലൂടെയും, മലിനമാക്കപ്പെട്ട വെള്ളം  ആഹാരം  എന്നിവയിലൂടെയും രോഗം പടരാം. പെട്ടന്നുള്ള കൂട്ടമരണം, വളരെ പെട്ടന്നുള്ള വ്യാപനം, പൂവ് , ആട എന്നിവയിലുള്ള നീലിപ്പ്‌, തീറ്റ വിരക്തി , അതിസാരം , തളർച്ച  തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധയേറ്റ  പക്ഷികളുടെ തൊണ്ടയിയേലും  മൂക്കിലേയും   സ്രവങ്ങൾ  എടുത്തു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ (NIHSAD) പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്   
രോഗബാധയേറ്റ പക്ഷികളിൽ ഫലപ്രദമായ ചികിത്സയില്ല.  . രോഗബാധയേറ്റവയെയും അടുത്ത സമ്പർക്കത്തിലുള്ള പക്ഷികളെയും കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് പ്രധാനമായ നിയത്രണ നടപടി. രോഗബാധയേറ്റ പക്ഷികൾ ഉള്ള ഫാമിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള  മൊത്തം പക്ഷികളെയും കൊന്നുടുക്കുകയും  ശാസ്ത്രീയമായി മറവു ചെയ്യുകയുമാണ് പ്രധാമായും മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാൻ ചെയ്യുന്നത്.  രോഗബാധയേറ്റ പക്ഷിയുമായി സമ്പർക്കത്തിലുള്ളവർ, പരിപാലിക്കുന്നവർ , കശാപ്പു ചെയ്യുന്നവർ ,വെറ്റിനറി ഡോക്ടർമാർ എന്നിവർക്കാണ് രോഗബാധയേൽക്കാൻ കൂടുതൽ സാധ്യത . 
താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിച്ചാൽ ഈ പകർച്ചവ്യാധിയെ നമുക്ക് നിയത്രിക്കാം 
1.   ചത്ത പക്ഷികളെയോ , രോഗം ബാധിച്ചവയെയോ, ദേശാടനകിളിയെയോ , ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടക്ക് കഴുകി വൃത്തിയാക്കേണ്ടതാണ്.
2. രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബധമായും ധരിക്കേണ്ടതാണ്. 
3. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുമ്പും  ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്
4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക 
5. ആസാധാരണവിധം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക 
6. വ്യക്തിശുചിത്വം പാലിക്കുക 
7. രോഗം ബാധിച്ച പക്ഷികളെ കൊന്നുടുക്കുന്നതിനും രോഗബാധിത പ്രദേശം ശുചികരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക 
8. ശുചികരണത്തിനായി  സോഡിയം ഹൈഡ്രോക്സിഡ് ലായിനി , പൊട്ടാസിയം പെർമഗ്നന്റ്, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ് . 
9. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പു വരുത്തേണ്ടതാണ്
10. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത് 
11. ഈ അണുക്കൾ  700Cചൂടാക്കിയാൽ നശിക്കുന്നതാണ് . അതുകൊണ്ടു ശരിയായ രീതിയിൽ വേവിച്ച മാംസം ഭക്ഷിക്കുന്നതിലൂടെ രോഗം പടരില്ല.
പക്ഷികൾക്ക് വളരെ പെട്ടന്ന് പടരുന്നതിനാലും  ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകൾ ഇല്ലാത്തതിനാലും  പക്ഷിപ്പനി ബാധ തടയുന്നതിനായി കർശന നിയത്രണങ്ങൾ സീകരിക്കേണ്ടതാണ്. പക്ഷിപ്പനി ഭീതി വേണ്ട, വേണ്ടത് ജാഗ്രതയാണന്ന്  കേരള വെറ്റിനറി സർവ്വകലാശാല അധികൃതർ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *