Tuesday, 21st March 2023

അനിൽ ജേക്കബ് കീച്ചേരിയിൽ

ഒരു വിനോദം എന്നതിലപ്പുറം അലങ്കാര പക്ഷികളുടെ പരിപാലനം ഇന്ന് മികച്ച ലാഭം ലഭിക്കുന്ന ഒരു മാര്‍ഗമാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള പക്ഷികള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. വളരെ കൂടുതല്‍ വാണിജ്യമൂല്യമുള്ള ഇവയെ വളര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷികളെ വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ സൗന്ദര്യമാണ്. ഒപ്പം കണ്ണുകളും കൊക്കും നാസികാസുഷിരവും ഈര്‍പ്പമില്ലാത്തതാണെങ്കില്‍ പക്ഷി ആരോഗ്യമുള്ളതാണെന്ന് ഉറപ്പിക്കാം. ഇവര്‍ സദാ ചലിച്ചുകൊണ്ടിരിക്കും. എന്നതാണ് പ്രത്യേകത. തുല്യവലുപ്പമുള്ല കാല്‍പാദങ്ങള്‍, നഖങ്ങള്‍ എന്നിവ ലക്ഷണമൊത്ത പക്ഷികളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
കൊക്കിന്‍റെ സൗന്ദര്യം അലങ്കാരപ്പക്ഷികളുടെ പ്രധാന ഘടകമാണ്. കടുത്ത നിറങ്ങള്‍ കൗമാരപ്രായക്കാരെയും നരച്ചവ മുതിര്‍ന്ന പക്ഷികളേയും തിരിച്ചറിയാന്‍ സഹായിക്കും. കിളിയെ തിരഞ്ഞെടുക്കുന്ന അതേ ശ്രദ്ധ കൂടൊരുക്കുന്നതിലും വേണം. കൂട്ടിനുള്ളിലെ വൃത്തിയും വായുസഞ്ചാരവും പ്രധാനമാണ് പക്ഷികളുടെ വളര്‍ച്ചയ്ക്ക്. കൂടുകള്‍ നിര്‍മ്മിക്കുമ്പോള്‍ മരക്കാലുകളിലോ കമ്പികളിലോ കൂട് ഉയര്‍ത്തി നിര്‍ത്തണം. അടിഭാഗത്തും വശങ്ങളിലും കട്ടിയുള്ള കമ്പിവലകള്‍ ഉപയോഗിച്ച് സംരക്ഷിക്കാം.
ഉറുമ്പുകളില്‍ നിന്നും പക്ഷികളെ സംരക്ഷിക്കുന്നതിനായി കൂടുകളുടെ കാലുകള്‍ക്കിടയില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ വെയ്ക്കാവുന്നതാണ്. കൂടുകള്‍ക്കുള്ളില്‍ മുട്ടയിടാനുള്ള മണ്‍കലങ്ങളും ഒരുക്കാം, ഒപ്പം പക്ഷികള്‍ക്കിരിക്കാനുള്ള ശിഖരങ്ങളും ഒരുക്കാവുന്നതാണ്.
മുട്ടയിടാനുള്ള മണ്‍കലങ്ങളില്‍ പക്ഷികള്‍ക്ക് ക ഷ്ടിച്ച് കടക്കാനുള്ള വലുപ്പത്തിലുള്ള ദ്വാരങ്ങള്‍ ഇടുക. പക്ഷിയുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ച മുട്ട താഴെ വീണുടയാതിരിക്കാന്‍ ഇത് സഹായിക്കും. കാഷ്ഠം വീണു വൃത്തികേടാവുന്നതിനാല്‍ രാത്രിയില്‍ വെള്ളം കൂടിനുള്ളില്‍ വെയ്ക്കേണ്ട. ചെറിയ രീതിയില്‍ മഞ്ഞള്‍പ്പൊടി കൂടുകളില്‍ വിതറുന്നത് ചെറുകീടങ്ങളില്‍ നിന്നും ഉറുമ്പുകളില്‍ നിന്നും പക്ഷികളെ സംരക്ഷിക്കും.
അലങ്കാരപക്ഷികള്‍ പൊതുവെ അന്നജം കൂടുതലുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. തിന, ഓട്സ്, നുറുക്കിയ ചോളം, കപ്പലണ്ടി, ബീന്‍സ് എന്നിവ പതിവായി നല്‍കാവുന്നതാണ്. ഇതിനു പുറമെ ഔഷധഗുണമുള്ള മല്ലിയില, മുരിങ്ങയില, തുളസിയില, കീഴാര്‍നെല്ലി, കറുക എന്നിവ നല്‍കുന്നത് ആരോഗ്യം ഉറപ്പുവരുത്താന്‍ സഹായിക്കും.
തൂവലുകള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ കരോട്ടിന്‍ അടങ്ങിയ കാരറ്റ് പൊടിച്ച് നല്‍കാവുന്നതാണ്. ഫിന്‍ജസ്, ജാവ എന്നിവയാണ് അലങ്കാരപ്പക്ഷികളിലെ മാംസഭുക്കുകള്‍, ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം ചെറുപ്രാണികളേയും ചീവീടുകളേയുമാണ്.
അലങ്കാര പക്ഷികളില്‍ മിക്കതിനും തീറ്റകള്‍ പരുവപ്പെടുത്താന്‍ പല്ലുകളില്ലാത്തതിനാല്‍ ആ പ്രവൃത്തി രണ്ടാം കുടലിലെ ഗിസാര്‍ഡ് എന്ന അവയവത്തിലെ ചരലുകളും ചെറുതടിച്ചീളുകളുമാണ് നടത്തുന്നത്. ഇതിന് സഹായകരമായ രീതിയില്‍ കക്കത്തോടുകളും കാത്സ്യം അടങ്ങിയ കണവനാക്കുകളും നല്‍കാവുന്നതാണ്.
ഇത് നല്‍കുന്നത് മൂലം കൊക്കുകള്‍ തേയാനും മുട്ടയിടുവാനും സഹായിക്കും. ഇടയ്ക്ക് പക്ഷികളുടെ തൂവല്‍ ചീകിയൊതുക്കുന്നത് നല്ലതാണ.
അലങ്കാരപ്പക്ഷികള്‍ക്ക് ഇഷ്ടപ്പെട്ട ഇണയെ തിരഞ്ഞെടുക്കാന്‍ അനുവദിക്കണം. ഇത് പക്ഷികള്‍ തമ്മില്‍ മത്സരവും ആക്രമവും ഉണ്ടാകുന്നത് ഒഴിവാക്കും. ജനിതക രീതികള്‍ ഉപയോഗിച്ചുള്ള പ്രജനനമാണ് ഇപ്പോള്‍ നിലവില്‍ കൂടുതല്‍ നടക്കുന്നത്. തണുപ്പ് കൂടുതലുള്ള സമയങ്ങളില്‍ ഇന്‍ഫ്രാറെഡ് ബള്‍ബുകള്‍ ഉപയോഗിച്ച് ചൂട് ക്രമീകരിക്കാം. മുട്ടകള്‍ വിരിയിക്കുന്നതിനും ചെറു ഇന്‍ക്യുബേറ്ററുകള്‍ വിപണിയില്‍ ലഭിക്കും.
പക്ഷികളില്‍ സാധാരണ കാണുന്ന പാദവീക്കം കൂടുകളിലെ ചില്ലകളില്‍ നിന്നുള്ള രോഗബാധയാണ്. ഇത് തടയാന്‍ കൂട്ടിലെ ചില്ലകള്‍ മാറ്റിയാല്‍ മതി. ജീവകം എയുടെ കുറവുമൂലം ഉണ്ടാകുന്ന വെള്ളപ്പുണ്ണുരോഗത്തെ പ്രതിരോധിക്കാന്‍ കാരറ്റ് പൊടിച്ച് നല്‍കിയാല്‍ മതി. സിറ്റാക്കോസിസ് രോഗത്തിന്‍റെ ലക്ഷണം കണ്ണുകളില്‍ നിന്നും സ്രവങ്ങള്‍ വരുന്നതാണ്. മനുഷ്യരിലേക്കും ഇവ പകരാം. രോഗം വരുന്നവയെ മാറ്റിപ്പാര്‍പ്പിക്കുകയാണ് വേണ്ടത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *