
∙ ഒരുകാലത്ത് കുടിയേറ്റ കർഷകന്റെ കരുത്തായിരുന്ന കിഴങ്ങ്
വർഗങ്ങൾ നാണ്യ വിളകൾ വ്യാപകമായതോടെ അപ്രധാനമായി മാറിയിരുന്നു. എന്നാൽ
ഭക്ഷ്യ സുരക്ഷയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം
തിരിഞ്ഞറിഞ്ഞതോടെ കിഴങ്ങ് വിളകളുടെ പ്രസക്തി അനുദിനം ഏറുകയാണ്. നെല്ലും
മരിച്ചീനിയും കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ഭക്ഷ്യവിളകളിൽ ഒന്നാണ്
മധുരക്കിഷങ്ങ്. ചീനിക്കഴങ്ങ്, ചർക്കരക്കിഴങ്ങ് തുടങ്ങിയ പേരുകളിലും ഇത്
അറിയപ്പെടുന്നു. മധുരക്കിഴങ്ങ് ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണ്.
ഒൗഷധ ഗുണം ഏറെയുള്ള ഇലകൾ കറിവെക്കുന്നതിന് ഉപയോഗിക്കാറുണ്ട്. രക്ത
സ്രാവം, നാട വിരബാധ, മുറിവ് ഉണക്കൽ, പ്രമേഹം എന്നിവയ്ക്ക് മധുരക്കിഴങ്ങ്
ചെടി ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ ഇനം പലഹാരങ്ങൾ
ഉണ്ടാക്കാനും ഇല ഉപയോഗിക്കാം. ഇലയും തണ്ടും കിഴങ്ങും കാലിത്തീറ്റ,
കോഴിത്തീറ്റ, മത്സ്യാഹാരം എന്നിവയായും ഉപയോഗിക്കാവുന്നതാണ്.
മധുരക്കിഴങ്ങ് കൊണ്ട് പായസം, ചിപ്സ്, നൂഡിൽസ്, ഉണ്ണിയപ്പെ, ദോശ, പുട്ട്,
പുഴുക്ക്, അച്ചാർ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയും.
കൃഷി രീതി
കടുത്ത മഴ ഇല്ലാത്ത എല്ലാ കാലത്തും മധുരക്കിഴങ്ങ് കൃഷി ചെയ്യാം.
കൊയ്ത്തിന് ശേഷം വയലിൽ ഏരി എടുത്തും നനയ്ക്കാൻ സൗകര്യം ഉണ്ടെങ്കിൽ കര
ഭൂമിയിലും നടാം. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഉത്തമം. ഇഞ്ചി
നടുന്നതിനുള്ള രീതിയിൽ ഒരടി ഉയരത്തിൽ ഏരി എടുത്താണ് മധുരക്കിഴങ്ങ്
നടേണ്ടത്. 7 ഇഞ്ച് നീളത്തിൽ തണ്ട് മുറിച്ചിടുത്ത് ഇല കളയാതെ വേണം നടാൻ.
ചെറിയ കിഴങ്ങ് നട്ടും ആദ്യ തവണ നടുന്ന വള്ളി മുറിച്ച് നട്ടും നടീൽ വസ്തു
സ്വരൂപിക്കാം.
ജൈവവളമാണ് മധുരക്കിഴങ്ങിന് വേണ്ടത്. ഉണങ്ങിയ ചാണകം, എല്ലു പൊടി, വേപ്പിൻ
പിണ്ണാക്ക് എന്നിവ അടിവളമായി ചേർക്കണം. ചെടി നട്ട് 30 ദിവസമാകുന്നതോടെ
ചാണകം വെള്ളത്തിൽ നേർപ്പിച്ച തോതിൽ ഒഴിച്ച് നൽകണം. ആഴ്ചയിൽ ഒരുദിവസം വീതം
ഇത് ചെയ്യാം. മാസത്തിൽ ഒരിക്കൽ ചെടികൾക്ക് മണ്ണിട്ട് കൊടുക്കണം. വിവിധ
ഇനങ്ങൾക്ക് അനുസരിച്ച് വിളവെടുപ്പ് സമയത്തിൽ മാറ്റമുണ്ട്.മധുരക്കിഴങ്ങിൽ
നൂറിലേറെ ഇനങ്ങൾ ഉണ്ട്. ഇപ്പോൾ നല്ല ഡിമാന്റുള്ള കാഞ്ഞങ്ങാട് ലോക്കൽ
100–120 ദിവസത്തിൽ വിളവെടുക്കും. ഏറ്റവും കൂടുതൽ കരോട്ടിൻ അടങ്ങിയ കനക
110–120 ദിവസത്തിൽ വിളവെടുക്കാനാകും. ശ്രീകനക75–85, വർഷ 120–125,
ശ്രീനന്ദിന 100–105 എന്നീ ദിവസ ക്രമത്തിൽ വിളവെടുക്കുന്നതാണ്.
ഒരു ഹെക്ടറിൽ ശരാശരി 15–20 ടൺ വരെ വിളവ് ലഭിക്കും. മാർക്കറ്റിൽ പലപ്പോഴും
മധുരക്കിഴങ്ങിന് 40 രൂപ വിലയുണ്ട്. അതിനാൽ കർഷകർക്ക് മധുരക്കിഴങ്ങ് കൃഷി
വിജയകരമായി നടത്താൻ കഴിയും. ചേന, കപ്പ, ചേമ്പ് തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ
വിളവെടക്കാൻ ഒരു വർഷം കാത്തിരിക്കണം. എന്നാൽ അനുയോജ്യമായ സ്ഥലത്ത് ഒരു
വർഷം 3 വട്ടം മധുരക്കിഴങ്ങ് കൃഷി ചെയ്യാൻ കഴിയും.
കിഴങ്ങ് വിളകളുടെ സംരക്ഷണത്തിനുള്ള ദേസീയ പുരസ്കാരം ലഭിച്ച എളപ്പുപാറ
ഷാജി വർഷങ്ങളായി ലാഭകരമായി മധുരക്കിഴങ്ങ് കൃഷി ചെയ്ത് വരുന്നുണ്ട്.
മാനന്തവാടിയിലെ പച്ചക്കറി കടകളിലാണ് മധുരക്കിഴങ്ങ് വിൽക്കുന്നത്. കേദാരം
ഇല്ലത്തുവയലിലെ കേദാരം ഫാമിൽ 167 ഇനം കിഴങ്ങ് വർഗങ്ങൾ
സംരക്ഷിക്കുന്നുണ്ട്. 15 ഇനം മധുരക്കിഴങ്ങ്, ചേമ്പ്, ചേന, കാച്ചിൽ,
നനകിഴങ്ങ്, ചെറുകിഴങ്ങ്, മുക്കിഴങ്ങ് തുടങ്ങിയവയുടെ വിവിധ ഇനങ്ങൾ
ഇവിടെയുണ്ട്.
Leave a Reply