Friday, 19th April 2024
കൽപ്പറ്റ : 
    ഗുണമേന്‍മയുള്ള കാപ്പിക്ക് സംസ്‌കരണത്തില്‍ കര്‍ഷകര്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കോഫി ബോര്‍ഡ്. ചെറുകിട കര്‍ഷകര്‍ ധാരാളമുള്ള വയനാട്ടില്‍ കാപ്പി സംസ്‌കരണം പ്രധാനപ്പെട്ടതാണ്. വിളവെടുത്ത കാപ്പി സിമന്റ് തറയില്‍ 8 സെമി കനത്തില്‍ നിരത്തിയിടുന്നതാണ് അഭികാമ്യം. ഓരോ മണിക്കൂറും ഇടവിട്ട് ഉണ്ടക്കാപ്പി ഇളക്കിക്കൊടുക്കണം. നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വേണം കാപ്പി ഉണക്കാനിടാന്‍. വൈകുന്നേരങ്ങളില്‍ ഇവ കൂട്ടിയിട്ട് മൂടുകയും വേണം. ഉണക്ക നിലവാരം തിട്ടപ്പെടുത്തുന്നതിനായി കോഫി ബോര്‍ഡ് ടെസ്റ്റ് വെയിറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാപ്പി പരിപ്പിന്റെ സാന്ദ്രതയുമായി ബന്ധപ്പെടുത്തി ഒരു ഫോര്‍ലിറ്ററിന് നാല്‍പ്പത് കിലോ തൂക്കം എന്നാണ് കണക്കാക്കിയിരിക്കുന്നത്. പല ചാക്കുകളില്‍ നിന്നും ആവര്‍ത്തിച്ചു ലഭിക്കുന്ന തൂക്കത്തിന്റെ ശരാശരി തൂക്കം ടെസ്റ്റ് വെയിറ്റ് ആയിരിക്കും. മോയിസ്റ്റര്‍ മീറ്റര്‍ ഉപയോഗിച്ചും ജലാംശ നിലവാരം അളക്കാം. 
ചാക്കുകളില്‍ ഉണക്കിയ കാപ്പി സൂക്ഷിക്കുന്നതാണ് ഉചിതം. മരപ്പലകള്‍ക്ക് മേല്‍ ചാക്കുകള്‍ അട്ടിയിടാം. തറയില്‍ നിന്നോ ചുമരില്‍ നിന്നോ ചാക്കട്ടികള്‍ അകലം പാലിക്കണം. മറ്റു ഗന്ധങ്ങള്‍ ആഗിരണം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഏറെയായതിനാല്‍ ചാക്കുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ കീടനാശിനികളും മറ്റും സൂക്ഷിക്കരുത്. 
ജലസേചനം നടത്താന്‍ സൗകര്യമുള്ള കര്‍ഷകര്‍ കാപ്പി വിളവെടുപ്പ് കഴിഞ്ഞ് 15 ദിവസത്തിനകം ചെടികള്‍ നനയ്ക്കാം. ഒന്നരയിഞ്ച് വെള്ളം ഇറങ്ങുന്ന രീതിയില്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് നനയ്‌ക്കേണ്ടത്. പൂവിട്ട് 15 ദിവസങ്ങള്‍ക്ക് ശേഷം പിന്‍ നനയും അത്യാവശ്യമാണ്. 45 ദിവസം വൈകിയാല്‍ ഉത്പാദനം ഇരുപത് ശതമാനം വരെ കുറയുന്നതിന് കാരണമാകും. കാപ്പിക്കുരു പാകി മുളപ്പിക്കുന്നതിനും അനുയോജ്യമായ സമയമാണിത്. 8 മുതല്‍ 12 ദിവസം വരെ ചാരത്തില്‍ മുക്കിയുണങ്ങിയ കാപ്പിക്കുരുവാണ് മുളപ്പിക്കാന്‍ അനുയോജ്യം. മേല്‍മണ്ണ്, കമ്പോസ്റ്റ്, ചാണകം, മണല്‍ എന്നിവ ചേര്‍ത്ത മിശ്രിതമാണ് കൂട നിറയ്ക്കാന്‍ വേണ്ടത്. ബെഡിലാണെങ്കില്‍ ഒരിഞ്ച് അകലത്തിലാണ് കാപ്പിക്കുരുകള്‍ നടേണ്ടത്. അടുത്തുള്ള  കോഫി ബോര്‍ഡ് ഓഫീസുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *