Thursday, 8th June 2023
പ്രളയാനന്തര കേരളത്തിന്‍റെ പുന:സൃഷ്ടിക്കായ് സംസ്ഥാനമൊട്ടാകെ ജനകീയപ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.  പ്രാഥമിക മേഖലയായ ഉത്പാദന മേഖലയില്‍ വന്‍ തകര്‍ച്ച നേരിട്ടിട്ടുണ്ടെങ്കിലും ക്രിയാത്മകതയും സമയബന്ധിതവുമായ ഇടപെടലുകളിലൂടെ പുനര്‍ജ്ജനി പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുളള ഒരു മേഖലയാണ് കാര്‍ഷികമേഖല.  കാലാവസ്ഥാ പ്രശ്നങ്ങള്‍ ഇന്നും ഒരു തിരിച്ചടിയായി നില്‍ക്കുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക് പോസിറ്റീവ് ആണെന്നത് ശുഭസൂചനയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ സംഘടിപ്പിച്ച څഅഗ്രിവിഷന്‍ 2020چ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.  
കൃഷിവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന് ത്രിതലപഞ്ചായത്ത് പദ്ധതികള്‍, നീര്‍ത്തട വികസന പദ്ധതികള്‍ എന്നിവയുമായി സംയോജിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  കാലാവസ്ഥ പ്രവചനാതീതമായികൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മുഴുവന്‍ കര്‍ഷകരും വിള ഇന്‍ഷ്വറന്‍സില്‍ പങ്കാളികളാകേണ്ടതാണ്.  100 ദിവസത്തിനുളളില്‍ മുഴുവന്‍ കാര്‍ഷിക വായ്പകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുളള ഒരു ദൗത്യത്തിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചേര്‍ന്ന് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്.  പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും സുതാര്യമാക്കുന്നതിനും എല്ലാ മേധാവികളും ശ്രമിക്കേണ്ടതാണെന്നും മന്ത്രി സൂചിപ്പിച്ചു.  കഴിഞ്ഞ 3 വര്‍ഷങ്ങളിലായി കൃഷിവകുപ്പ് ആരംഭം കുറിച്ച ജനകീയ പദ്ധതികള്‍ വളരെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുളളവയാണ്.  400-ലധികം ആഴ്ചചന്തകള്‍, ജൂണ്‍ മാസത്തില്‍ നടത്തിവരുന്ന കര്‍ഷകസഭകള്‍, ഞാറ്റുവേല ചന്തകള്‍, ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി, മില്ലറ്റ് വില്ലേജ് പദ്ധതി, വൈഗ എന്നിവ കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവിനും സംരംഭകത്വ വികസനത്തിനും വഴിയൊരുക്കിയിട്ടുളളവയാണ്.  വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നെല്‍ ക്കൃഷിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതി, നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കുവാനായി നഴ്സറി ആക്ട്, കയറ്റുമതി അടിസ്ഥാനമാക്കിയുളള കൃഷിപരിപാലനമുറകള്‍ എന്നിവ ഈ വര്‍ഷം മുതല്‍ പുതുതായി ആരംഭിക്കുകയാണ്.  ഡാറ്റാ ബാങ്ക് പരാതിതീര്‍ക്കല്‍, കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ അര്‍ഹരായ കര്‍ഷകരെ ഉള്‍പ്പെടുത്തല്‍ എന്നിവ ഉടനെ തന്നെ നടപ്പിലാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.  ഈ വര്‍ഷത്തെ സംസ്ഥാനതല കര്‍ഷകദിനാഘോഷം കോഴിക്കോട് ജില്ലയിലായിരിക്കും നടത്തുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. 
ശില്പശാലയില്‍ വിവിധ ജില്ലകളില്‍ നിന്നുളള ഉദ്യോഗസ്ഥ പ്രതിനിധികള്‍, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, സാധ്യതകള്‍, എറ്റെടുക്കാവുന്ന പദ്ധതികള്‍ എന്നിവ അവതരിപ്പിക്കുകയുണ്ടായി. ചടങ്ങില്‍ കാര്‍ഷികോത്പദാന കമ്മീഷണര്‍ ദേവേന്ദ്ര കുമാര്‍ സിംഗ് ഐ.എ.എസ് അദ്ധ്യക്ഷനായിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍കര്‍ ഐ.എ.എസ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ ഐ.എഫ്.എസ്, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. 
                                  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *