സി.വി.ഷിബു
തൃശൂർ:
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ ശ്രദ്ധ നേടിയെടുക്കുന്നതിന് മികച്ച ബ്രാന്‍ഡിംഗും വിശ്വാസ്യതയും അനിവാര്യമാണെന്ന് കേന്ദ്ര കൃഷിസഹമന്ത്രി പുരുഷോത്തമ റൂപാല അഭിപ്രായപ്പെട്ടു. ലോകവിപണിയില്‍ നല്ല ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്. അതേസമയം വിപണി മത്സരാധിഷ്ഠിതമാണ്. ഇതില്‍ വിജയം കൈവരിക്കുന്നതിന് കര്‍ഷക ഉത്പാദക കമ്പനികള്‍ പോലുള്ള കൂട്ടായ്മകള്‍ക്ക് വളരെ വേഗം സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയിലെ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ ഇനിഷിയേറ്റീവ് എന്ന സെക്ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണരംഗത്ത് ഉത്പാദക കമ്പനികള്‍ക്കു സുപ്രധാന പങ്കാണ് വഹിക്കാനുളളതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാസമ്പന്നരായ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സധൈര്യം കടന്നുവരാന്‍ പറ്റിയ മേഖലയാണ് അഗ്രി ബിസിനസ്സ് രംഗം. സാങ്കേതിക വിദ്യകള്‍ ലഭ്യമാകുന്നതിന് സൗകര്യം ഒരുക്കിയാല്‍ വന്‍ സാമ്പത്തികനേട്ടം കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഈ മേഖലയില്‍ നേടാനാകും. ലോകത്തിന് ഇന്നാവശ്യം ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളാണ്. ഈ സാധ്യതകള്‍ കര്‍ഷകര്‍ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കണം. നമ്മുടെ മുന്നിലുള്ള ഏറ്റവും ഉത്തമ മാതൃക സിക്കിം ആണ്. സിക്കിം സംസ്ഥാനത്തെ ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍റാണുള്ളത്. വളരെ മുന്നേ തന്നെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സിക്കിമിന് ഈ സാധ്യത ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞതാണ് അവിടത്തെ കര്‍ഷകര്‍ക്ക് നേട്ടമായത്.
1951-ല്‍ നമ്മുടെ ജി.ഡി.പിയുടെ 50 ശതമാനം കാര്‍ഷികമേഖലയില്‍ നിന്നായിരുന്നെങ്കില്‍ ഇന്ന് 16 ശതമാനം മാത്രമാണ്. എന്നാല്‍ ജനസംഖ്യ ആകട്ടെ 50 കോടിയില്‍ നിന്നും 130 കോടിയില്‍ എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണെന്ന് റൂപാല അഭിപ്രായപ്പെട്ടു. നമ്മള്‍ ഉത്പാദനരംഗത്ത് മുന്നേറ്റം ഉണ്ടാക്കിയെങ്കിലും കര്‍ഷകവരുമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇനിയും ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു. മൂല്യവര്‍ദ്ധനവാണ് കര്‍ഷക വരുമാന വര്‍ദ്ധനവിന് ഉത്തമ പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഭാവി കാര്‍ഷിക ٴബിസിനസ്സ് മേഖലയ്ക്കാണ് എന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. വേദിയില്‍ വൈഗ 2020 ന്‍റെ "സ്റ്റാമ്പ്" പ്രകാശനം കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ റിപ്പോര്‍ട്ട് പ്രകാശനം, കേരധാര, സ്റ്റീംഡ് പുട്ടുപൊടി എന്നീ സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ ഫാം ഗൈഡ് 2020 പ്രകാശനം എന്നിവ കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ കഅട, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ, ഡബ്ളിയു.ടി.ഒ. സ്പെഷ്യല്‍ ഓഫീസര്‍ ആരതി.എല്‍.ആര്‍, ഐ.ഇ.എസ്, എന്നിവര്‍ പങ്കെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ് കഅട ചടങ്ങിന് സ്വാഗതവും സമേതി ഡയറക്ടര്‍ ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദിയും അറിയിച്ചു.
Leave a Reply