കേരളത്തില്‍ മാങ്കോസ്റ്റിന്‍ ഫലവൃക്ഷകൃഷിയുടെ ഉത്ഭവസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത പരിയാരം. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ് ഇവിടെ മാങ്കോസ്റ്റിന്‍ കൃഷി ആരംഭിച്ചതെന്നാണ് വാമൊഴി പാരമ്പര്യമായുള്ള അറിവ്. ക്യൂന്‍ ഓഫ് ഫ്രൂട്ട് (ഫലങ്ങളുടെ രാജ്ഞി) എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ മൂത്തേടത്ത് ജേക്കബ് എന്ന ആളാണ് ആദ്യമായി കേരളത്തില്‍ കൃഷിചെയ്തതെന്നാണ് എഴുതപ്പെടാത്ത ചരിത്രം. ശ്രീലങ്കയില്‍ നിന്നാണത്രെ 1903ല്‍ മൂത്തേടന്‍ ജേക്കബ് ആദ്യമായി മാങ്കോസ്റ്റിന്‍ തൈ കൊണ്ടുവന്നത്. അദ്ദേഹംതന്നെ ഈ കൃഷിയെ കേരളത്തില്‍ വ്യാപിപ്പിച്ചു. ജേക്കബിന്‍റെ മകന്‍ വര്‍ഗ്ഗീസും വര്‍ഗ്ഗീസിന്‍റെ മകന്‍ തോംസണും തോംസന്‍റെ മകന്‍ മിഥുനും പരമ്പരാഗതമായി തലമുറകളായി മാങ്കോസ്റ്റിന്‍ കൃഷി പ്രചരിപ്പിക്കുന്നവരാണ്. കൃഷിയുടെ പ്രചരണാര്‍ത്ഥം രണ്ടായിരത്തില്‍ തൃശൂര്‍ ചാലക്കുടി പരിയാരത്ത് ഇവരൊരു മാങ്കോസ്റ്റിന്‍ നേഴ്സറിയും ആരംഭിച്ചു. ട്രോപ്പിക്കല്‍ ക്ലൈമറ്റ് ഉള്ള (മിത ശീതോഷ്ണ കാലാവസ്ഥ) കേരളത്തില്‍ നന്നായി വളരുന്നതാണ് മാങ്കോസ്റ്റിന്‍. മലേഷ്യയിലാണ് മാങ്കോസ്റ്റിന്‍റെ ഉത്ഭവമെന്ന് കരുതുന്നു. കേരളത്തില്‍ തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വയനാട്ടിലും ഏകദേശം നൂറ് വര്‍ഷം പഴക്കമുള്ള മാങ്കോസ്റ്റിന്‍ മരങ്ങള്‍ ഇപ്പോഴും കായ്ഫലം നല്‍കുന്നുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 500 ടണ്ണിലധികം മാങ്കോസ്റ്റിന്‍ ഉല്‍പാദിപ്പിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിന് കൃത്യമായ കണക്കില്ല. കിലോയ്ക്ക് 250 രൂപ മുതല്‍ 500 രൂപവരെ മാങ്കോസ്റ്റിന്‍ പഴത്തിന് വില ലഭിക്കും. മെയ് മൂന്നാം ആഴ്ച കായ്ഫലം തുടങ്ങിയാല്‍ ജൂണില്‍ അവസാനിക്കും. ഏകദേശം ഒന്നരമാസക്കാലം വിളവെടുപ്പ് നടത്താനാകും. പതിനഞ്ചില്‍ താഴെ ഫലങ്ങളുണ്ടായാല്‍ ഒരുകിലോയുണ്ടാകും. നിലത്ത് വീണാല്‍ ചീത്തയായിപ്പോകുമെന്നുള്ളതാണ് ഇതിനുള്ള ഏക ദോഷവശം. അതായത് ഷെല്‍ഫ് ലൈഫ് വളരെ കുറവാണെന്ന് മാത്രം.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തൈകള്‍ നടേണ്ടത്. രണ്ടാം വര്‍ഷ തൈ മുതല്‍ മൂന്നും നാലും വര്‍ഷമാകുന്നതുവരെ തൈകള്‍ നടാം. എട്ടാം വര്‍ഷം കായ്കള്‍ ലഭിച്ചുതുടങ്ങും. ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ഇതുവരെ മാങ്കോസ്റ്റിനില്‍ വിജയിച്ചിട്ടില്ല. അതിനാല്‍ ഫലത്തില്‍ നിന്നുള്ള കുരു മുളപ്പിച്ചാണ് തൈകള്‍ നടുന്നത്. ഇങ്ങനെ നട്ടുണ്ടാക്കുന്ന തൈകള്‍ കൂട്ടില്‍ പാകാതെയാണ് ലഭിക്കുന്നതെങ്കില്‍ പതിനഞ്ച് രൂപമാത്രമാണ് വിലയുള്ളൂ. എന്നാല്‍ കൂടില്‍ പാകിയ ഇലകള്‍ കൂടുതലുള്ള തൈക്ക് അഞ്ഞൂറ് രൂപവരെ വിലയുണ്ട്. ചാണകമാണ് ഏറ്റവും അനുയോജ്യമായ വളം. വലിയതോതില്‍ വളപ്രയോഗം ഇല്ലെങ്കിലും ചെടി നന്നായി വളരും.
മണ്ണിനടിയില്‍ പാറയില്ലാത്ത ഏത് സ്ഥലത്തും മാങ്കോസ്റ്റിന്‍ നന്നായി വളരും. അമേരിക്ക, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷി ധാരാളമായുണ്ട്. മൂത്തേടത്ത് തോംസന്‍റെ കുടുംബം ഏകദേശം അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് മാങ്കോസ്റ്റിന്‍ കൃഷി നടത്തിവരുന്നുണ്ട്. ചാലക്കുടി പരിയാരത്ത് വീടിനടുത്തുള്ള അമ്പത് സെന്‍റ് സ്ഥലത്തും മാങ്കോസ്റ്റിന്‍ കൃഷിയും റമ്പൂട്ടാനും കൃഷിചെയ്തുവരുന്നുണ്ട്. മൂന്നേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന നേഴ്സറി കേരളത്തിലെ ഏറ്റവും വലിയ മാങ്കോസ്റ്റിന്‍ നേഴ്സറിയാണ്.
കൃഷിചെയ്യുന്ന മുഴുവന്‍ സ്ഥലത്തുനിന്നും ലഭിക്കുന്ന പഴങ്ങള്‍ വിത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. നേഴ്സറിയില്‍ തൈകള്‍ക്ക് നല്ല ഡിമാന്‍റുള്ളതിനാല്‍ ഗുണമേന്മയുള്ള തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഫലം പൂര്‍ണമായും ഇവിടെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് തോംസണ്‍ പറഞ്ഞു.
പഴങ്ങളെടുക്കുമ്പോള്‍ മാങ്കോസ്റ്റിന്‍റെ പുറംതോട് പാഴായിപ്പോകുകയായിരുന്നു പതിവ്. ഇതിന് പകരമായി തോടില്‍ നിന്നുള്ള മാങ്കോസ്റ്റിന്‍ ടീ ഉല്‍പാദിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്‍റി ഓക്സിഡന്‍സും സാന്തോണ്‍സും കൂടുതലുള്ള മാങ്കോസ്റ്റിന്‍ ടീ ഇന്ന് കേരളത്തിലും പുറത്തും പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വലിയ വിപണന മൂല്യമുള്ള മാങ്കോസ്റ്റിന്‍ ടീ പൗഡര്‍ സാധാരണക്കാരന് താങ്ങാവുന്നതിലധികം വിലയാണുള്ളത്. മാങ്കോസ്റ്റിന്‍ ടീ പൗഡര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ വിപണനം തുടങ്ങിയതെന്ന് ഈ രംഗത്തെ സംരംഭകനായ മിഥുന്‍ പറഞ്ഞു. വലിയ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഗ്രീന്‍ടീക്ക് ബദലായും മാങ്കോസ്റ്റിന്‍ പഴത്തിന്‍റെ രുചി ആസ്വദിക്കാന്‍ കഴിയുന്നതും ചായപ്രേമികളെ ഇതിലേക്ക് അടുപ്പിക്കുന്നു. നൂറ് ശതമാനം ഓര്‍ഗാനിക്കായ മാങ്കോസ്റ്റന്‍ ടീയില്‍ ശരാശരി അളവിലും കൂടുതലുള്ള ഫൈബര്‍ ദഹനത്തിനും മെറ്റബോളിസം ഉയര്‍ത്തുവാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ശീലമാക്കാവുന്നതാണ്.
സാധാരണ മില്ലില്‍ മാങ്കോസ്റ്റിന്‍ തോട് പൊടിച്ച് ഒരു ശതമാനം ജാതിപത്രി പൊടിയും ചേര്‍ത്ത് ആണ് മാങ്കോസ്റ്റിന്‍ ടീ ഉണ്ടാക്കുന്നത്. ആന്‍റി ഓക്സിഡന്‍സും ആന്‍റി ബാക്ടീരിയല്‍ സ്വഭാവവും കൂടുതലുള്ളതിനാല്‍ ഇതൊരു രോഗപ്രതിരോധ ഔഷധമായും ഉപയോഗിച്ചുവരുന്നു. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ വഴിയും മാങ്കോസ്റ്റിന്‍ ടീ വില്‍പ്പന നടത്തുന്നുണ്ട്.
150 ഗ്രാം മാങ്കോസ്റ്റിന്‍ ടീക്ക് നൂറ് രൂപയാണ് വില. ഇതില്‍നിന്നുള്ള വരുമാനവും ഇപ്പോള്‍ തോംസന്‍റെ കുടുംബത്തിന് ലഭിച്ചുവരുന്നുണ്ട്. ബി.ടെക് ഇലക്ട്രോണിക്സ് ബിരുധദാരിയായ മകന്‍ മിഥുന്‍ ബാംഗ്ലൂരിലെ കമ്പനി ജോലികള്‍ക്കിടയിലും പിതാവിനെ സഹായിച്ചുവരുന്നു. ഭാര്യ കൊച്ചുറാണിയും മുഴുവന്‍ സമയവും നേഴ്സറിയിലും തോട്ടത്തിലുമായി തൈകളുടെ പരിചരണത്തിനുണ്ട്. മാങ്കോസ്റ്റിന്‍ തൈ വാങ്ങാന്‍ മാത്രമല്ല കൃഷിരീതി പഠിക്കാനും ഇന്ന് ധാരാളം പേര്‍ ഇവരുടെ കൃഷിയിടത്തിലും പരിയാരത്തുള്ള എം.എം. നേഴ്സറിയിലും എത്തുന്നു. ഇതോടൊപ്പം റമ്പൂട്ടാന്‍ നേഴ്സറിയും പ്രവര്‍ത്തിക്കുന്നുണ്ട്. മുഴുവന്‍ സമയ കര്‍ഷകരായ മൂത്തേടം കുടുംബം മാങ്കോസ്റ്റിന്‍റെ പ്രചാരകരെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
ഫോണ്‍ നമ്പര്‍ : 9946070908
Thursday, 21st November 2024
Leave a Reply