Tuesday, 30th May 2023

ഡോ. പി.കെ. മുഹ്‌സിന്‍

രോഗമില്ലാത്ത അവസ്ഥയില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും വ്യൂഹങ്ങളും അനായാസകരമായും പരസ്പരം ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ് രോഗം. മൃഗത്തിന് ശാരീരികവും മാനസികവുമായിട്ടുണ്ടാവുന്ന വ്യതിചലനങ്ങളുടെ ബാഹ്യപ്രകടനമാണ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ള മൃഗം എപ്പോഴും വളരെ ഉത്സാഹവും ചുറുചുറുക്കും ഉള്ളതായിരിക്കും. ഒരു പശു ദിനംപ്രതി ശരാശരി 22 കിലോഗ്രാം ചാണകവും 14 ലിറ്റര്‍ മൂത്രവും വിസര്‍ജ്ജിക്കുന്നു.
കന്നുകാലികളുടെ ശ്‌ളേഷ്മസ്തരം (മ്യൂക്കസ് മെബ്രൈയിന്‍) നോക്കിയാല്‍ പല രോഗങ്ങളും മനസ്സിലാക്കാം. നേത്രാവൃതിയുടെ ശ്‌ളേഷ്മസ്തരം ചില രോഗങ്ങളുടെ സൂചനയാണ്. ആരോഗ്യാവസ്ഥയില്‍ ഇവ എപ്പോഴും നനവുള്ളതും നല്ല തിളക്കവും കുങ്കുമ നിറമുള്ളതുമായിരിക്കും. ഈ സ്തരം വിളര്‍ന്നിരുന്നാല്‍ ശരീരത്തില്‍ രക്തക്കുറവുള്ളതായി അനുമാനിക്കാം. മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്‌ളേഷ്മസ്തരം മഞ്ഞയാകുന്നു. പ്രാണവായു വേണ്ടതോതില്‍ രക്തത്തില്‍ കലരുന്നില്ലെങ്കില്‍ ഇത് നീലനിറമാകുന്നു.
കൊഴുത്തതും വെള്ള നിറത്തിലുമുള്ളതുമായ ദ്രാവകം നാസാരന്ധ്രങ്ങളിലൂടെ വരുമ്പോള്‍ ശ്വാസകോശനാളികള്‍ക്കോ, ശ്വാസകോശങ്ങള്‍ക്കോ പഴുപ്പ് തട്ടിയിട്ടുണ്ടെന്ന് കരുതാം. കുളമ്പുരോഗമോ കന്നുകാലി പ്ലേഗോ ഉള്ളപ്പോള്‍ വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടാകുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ വായില്‍ നിന്നും ഉമിനീരൊലിച്ചുകൊണ്ടിരിക്കും. പേവിഷബാധയുള്ളപ്പോഴും ഉമിനിരൊലിക്കല്‍ ഒരു പ്രധാന ലക്ഷണമാണ്. ക്ഷീരോല്‍പ്പാദനത്തിന് വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍ അധികം കൊഴുത്തതോ ശോഷിച്ചവയോ ആകരുത്. നല്ല പരിചരണം നടത്തിയിട്ടും ശരീരമെലിച്ചില്‍ ഉണ്ടായാല്‍ അതിന് രോഗമുണ്ടെന്ന് അനുമാനിക്കാം. അയവിറക്കാതിരിക്കുന്നതും കന്നുകാലികളെ സംബന്ധിച്ചിടത്തോളം മറ്റൊരു രോഗലക്ഷണമാണ്. വായ്ക്കകത്ത് വ്രണങ്ങള്‍ , മോണപഴുപ്പ്, ദ്രവിച്ച പല്ല്, തൊണ്ട പഴുപ്പ് എന്നിവ ഉള്ളപ്പോള്‍ വായില്‍ ദുര്‍ഗന്ധം വമിക്കുന്നതായിരിക്കും.
പ്രമേഹം വൃക്കകളുടെ കേട്, പനി, വയറിളക്കം, അമിതമായ രക്തസ്രാവം, ആമാശയവീക്കം എന്നീ അവസ്ഥകളില്‍ മൃഗങ്ങള്‍ മിതമായ ദാഹം പ്രകടിപ്പിക്കുന്നു.
കറവപ്പശുവിന് ദിവസേന കൊടുത്തുവരുന്ന തീറ്റ ബാക്കി വെയ്ക്കുന്നതായാല്‍ അത് ഒരു രോഗത്തിന്റെ മുന്നോടിയായി കണക്കാക്കാം. പരിപൂര്‍ണ്ണമായ വിശപ്പില്ലായ്മയ്ക്കുള്ള കാരണം കഠിന രോഗങ്ങളോ ദാരുണമായ വേദനയോ ആഘാതമോ കൊണ്ടാവാം. അമിതമായ അളവില്‍ തീറ്റ തിന്നുന്നത് വിരയുടെ ശല്യമോ പശുവിന്റെ പ്രത്യേക ശീലമോ മൂലമോ ആയിരിക്കാം. ചില കന്നുകാലികള്‍ മരം, എല്ല്, കടലാസ്, മണ്ണ്, ചാണകം മുതലായ വസ്തുക്കള്‍ തിന്നുന്നു. ഫോസ്ഫറസ്, കോബാള്‍ട്ട്, കറിയുപ്പ് എന്നീ ധാതുക്കളുടെ അപര്യാപ്തത മൂലമാണ് ഇത്.
പശുക്കളുടെ ചാണകം വളരെ അയഞ്ഞ രീതിയില്‍ പുറത്തേക്ക് പോവുന്നത് രോഗലക്ഷണമാണ്. ചാണകത്തില്‍ രക്തവും കഫവുമുണ്ടെങ്കില്‍ അത് അതിസാരത്തിന്റെ ലക്ഷണമാണ്.
പശുവിന്റെ മൂത്രം നല്ലപോലെ തെളിഞ്ഞതാണ്. മൂത്രാശയതതില്‍ നിന്നോ വൃക്കകളില്‍ നിന്നോ രക്തസ്രാവമുണ്ടായാല്‍ മൂത്രത്തിന് ചുവന്ന നിറമായിരിക്കും. ചില രോഗങ്ങളുടെ ഫലമായി രക്താണുക്കള്‍ തകരുകയും ഹീമോഗ്ലോബിന്‍ രക്തരസത്തില്‍ കലരുകയും ചെയ്യുമ്പോള്‍ മൂത്രം കടുംതവിട്ട് നിറമോ കറുപ്പോ ആയിത്തീരുന്നു.
ആരോഗ്യമുള്ളപ്പോള്‍ ശ്വസനം അനായാസകരവും ശബ്ദരഹിതവുമായിരിക്കും. വേദന അനുഭവപ്പെടുന്ന സമയങ്ങളില്‍ ഓരോ ശ്വസനത്തിലും മൃഗം മുരളുകയും ഞരങ്ങുകയും ചെയ്യുന്നു.
പുറമെനിന്നും അണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് പനി. സുഖക്കേടിന്റെ പല ലക്ഷണങ്ങളില്‍ ഒന്നായി ഇതിനേയും കണക്കാക്കാം. പനിയുള്ളപ്പോള്‍ മൃഗത്തിന്റെ മുഞ്ഞി ഉണങ്ങിയിരിക്കും. കൂടുതല്‍ അധ്വാനിക്കുക, ഭയപ്പെടുക, പനിയുണ്ടായിരിക്കുക, ശരീരതതില്‍ പാടുണ്ടായിരിക്കുക എന്നീ അവസരങ്ങളില്‍ നാഡിമിടിപ്പ് കൂടുതലായിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *