സി.വി.ഷിബു
തൃശൂർ:
കേരളത്തിന്റെ ചെറുധാന്യങ്ങളുടെ കലവറയായി മാറുകയാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശം. പരമ്പരാഗതമായി ആദിവാസികള്‍ കൃഷിചെയ്തുവന്നിരുന്ന ചെറുധാന്യങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും, പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി ആരംഭിച്ച മില്ലറ്റ് വില്ലേജ് പദ്ധതി 2020 മാര്‍ച്ചോടെ അവസാനിക്കുകയാണെങ്കിലും അടുത്ത പതിറ്റാണ്ടിലേക്കുള്ള ഉത്പാദദനവര്‍ദ്ധനവിന് അട്ടപ്പാടി തുടക്കമിട്ടുകഴിഞ്ഞു. റാഗി, ചാമ, പനി വരഗ്, തിന, കമ്പ്, മണിച്ചോളം, കുതിരവാലി, വരഗ്, ചിയ തുടങ്ങിയ വിവിധ ഇനങ്ങളാണ് അട്ടപ്പാടിയില്‍ കൃഷിചെയ്തുവരുന്നത്.
സമ്പൂര്‍ണ്ണമായ ജൈവ ഉത്പന്നമാണ് ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് വര്‍ഷത്തില്‍ രണ്ട് തവണ കൃഷിചെയ്തുവരുന്നു. ഓരോ കര്‍ഷകനും ഒരു ഹെക്ടറിന് പതിനായിരം രൂപ ധനസഹായം നല്‍കിയാണ് കൃഷി പ്രോത്സാഹിപ്പിച്ചുവരുന്നത്. അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തിലെ എഴുപത് ഊരുകളില്‍ ആയിരത്തി അഞ്ഞൂറിലധികം കര്‍ഷകര്‍ ഇപ്പോള്‍തന്നെ ഇന്‍ഡോസെറ്റിന്റെ ജൈവസര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു. അയ്യായിരത്തിലധികം കര്‍ഷകരാണ് ചെറുധാന്യകൃഷിയില്‍ വ്യാപൃതരായിട്ടുള്ളത്. 5600 ടണ്ണിലധികം ഉത്പാദനമാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്. ചാമയ്ക്കും റാഗിക്കുമാണ് ഏറ്റവും കൂടുതല്‍ ഉത്പാദനം. അട്ടപ്പാടിയുടെ തനത് ഇനങ്ങളായ ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, എന്നിവയ്ക്ക് ഇതിനോടകം ഭൗമസൂചിക ലഭിച്ചുകഴിഞ്ഞു. അട്ടപ്പാടി കടുകിന് ഭൗമസൂചികാ പദവി ഉടന്‍ ലഭിക്കും. മറ്റൊരു തനത് വിളയായ പൊരിച്ചീരക്ക് ഭൗമസൂചികാ പദവി നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. 2017ലാണ് മില്ലറ്റ് ഗ്രാമം പദ്ധതി ആരംഭിച്ചത്. ചെറുധാന്യങ്ങള്‍ ആവശ്യം കഴിഞ്ഞ് ഇപ്പോള്‍ നേരിട്ട് വില്‍പ്പന നടത്തിവരികയാണ്. കൂടാതെ ആറിലധികം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.
അട്ടപ്പാടിയില്‍ പോഷകാഹാര കുറവുമൂലം ശിശുമരണങ്ങള്‍ വ്യാപകമായപ്പോഴാണ് പദ്ധതി ആരംഭിച്ചതെങ്കിലും ഇപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന പയര്‍, കടല, മുതിര, ചീര, തുവര, കടുക്, പച്ചക്കറികള്‍ തുടങ്ങിയവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വളരെ കൂടിയ അളവില്‍ കാത്സ്യവും പ്രോട്ടീനും അമിനോ അമ്ലങ്ങളും വിറ്റാമിന്‍ എ, ബി എന്നിവയും അടങ്ങിയ റാഗിയില്‍ അമിതമായ അളവില്‍ നാരുകളുള്ളതിനാല്‍ മലബന്ധം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കുടലില്‍ വരുന്ന കാന്‍സര്‍ എന്നിവയും തടയും, അരിയിലും ഗോതമ്പിലും അടങ്ങിയതിനേക്കാള്‍ പത്തിരട്ടി അളവില്‍ കാല്‍സ്യവും ഇരുമ്പും റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ചാമയാകട്ടെ അരിക്ക് പകരമായി ഉപയോഗിക്കുന്ന ചെറുധാന്യമാണ്. മുപ്പത്തെട്ട് ശതമാനം വരെ നാരുകള്‍ അടങ്ങിയ ചാമ വികസിത രാജ്യങ്ങളില്‍ പോലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ഉപയോഗിച്ചുവരുന്നു. ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലും വളരെ ചൂടുകൂടിയ പ്രദേശങ്ങളിലും വളരെ നല്ലരീതിയില്‍ കൃഷിചെയ്യാന്‍ ഉപയുക്തമായ വിളയാണ് കമ്പ്. മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, വിറ്റാമിന്‍ ഇ, ബി കോംപ്ലക്‌സ് എന്നിവ കമ്പില്‍ അടങ്ങിയിരിക്കുന്നു. മറ്റ് ചെറുധാന്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ ഊര്‍ജം നല്‍കുന്നതാണ് കമ്പ്. അരിയാഹാരത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ചെറുധാന്യമാണ് തിന. ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും, ഡയബറ്റിക് രോഗികള്‍ക്കും, ഗ്യാസ്ട്രിക് രോഗികള്‍ക്കും വളരെ നല്ലതുമായ തിനയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍സ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികളുടെ വളര്‍ച്ചയ്ക്കും തിന ഉപയോഗിക്കാം.
മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയില്‍ കണ്ടുവന്നിരുന്ന വിളയാണ് വരഗ്. പ്രോട്ടീന്‍ സംയുക്തം പതിനൊന്ന് ശതമാനം ലോഫാറ്റ് 42 ശതമാനവും , 14.3 ശതമാനം ഫൈബര്‍ കണ്ടന്റും അടങ്ങിയിട്ടുള്ള വരഗില്‍ വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ്, കാത്സ്യം, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉയര്‍ന്നതോതിലും അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോള്‍ ലെവല്‍, ബ്ലഡ് ഷുഗര്‍ എന്നിവ കുറച്ച് ഹൃദയസംബന്ധിയായ അസുഖം കുറയ്ക്കുകയും ചെയ്യുന്നതാണ് വരഗ്. വേഗത്തില്‍ ദഹിക്കുന്നതും ഗ്ലൂടെണ്‍ വിമുക്തവുമാണ് പനിവരഗ് എന്നയിനം. നാരുകള്‍, പ്രോട്ടീന്‍, മിനറലുകള്‍, ഇരുമ്പ്, സിങ്ക്, മാംഗനീസ്, കോപ്പര്‍ എന്നിവ വളരെ കൂടിയ അളവില്‍ പനിവരഗില്‍ അടങ്ങിയിരിക്കുന്നു.
ഇതുപോലെതന്നെ പ്രധാനമാണ് കുതിരവാലി എന്ന മറ്റൊരിനം ധാന്യവിള. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിനും ദഹനവ്യവസ്ഥയെ സഹായിക്കുന്നതിനും സഹായകരമായ കുതിരവാലി ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കും ഡയബറ്റിക് രോഗികള്‍ക്കും വളരെ നല്ലതാണ്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനും ആഹാരത്തില്‍ നിന്നും വലിച്ചെടുക്കുന്ന കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും കുതിരവാലി ഉപയോഗിക്കുന്നു. ഏത് പ്രതികൂല കാലാവസ്ഥയിലും കരുത്തോടെ വളരുന്ന മറ്റൊരു വിളയാണ് മണിച്ചോളം. ലോകത്തില്‍ നാലാം സ്ഥാനവും ഇന്ത്യയില്‍ അഞ്ചാം സ്ഥാനവും ധാന്യങ്ങളില്‍ മണിച്ചോളത്തിനുണ്ട്. അരിയില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ന്യൂട്രീഷ്യസ് വാല്യു ചോളത്തില്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, ഫൈബര്‍, തയാമിന്‍, ഫോളിക് ആസിഡ്, കാത്സ്യം ഫോസ്ഫറസ് , അയേണ്‍, ബീറ്റാകരോട്ടിന്‍, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയസംബന്ധമായ അസുഖം കുറയ്ക്കുന്നതിനും കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും മണിച്ചോളം വ്യാപകമായി ഉപയോഗിക്കുന്നു.
അടുത്ത നൂറ്റാണ്ടിലെ സൂപ്പര്‍ ഫുഡ് എന്നാണ് ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ധരും ചെറുധാന്യങ്ങളെ വിശേഷിപ്പിക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുധാന്യങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
Leave a Reply