പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് കര്‍ഷകര്‍ക്ക് തുടരാമെന്നും നാളിതുവരെ സംസ്ഥാനത്താകെ 28.64 ലക്ഷം അപേക്ഷകള്‍ കൃഷിഭവനുകളില്‍ ലഭിക്കുകയും അവ പി.എം.കിസാന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തതായും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ 26 കൃഷിഭവനുകള്‍ വഴി 1,24,258 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവ കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുക വഴി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പദ്ധതിയില്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്ത കര്‍ഷകര്‍ അടിയന്തിരമായി കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. ഇങ്ങനെ നല്‍കുന്ന അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുളള ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 9.31 ലക്ഷം പേര്‍ക്ക് ഇതിനകം ആനുകൂല്യം നല്‍കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 2 ഗഡുക്കളായി 9.12 ലക്ഷം പേര്‍ക്ക് തുക വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ആദ്യ ഗഡുവായി 2,05,322 പേര്‍ക്കും തുക ഇതിനകം നല്‍കിട്ടുണ്ട്. ആകെ 11.37 ലക്ഷം പേര്‍ക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടുളളത്. ബാക്കിയുളള അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ തലങ്ങളിലുളള പരിശോധനയിലാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന 2 ഹെക്ടര്‍ എന്ന ഭൂപരിധി നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. ആയതിനാല്‍, എല്ലാ കര്‍ഷകര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ജൂലൈ 10-ന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അംഗീകരിച്ച അപേക്ഷകര്‍ക്ക് നടപ്പുവര്‍ഷത്തെ ചതുര്‍മാസ ഗഡു ലഭിക്കുന്നതാണ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയപരിധിയില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Leave a Reply