
സി.വി.ഷിബു
തൃശൂർ:
രാജ്യത്തെ കാര്‍ഷികാനുബന്ധ സംരംഭകര്‍ക്ക് നിരവധി സഹായങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് എ.എസ്.സി.ഐ. അഥവാ അഗ്രിക്കള്‍ച്ചറല്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്‌കില്‍ ഡവലപ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പിന് കീഴിലാണ് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ സഹകരണത്തോടെ എ.എസ്.സി.ഐ. പ്രവര്‍ത്തിക്കുന്നത്. വ്യവസായ മേഖലയിലും തൊഴില്‍മേഖലയിലും കാര്‍ഷിക മേഖലയിലും അക്കാഡമിക് മേഖലയിലും തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്ലാം ഒരുപോലെപ്രയോജനകരമായ വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്രധാന മന്ത്രി കൗശല്‍വികാസ് യോജന പദ്ധതിയിലെ ഒരു ഫ്‌ളാഷ് ഷിപ്പ് പദ്ധതിയാണ് എ.എസ്.സി.ഐ. എന്നത്.
രാജ്യത്താകെ 936 സ്ഥാപനങ്ങള്‍ പരിശീലനത്തിനുണ്ട്. 545 സ്മാര്‍ട്ട് പരിശീലന കേന്ദ്രങ്ങളിലായി 5728 പരിശീലകരും, 718 അനുബന്ധ പ്രവര്‍ത്തകരും 670 അസോസിയേറ്റ് അംഗങ്ങളും പ്രവര്‍ത്തിക്കുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, പോളി ടെക്‌നിക്കുകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, സി.എസ്.ഐ.ആര്‍. ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ബഹുമുഖ പദ്ധതിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും ജോലി നേടുന്നതിനും അവസരമുണ്ട്. കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണം, കാര്‍ഷികോത്പാദനം, ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പാദനം, ലാന്‍ഡ്‌സ്‌കേപ്പിംഗ്, അഗ്രി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, മൃഗസംരക്ഷണം, ക്ഷീരവികസനം, പൗള്‍ട്രി ഫാം, ഫിഷറീസ്, സീഡ് സെഗ്‌മെന്റ്, കമ്മോഡിറ്റി മാനേജ്‌മെന്റ്, മണ്ണ് സംരക്ഷണം, വിളവെടുപ്പിന് ശേഷമുള്ള വിതരണ ശൃംഖല മാനേജ്‌മെന്റ്, ഫോറസ്ട്രി, അഗ്രോ ഫോറസ്ട്രി, ജലസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ തരംതിരിച്ചാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. ഉത്തരാഘണ്ഡ്, ചത്തീസ്ഘഡ്, വെസ്റ്റ് ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍ ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേരളത്തിലും ഇതിന്റെ പ്രവര്‍ത്തനമുണ്ട്. കേരളത്തില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീ കോര്‍പറേഷന്‍ ആണ് എ.എസ്.സി.ഐയുമായി സഹകരിക്കുന്ന സ്ഥാപനം. ഏത് വിഷയത്തിലാണോ നൈപുണ്യം ഉള്ളത് ആ പ്രതേക വിഷയത്തില്‍ പരിശീലനം നല്‍കി വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് അഗ്രിക്കള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഗുരുഗ്രാമിലുള്ള കേന്ദ്ര ഓഫീസുമായോ, ബാംഗ്ലൂരിലെ സൗത്ത് സോണ്‍ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 91 1244670029. 4814673 , 4814659. മൊബൈല്‍ : 9999594068.
Leave a Reply