Thursday, 12th December 2024
സി.വി.ഷിബു
തൃശൂർ:
സംഘര്‍ഷഭൂമിയാണ് എന്നും കാശ്മീര്‍. എന്നാല്‍ ഈ സംഘര്‍ഷങ്ങള്‍ക്കുമപ്പുറം ആത്മസംതൃപ്തി നല്‍കുന്ന ഒട്ടനേകം കര്‍ഷകരുടെ സ്വര്‍ഗ്ഗഭൂമികൂടിയാണ് കാശ്മീര്‍. പഴവര്‍ഗ്ഗങ്ങളാണ് പ്രത്യേകിച്ച് കാശ്മീരി ആപ്പിളാണ് ഈ ഇന്ത്യാ അതിര്‍ത്തിയെ പ്രശസ്തമാക്കുന്നത്. കാശ്മീരി നെല്ലിക്ക, പിയര്‍, ബദാം, ക്യൂന്‍സ്, വാള്‍നട്ട് തുടങ്ങിയവയും , ഗ്രാനീസ് സ്മിത്ത് , ചമുര, റെഡ് ഗോള്‍, സുചി, റെഡ് ഡെലീഷ്യസ്, വാഷിംഗ്ടണ്‍, ഗോള്‍ഡന്‍ ഡെലീഷ്യസ് തുടങ്ങിയ ആപ്പിള്‍ വര്‍ഗ്ഗങ്ങളും ഇവിടെ ധാരാളമായി വിളയുന്നു. കേരള കൃഷിവകുപ്പ് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച വൈഗ 2020 പ്രദര്‍ശന നഗരിയിലാണ് കാശ്മീരി തനത് വിളകളെ കര്‍ഷകര്‍ക്കും കാഴ്ചക്കാര്‍ക്കും പരിചയപ്പെടുത്തി സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. കാശ്മീരി ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് ഫലവര്‍ഗ്ഗങ്ങളുമായി കേരളത്തിലെത്തിയിട്ടുള്ളത്. 2018-19ല്‍ 24.44 ലക്ഷം മെട്രിക് ടണ്ണാണ് കാശ്മീരിന്റെ ഫലവര്‍ഗ്ഗ ഉത്പാദനം. ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതും തലച്ചോറിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതും പ്രമേഹരോഗത്തെ തടയുന്നതുമായ കാശ്മീരി വാള്‍നട്ടിനാണ് വിപണിയില്‍ ഏറെ പ്രിയം. ഇന്ത്യയിലെ 98 ശതമാനം വാള്‍നട്ടും ഉത്പാദിപ്പിക്കുന്നത് കാശ്മീരിലാണ്. എങ്കിലും കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗം കാശ്മീരി ആപ്പിള്‍തന്നെയാണ്. ഇന്ത്യയിലെ ആഭ്യന്തര വിപണിയ കൂടാതെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കാശ്മീരി ആപ്പിള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പഴം നേരിട്ട് വില്‍ക്കുന്നത് കൂടാതെ ഇപ്പോള്‍ വിവിധ കേന്ദ്രസംസ്ഥാന പദ്ധതികളില്‍ ഉള്‍പ്പെടുത്തി പതിനഞ്ചിലധികം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ആപ്പിളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പുല്‍വ്വാമ ഡിസ്ട്രിക്ട് ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ഖലാല്‍ മാതൃഭൂമിയോട് പറഞ്ഞു. 
കാശ്മീരിലെ ജനസംഖ്യയുടെ അറുപത് ശതമാനം ജനങ്ങളും കൃഷിയെമാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. പുല്‍വാമ, ബാരാമുള്ള, അനന്ത്‌നാര്‍ ജില്ലകളിലാണ് കൂടുതല്‍ ആപ്പിള്‍കൃഷിയുള്ളത്. വിള ഇന്‍ഷൂറന്‍സ് ഇല്ലാത്തതും പ്രകൃതിക്ഷോഭവും ശീതീകരിച്ച സംഭരണകേന്ദ്രങ്ങള്‍ ഇല്ലാത്തതുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ജലസേചന സൗകര്യങ്ങളുടെ കുറവും മറ്റൊരു പ്രശ്‌നമാണ്. പി.എം.ഡി.പി. ഇന്റഗ്രേറ്റഡ് ഇന്‍ ഹോര്‍ട്ടികള്‍ച്ചര്‍, ആര്‍.കെ.വി.വൈ., ആത്മ തുടങ്ങിയ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൃഷിച്ചെലവിന്റെ 75% വരെ പലപ്പോഴും കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കിയാണ് ഇവരെ കൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *