
കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 12 വരെ പൂപ്പൊലി 2020 നടത്തപ്പെടും. കേരളത്തിന്റെ കാര്‍ഷിക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ അന്താരാഷ്ട്ര പുഷ്പോത്സവമാണ് പൂപ്പൊലി. പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് പരിചയപ്പെടുത്തി വിജയകരമായി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയോടെയാണ് പൂപ്പൊലി നടത്തപ്പെടുന്നത്. പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ , അന്തര്‍ദേശീയ പ്രസക്തിയുള്ള വിവിധയിനം അലങ്കാര പുഷ്പങ്ങളുടെ വര്‍ണ്ണവിസ്മയ പ്രദര്‍ശനവും, വിപണനവും, കാര്‍ഷിക സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആയിരത്തില്‍പരം ഇനങ്ങളുള്ള റോസ് ഗാര്ഡന്, സ്വദേശ വിദേശഇനം ഓര്‍ക്കിഡുകള്‍, ഡാലിയ ഗാര്ഡന്, വിശാലമായ ഗ്ലാഡിയോലസ് ഗാര്ഡന്, മാരിഗോള്‍ഡ് ഗാര്ഡന്, കൗതുകം വളര്‍ത്തുന്ന മറ്റ് ചെടികളായ റ്റൂലിപ്പ്, റനന്കുലസ്, ക്രോക്കസ്, സ്പരാക്സിസ്, ഇക്സിയ, മസ്കാരി, ഉത്തരാഖണ്ഡില്‍ നിന്നും കൊണ്ടുവന്ന സ്വീറ്റ് പീ, സ്വീറ്റ് വില്യം, കാലിഫോര്‍ണിയ പോപ്പി, ലൂപ്പിന്, ലാക്സ്പര്‍, ഡൈമോര്ഫോട്ടത്തിക്ക തുടങ്ങിയ ചെടികളും പുഷ്പോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാക്ടേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്, കുട്ടികള്‍ക്കുള്ള ഡ്രീം ഗാര്ഡന് അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്, ചന്ദ്രോദ്യാനം, വിവിധതരം പക്ഷിമൃഗാദികള്‍, അക്വേറിയം , വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടെ ഫുഡ് ക്വാര്‍ട്ട്, പെറ്റ് ഷോ, കര്‍ഷക വിജ്ഞാനം പകരുന്ന സെമിനാറുകള്‍ എന്നിവയ്ക്ക് പുറമെ ഫ്ളോട്ടിംഗ് ഗാര്ഡന്, മഴ ഉദ്യാനം, കൊതുമ്പ് വള്ളം ഗാര്ഡന്, റോക്ക് ഗാര്ഡന്, ട്രീ ഗാര്ഡന്, ഫേര്‍ണറി, ട്രീ ഹട്ട്, ജലധാരകള്‍, ടെറേറിയം, പെര്‍ഗോള, മൈക്രോ ഗ്രീന്‍സ് എന്നിവയും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷക അവാര്‍ഡ് നേടിയ വ്യക്തികളുടെയും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ടന്ന് വാര്‍ത്താസമ്മേളനത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ ഗവേഷണവിഭാഗം മേധാവി ഡോ. ഇന്ദിരാദേവി, എക്സ്റ്റന്‍ഷന്‍ വിഭാഗം മേധാവി ഡോ. ജിജു പി.അലക്സ്, അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. അജിത്കുമാര്‍ എന്നിവര്‍ അറിയിച്ചു.
Leave a Reply