Saturday, 25th March 2023
തൃശൂർ:
കൃഷിക്കാരനാണെന്ന് ഇനി സാഭിമാനം പ്രഖ്യാപിക്കാമെന്ന ആഹ്വാനത്തോടെ കാർഷികപുനരുജ്ജീവനത്തിന്റെ വിത്തുപാകി, തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ചതുർദിന അന്താരാഷ്ട്ര കാർഷികമേള 'വൈഗ 2020' സമാപിച്ചു. കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ നാലാം പതിപ്പായ കൃഷി ഉന്നതി മേള 2020 സമാപിച്ചത്. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയവും സംയുക്തമായാണ് കാർഷിക മേള സംഘടിപ്പിച്ചത്. 
      സുസ്ഥിര കാർഷിക വികസനം കാർഷിക സംരംഭകത്വത്തിലൂടെ എന്നതായിരുന്നു വൈഗ 2020 ന്റെ ആശയം. 2021ൽ നടക്കുന്ന വൈഗ കാർഷിക മേളയിൽ തൃശൂർ തന്നെയാകും ആതിഥേയർ. ഇതുവരെയിൽ നിന്ന് വ്യത്യസ്തമായി ഏഴ് ദിവസമായിരിക്കും കാർഷികമേള നടത്തുക. വൈഗയുടെ വിജയം കണക്കാക്കി കേരളത്തിലെ മുഴുവൻ ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്‌സ് സെൻററുകൾ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ സമാപന സമ്മേളനത്തിൽ അറിയിച്ചു.
നാലു ദിവസങ്ങളിലായി നടത്തിയ വൈഗ സമാപിച്ചപ്പോൾ പ്രദർശനം കണ്ടിറങ്ങിയ ആറ് ലക്ഷത്തിലധികം പേർ. 10 ലക്ഷം രൂപയുടെ സന്ദർശക പാസ്സാണ് നാല് ദിവസങ്ങളിലായി വിറ്റു പോയത്. ഡെലിഗേറ്റ്സ് പാസ് ഉൾപ്പെടുത്താതെയുള്ള കണക്ക് മാത്രമാണിത്. കൃഷിവകുപ്പിനൊപ്പം, കേരള കാർഷിക സർവകലാശാല, ഫാം ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയവരും മേളയിൽ സജീവപങ്കാളിത്തം അറിയിച്ചു. 
      വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ടു വേദികളിലായി കർഷകർക്കും കാർഷിക സംരംഭകർക്കും ആയി സാങ്കേതിക സെഷനുകൾ നടത്തി കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. വിപണന സാധ്യതകൾ, കയറ്റുമതി സാധ്യതകൾ, സംയോജിത പദ്ധതികൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിന് വൈഗയിൽ പങ്കെടുത്ത വിദേശ പ്രതിനിധികളുമായി ചർച്ചയും സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത രാജ്യങ്ങളെല്ലാം തന്നെ കേരളവുമായി പല മേഖലകളിലും സഹകരിച്ച് പ്രവർത്തിക്കുന്നതിന് താത്പര്യവും പ്രകടിപ്പിച്ചു. വൈഗയുടെ പ്രധാന വിഷയങ്ങളായ തേൻ, വാഴപ്പഴം, ചെറുധാന്യങ്ങൾ, നാളികേരം എന്നിവയുടെ മൂല്യവർധിതമേഖലയിൽ സമഗ്രവികസനം കൊണ്ടുവരാനാണ് വൈഗ തീരുമാനിച്ചിട്ടുള്ളത്. സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ ഏജൻസികൾ, യുവസംരംഭകർ തുടങ്ങിയവരുടേതടക്കം 340 സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയത്. ആദ്യ നാലുദിവസങ്ങളിൽ പ്രധാനവിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും ചർച്ചകളുമാണ് നടന്നത്. 
       ഭൂട്ടാൻ, ടിബറ്റ്, ഫിൻലാൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഗവേഷകരും പ്രതിനിധികളും പങ്കെടുത്തു.
വാഴപ്പഴത്തിന്റെ ഉൽപാദനവും കയറ്റുമതിയും, ചെറുധാന്യങ്ങൾ പോഷകാഹാര ത്തിനും വരുമാനത്തിനും, ഫ്‌ലോറികൾച്ചറും ലാൻഡ് സ്‌കേപ്പിംഗും അവയുടെ വാണിജ്യപരമായ സാധ്യതകളും, ചക്ക, നാളികേരം, പൈനാപ്പിൾ, കാപ്പി, ഇളനീർ, കുരുമുളക്, ഏലം എന്നിവയുടെ പാക്കേജിങ്, ലൈസൻസിങ്, സാങ്കേതിക വശങ്ങൾ, കർഷകർക്ക് ലഭ്യമായ പരിശീലനങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ കർഷകർക്ക് ലഭ്യമാക്കി. കാർഷികമേഖലയിൽ യുവാക്കൾക്കായി നൂതന പദ്ധതികൾ, സ്റ്റാർട്ടപ്പ് സിസ്റ്റവും അവതരിപ്പിക്കലും യുവാക്കളുടെ സ്റ്റാർട്ട് അപ്പ് അനുഭവം പങ്കിടലും നടന്നു. 
           ചങ്ങാലിക്കോടൻ വാഴപ്പഴം, മറയൂർ ശർക്കര എന്നീ കാർഷികോൽപ്പന്നങ്ങളുടെയുടെ സൂചികാ പദവി, പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്, കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ വികസനവും സുസ്ഥിരതയും എന്നിങ്ങനെയുള്ള പ്രധാന സെഷനുകളിൽ സെമിനാർ സംഘടിപ്പിച്ചു. മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ സംസ്‌കരണം, കയറ്റുമതി സാധ്യതകൾ എന്നിവയെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ശില്പശാലയിൽ ശാസ്ത്രജ്ഞരും കർഷകരും പങ്കുവച്ചു. നല്ല കൃഷി രീതികളിലൂടെ സുസ്ഥിര വരുമാനം എങ്ങനെ കർഷകർക്ക് ലഭിക്കുമെന്നതിന് മാർഗ നിർദേശങ്ങളും നൽകി. ഒരു പ്രദേശത്ത് മാത്രം ഉൽപാദിപ്പിച്ച് ഭൗമ സൂചിക പദവി നേടിയ കാർഷികോൽപ്പന്നങ്ങളുടെ സമാന്തരമായ ഉൽപാദനവും വിപണനവും മറ്റിടങ്ങളിൽ കണ്ടുവരുന്ന കൃഷിരീതി വെല്ലുവിളിയാണെന്ന്
ചർച്ചകളിൽ പങ്കെടുത്ത കർഷക പ്രതിനിധികൾ അറിയിച്ചു. 
     വിദ്യാർത്ഥികളുടെയും കാർഷിക സംരംഭകരുടെയും സജീവമായ പങ്കാളിത്തം നാലു ദിവസവും പ്രദർശന ശാലകളിൽ പ്രകടമായിരുന്നു. കാർഷികോത്പന്നങ്ങളുടെ വിൽപന്നയിലും ഗണ്യമായ വർധനവുണ്ടായതായി സംഘാടകർ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘങ്ങൾ എത്തിച്ചേർന്നത് മേളയുടെ പകിട്ട് വർധിപ്പിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരവും ശ്രദ്ധേയമായി.
     കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഗ അന്താരാഷ്ട്ര ശിൽപശാലയും പ്രദർശനവും സംഘടിപ്പിച്ചത്. കേരളത്തിൽ നിലനിൽക്കുന്ന വിവിധ കാലാവസ്ഥാ പ്രദേശങ്ങൾക്കും മണ്ണിനങ്ങൾക്കും അനുയോജ്യമായ പച്ചക്കറി, ധാന്യവിളകൾ, ഫലവർഗ്ഗ വിളകൾ, ഉന്നത ഗുണനിലവാരമുള്ള പുതിയ വിളയിനങ്ങൾ, പ്രളയാന്തര കേരളത്തിൽ വിളകളുടെ അതിജീവനത്തിനുതകുന്ന വിള പരിപാലനമുറകൾ, കർഷകർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഉള്ള സ്ഥലത്ത് കാർഷിക യന്ത്രോപകരണങ്ങൾ, വിവിധയിനം അലങ്കാര ചെടികൾ, തേനിന്റെ വൈവിധ്യം എന്നിവയടങ്ങുന്ന ആയിരുന്നു കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സ്റ്റാളുകൾ. വിവിധയിനം ഫലവർഗങ്ങളെയും സുഗന്ധവ്യഞ്ജനങ്ങളെയും കാപ്പിക്കുരുകളെയും  പരിചയപ്പെടുത്തിയാണ് തമിഴ്‌നാടും ജമ്മുകാശ്മീർ ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. 
      ഹരിത പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു വൈഗയുടെ സംഘാടനം. വൈഗയ്ക്കു മുന്നോടിയായി കൂടുതൽ സംരംഭകരെ കണ്ടെത്തുന്നതിനും താത്പര്യമുള്ള യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി എല്ലാ ജില്ലകളിലും 'പ്രീ വൈഗ' ലഘുശില്പശാലയും സംഘടിപ്പിച്ചു. വൈഗ കഴിഞ്ഞാൽ കാർഷിക സംരംഭകങ്ങളുടെ പ്രായോഗിക തലത്തിലേക്ക് കൃഷി വകുപ്പ് കടക്കും. കൃഷി ലാഭകരമാക്കാനുളള സർക്കാരിന്റെ ശ്രമങ്ങൾക്ക് കുതിപ്പേകുകയുണ്  വൈഗ.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *