Tuesday, 19th March 2024
കൽപ്പറ്റ:: 
 കാലവർഷം കാർഷികമേഖലയെ  തകർത്തെറിഞ്ഞപ്പോൾ അതിജീവിച്ച  കർഷകർക്ക് മികച്ച വിലയിൽ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് അവസരമൊരുക്കിയിരിക്കുകയാണ് കൃഷിവകുപ്പ്. വഴിമാറിയ പുഴയും ഉരുൾപൊട്ടിയെത്തിയ  കല്ലുകളും നാശംവിതച്ച കൃഷിയിടങ്ങളിൽ വീണ്ടും കൃഷിയിറക്കുന്നതിനുള്ള ഊർജ്ജം കർഷകർക്ക് പകരുന്നതിനാണ് കൃഷി വകുപ്പിന്റെ ഇത്തരമൊരു വിപണി ഇടപെടലെന്നു  കൃഷിമന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. 
 വയനാട്ടിലെ പ്രളയ ബാധിത പ്രദേശത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പ് സംഭരിച്ച്‌  കോഴിക്കോട് സിവിൽസ്റ്റേഷനിലും മുതലക്കുളം ഗ്രൗണ്ടിലും  തുറക്കുന്ന ന്യായവില വിപണികൾ വഴി വിറ്റഴിക്കുന്നതിന്  തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഗ്രാമീണ മേഖലയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ വളരെ വില കുറച്ചാണ് ഇടനിലക്കാർ വാങ്ങി മൊത്ത വിപണികളിൽ    എത്തിക്കാറുള്ളത്. കർഷകർക്ക് വിളവെടുക്കുന്നതിനും  ഗതാഗതത്തിനും ചെലവാക്കുന്ന തുക പോലും മിക്ക അവസരങ്ങളിലും ലഭിക്കാറില്ല.. ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സർക്കാർ നേരിട്ട് സംഭരിച്ചു  വിൽക്കുന്നതിനു തീരുമാനമെടുത്തിരിക്കുന്നത്. ഗുണമേന്മയുള്ള ഒന്നാം തരം വാഴക്കുലകൾ 26 രൂപ നിരക്കിലും ബാക്കിയുള്ളവ 16 രൂപ നിരക്കിലും സംഭരിക്കുന്നതായിരിക്കും . മറ്റു വിളകളായ  ഇഞ്ചി, ചേന,പച്ചക്കറി തുടങ്ങിയവ വിപണികളിൽ കർഷകർക്ക് ലഭിക്കുന്ന വിലയേക്കാൾ 30% ഉയർന്ന വിലയ്ക്ക് സംഭരണ കേന്ദ്രങ്ങളിൽ എടുക്കുന്നതായിരിക്കുo. 25-8-2019 തീയതി മുതൽ മാനന്തവാടി, പനമരം,  കൽപ്പററ (മുട്ടിൽ), ബത്തേരി ഗ്രാമീണ മാർക്കറ്റ് എന്നിവിടങ്ങളിൽ സംഭരണം ആരംഭിക്കുന്നതായിരിക്കും എന്നും മന്ത്രി അറിയിച്ചു. 
     വയനാട്ടിലെ കർഷകർ അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടുകൂടി സംഭരണ കേന്ദ്രത്തിൽ  ഉൽപ്പന്നങ്ങൾ എത്തിക്കേണ്ടതാണ്. സംഭരിച്ച ഉൽപ്പന്നങ്ങൾ ആഗസ്റ്റ്  26  മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്തും  മുതലക്കുളം ഗ്രൗണ്ടിലും ആരംഭിക്കുന്ന വിൽപ്പന കേന്ദ്രത്തിലൂടെ വിറ്റഴിക്കുന്നതാണ്. പൂർണ്ണമായും സേവന അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ലഭിക്കുന്ന ലാഭം മുഴുവൻ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുവാനാണ് തീരുമാനം. സർക്കാർ ജീവനക്കാർ,  ഹോട്ടലുടമകൾ,  റസിഡൻസ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എല്ലാവരും ഇവിടെ സന്ദർശിച്ച്‌  അതിജീവന പാതയിൽ കർഷകരെ സഹായിക്കുന്നതിനുള്ള  ഒരു അവസരമായി ഇതിനെ കണക്കാക്കണമെന്നും കൃഷിമന്ത്രി അഭ്യർത്ഥിച്ചിരിക്കുകയാണ്. മറ്റുള്ള ജില്ലാകേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള വിപണികൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തുറക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *